മലപ്പുറം:കരാട്ടെ ക്ലാസിന്‍റെ മറവിൽ ലൈംഗീക പീഡനം നടത്തിയ പോക്സോ കേസ് പ്രതിക്കെതിരെ കാപ്പയും. മലപ്പുറം വാഴക്കാട് സ്വദേശി സിദ്ദിഖ് അലിക്കെതിരെയാണ് ജില്ലാ കളക്ടർ കാപ്പ ചുമത്തിയത്.
പോക്സോ കേസിൽ ജയിലിലാണ് സിദിഖ് അലി. ഇതിനിടയിലാണ് കാപ്പാ കേസ് കൂടി ഇയാൾക്കെതിരെ ചുമത്തിയത്. മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരന്‍റെ റിപ്പോർട്ടിനെ തുടർന്നാണ് കളക്ടർ വി.ആർ.വിനോദ് കാപ്പ ചുമത്തി ഉത്തരവ് ഇറക്കിയത്. സിദ്ദിഖ് അലിയുടെ ലൈംഗീക പീഡനത്തിന് ഒട്ടേറെ പെൺകുട്ടികളായിരുന്നു ഇരകളായത്. ഇയാൾ നടത്തിവന്നിരുന്ന കരാട്ടെ ക്ലാസിന്‍റെ മറവിലായിരുന്നു പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ ലൈംഗീക അതിക്രമത്തിന് ഇരയാക്കിയിരുന്നത്.
ഇയാളുടെ ലൈംഗീക അതിക്രമത്തിന് ഇരയായിരുന്ന വഴക്കാട്ട് സ്വദേശിയായ 17 കാരിയുടെ മൃതദേഹം പുഴയിൽ കണ്ടത്തിയിരുന്നു. ഈ കേസിൽ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് സിദ്ധിഖ് അലിയെ ജയിലിൽ അടച്ചത്. പെൺകുട്ടിയുടെ മരണത്തിൽ ദുരൂഹത ഉണ്ടെന്ന് കുടുംബം ആരോപിച്ചിരുന്നു. സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെയും കുടുംബം സമീപിച്ചിട്ടുണ്ട്. കാപ്പ പ്രകാരം അറസ്റ്റ് ചെയ്ത സിദിഖ് അലിയെ വിയ്യൂർ അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റി.