കണ്ണൂർ: കണ്ണൂരിൽ ചൈൽഡ് വെൽഫെയർ സമിതി അധ്യക്ഷനെതിരെ തന്നെ പോക്സോ കേസ്. ജില്ലാ ചൈൽഡ് വെൽഫെയർ സമിതി അധ്യക്ഷൻ ഇ ഡി ജോസഫിനെതിരായാണ് കേസ്. പെൺകുട്ടി മജിസ്ട്രേറ്റിന് നൽകിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് തലശ്ശേരി പൊലീസ് കേസെടുത്തിരിക്കുന്നത്. ലൈംഗികപീഡനത്തിന് ഇരയായ, 17 വയസ്സുള്ള, കൗൺസിലിംഗിനായി എത്തിയ പെൺകുട്ടിയോട് മോശമായി പെരുമാറിയെന്നാണ് കേസ്. 

കുട്ടികൾക്കെതിരായ പീഡനക്കേസുകൾ പരിഗണിക്കുകയും പ്രശ്നപരിഹാരം നിർദേശിക്കുകയും ചെയ്യേണ്ട ജില്ലാതലത്തിലെ അതോറിറ്റിയാണ് ശിശുക്ഷേമസമിതി. ഒക്ടോബർ 21-ന്  പെൺകുട്ടിയെ കൗൺസിലിംഗിനായി തലശ്ശേരി എരഞ്ഞോളിയിലെ ശിശുക്ഷേമ സമിതിയുടെ ഓഫീസിലെത്തിച്ചിരുന്നു. ഈ സമിതിയ്ക്ക് മുമ്പാകെ കൗൺസിംഗിന് ഹാജരായപ്പോൾ തന്നോട് ഇ ഡി ജോസഫ് മോശമായി പെരുമാറിയെന്നാണ് മജിസ്ട്രേറ്റിനോട് 17 വയസ്സുകാരിയായ പെൺകുട്ടി രഹസ്യമൊഴിയിൽ പറഞ്ഞിരിക്കുന്നത്. കേസ് പരിഗണിക്കുന്നതിനിടെ, ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും പരിഹസിക്കുന്ന ഭാഷയിലാണ് സംസാരിച്ചതെന്നും പെൺകുട്ടി പരാതിയിൽ പറയുന്നു. കണ്ണൂർ കുടിയാൻമല പൊലീസ് സ്റ്റേഷൻ പരിധിയിൽ റജിസ്റ്റർ ചെയ്ത പോക്സോ കേസുമായി ബന്ധപ്പെട്ട് ശിശുക്ഷേമസമിതിയ്ക്ക് മുന്നിൽ കൗൺസിലിംഗിനായാണ് ഈ പെൺകുട്ടി എത്തിയത്. 

എന്നാൽ താൻ പെൺകുട്ടിയോട് മോശമായി പെരുമാറിയിട്ടില്ലെന്നും, വനിതാ കൗൺസിലർമാർ അടക്കമുള്ളവർക്കൊപ്പം ഇരുന്നാണ് പെൺകുട്ടിയോട് സംസാരിച്ചതെന്നും, എന്താണ് സംഭവിച്ചതെന്ന് ചോദിച്ച് മനസ്സിലാക്കുക മാത്രമാണ് ചെയ്തതെന്നുമാണ് ഇ ഡി ജോസഫ് ഏഷ്യാനെറ്റ് ന്യൂസിനോട് വിശദീകരിക്കുന്നത്. 

കേസ് റജിസ്റ്റർ ചെയ്ത കുടിയാൻമല പൊലീസ് സ്റ്റേഷനിൽ നിന്ന് വിവരങ്ങൾ തേടിയെന്നും ചൈൽഡ് വെൽഫെയർ സമിതി അധ്യക്ഷനിൽ നിന്ന് മൊഴിയെടുക്കുമെന്നും തലശ്ശേരി പൊലീസും വ്യക്തമാക്കുന്നു.