മലപ്പുറം: ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത മൂന്ന് പോക്സോ കേസുകളില്‍ ഇരകളായ കുട്ടികളെ പ്രതികളായ രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചത് വിവാദമാകുന്നു. സംരക്ഷണ കേന്ദ്രത്തിൽ നിന്ന് മാറ്റരുതെന്ന പൊലീസ് റിപ്പോർട്ട് നിലനിൽക്കെയാണ് സംഭവം. കുട്ടികളുടെ താൽപര്യംകൂടി പരിഗണിച്ചായിരിക്കാം കോടതിയുടെ തീരുമാനമെന്ന് മലപ്പുറം ശിശുക്ഷേമ സമിതി അധ്യക്ഷന്‍ പറഞ്ഞു. 

മങ്കടക്ക് സമീപം ഏഴും പതിനൊന്നും വയസുള്ള പെൺകുട്ടികൾ  അമ്മയുടെ അറിവോടെ ലൈംഗിക ചൂഷണത്തിന് ഇരയായ കേസ്, അരീക്കോട്ട് പെൺകുട്ടിയെ ബന്ധു പീഡിപ്പിച്ച കേസ്, എടപ്പാളിലെ  തിയറ്ററിൽ ഏഴുവയസുകാരി അമ്മയുടെ സാന്നിധ്യത്തിൽ ലൈംഗിക ചൂഷണത്തിന് ഇരയായ കേസ് എന്നിവയിലാണ് കുട്ടികളെ പ്രതികളായ രക്ഷിതാക്കള്‍ക്കൊപ്പം വിട്ടത്.  

വിചാരണ തുടങ്ങാൻ വൈകുന്ന സാഹചര്യത്തിൽ കർശനമായ വ്യവസ്ഥകളോടെയാണ് കുട്ടികളെ രക്ഷിതാക്കൾക്ക് കൈമാറിയതെന്നും ഇത് കുട്ടികളുടെ താൽപര്യം നിലനിർത്തിയാണെന്നുമാണ് കോടതിയുടെ നീരീക്ഷണം. മൊഴിമാറ്റാനും കേസ് അട്ടിമറിക്കപ്പെടാനും ഇത് കാരണമാവാമെന്ന് മലപ്പുറം സി.ഡബ്യൂ.സി ചെയർമാൻ തന്നെ സമ്മതിക്കുന്നു.

വിവാദമായ ഈ പോക്സോ കേസുകളിൽ അന്വേഷണത്തിന്‍റെ ആദ്യ ഘട്ടത്തിൽ പൊലീസ് അനാസ്ഥ വ്യക്തമായതോടെ ഡി.വൈ.എസ്.പിമാരുടെ നേതൃത്വത്തിൽ വിശദമായ പുനരന്വേഷണത്തിന് സർക്കാർ നിർദേശം നൽകിയിരുന്നു. പ്രതികൾക്കെതിരെ വ്യക്തമായ തെളിവുകളുള്ള കേസുകളാണ് എല്ലാം. കോടതിയെ വേണ്ടരീതിയിൽ കാര്യങ്ങൾ ബോധിപ്പിക്കുന്നതിൽ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർക്ക് ഉൾപ്പെടെ വീഴ്ച പറ്റിയതാണ് ഇത്തരമൊരു സാഹചര്യത്തിലേക്ക് നയിച്ചതെന്നാണ് ആക്ഷേപം.