പോക്‌സോ കേസില്‍ സാക്ഷിപറഞ്ഞ വൈരാഗ്യത്തില്‍ സമീപവാസിയെ വീട്ടുമുറ്റത്തേക്ക് അതിക്രമിച്ചു കയറി കരിങ്കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയെ വടക്കേക്കാട് പോലീസ് അറസ്റ്റു ചെയ്തു
തൃശൂര്‍: പോക്‌സോ കേസില്‍ സാക്ഷിപറഞ്ഞ വൈരാഗ്യത്തില്‍ സമീപവാസിയെ വീട്ടുമുറ്റത്തേക്ക് അതിക്രമിച്ചു കയറി കരിങ്കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയെ വടക്കേക്കാട് പോലീസ് അറസ്റ്റു ചെയ്തു. വടക്കേക്കാട് സ്വദേശി ഷെക്കീര്‍(34) ആണ് അറസ്റ്റിലായത്. ഇയാള്‍ പോക്‌സോ കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതി കൂടിയാണ്. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ വടക്കേക്കാട് നാലാം കല്ലില്‍ വച്ചാണ് സംഭവം നടന്നത്. അക്രമത്തിൽ ലോഹിതാക്ഷ(53) നാണ് ഗുരുതരമായി പരുക്കേറ്റത്.
വടക്കേക്കാട് പോലീസ് സ്റ്റേഷന്‍ റൗഡി ലിസ്റ്റില്‍പെട്ട പ്രതിയുടെ പേരില്‍ വധശ്രമം, പോക്‌സോ, കഞ്ചാവ് തുടങ്ങി 12 ഓളം കേസുകള്‍ നിലവിലുണ്ട്. കുന്നംകുളം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ചാവക്കാട് സബ് ജയിലില്‍ റിമാന്‍ഡ് ചെയ്തു. പ്രതിയെ പിടികൂടിയ സംഘത്തില്‍ വടക്കേക്കാട് പോലീസ് എസ്.ഐ. അബ്ദുല്‍ സലീം, എസ്.സി.പി.ഒ. മാരായ ഹരികുമാര്‍, ജിതിന്‍, സി.പി.ഒ. മാരായ നസല്‍, പ്രതീഷ് എന്നിവരും ഉണ്ടായിരുന്നു.


