Asianet News MalayalamAsianet News Malayalam

വാളയാര്‍ പീഡനകേസ്:CBI യുടെ നിലവിലെ കുറ്റപത്രം പോക്സോ കോടതി തള്ളി, തുടരന്വേഷണത്തിന് ഉത്തരവ്

CBl തന്നെ അന്വേഷിക്കണമെന്ന് പാലക്കാട് പോക്സോ കോടതി, സത്യം തെളിയുമെന്നാണ് പ്രതീക്ഷയെന്ന് പെണ്‍കുട്ടികളുടെ അമ്മ

Pocso court rejects Valayar case report by CBI
Author
Palakkad, First Published Aug 10, 2022, 12:06 PM IST

പാലക്കാട്;വാളയാർ പീഡന കേസിൽ CBI യുടെ  നിലവിലെ കുറ്റപത്രം പോക്സോ കോടതി  തള്ളി. തുടരന്വേഷണത്തിന് പാലക്കാട് പോക്സോ കോടതി ഉത്തരവിട്ടു.സിബിഐ തന്നെ അന്വേഷിക്കണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം.പെണ്‍കുട്ടിയുടെ അമ്മ നില്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ വിധി.പെണ്‍കുട്ടികളുടെ മരണം കൊലപാതകമല്ലെന്ന പോലീസ് കണ്ടെത്തല്‍ ശരിവച്ചുള്ള കുറ്റപത്രമാണ് സിബിഐയും കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്. എന്നാല്‍ ഇത് റദ്ദാക്കണമെന്നും കുട്ടികളുടെ മരണം കൊലപാതകമാണെന്നും അമ്മ കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.ഇത് പരിഗണിച്ചാണ് പോക്സോ കോടതിയുടെ ഉത്തരവ്.സത്യം തെളിയുമെന്നാണ് പ്രതീക്ഷയെന്ന് പെണ്‍കുട്ടികളുടെ അമ്മ പ്രതികരിച്ചു.സത്യസന്ധമായ അന്വേഷണം പുതിയ സംഘം നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു

 

നിരന്തരമായ ശാരീരിക പീഡനത്തെ തുടർന്ന് സഹോദരിമാർ ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസിനു പിന്നാലെ സിബിഐയും കണ്ടെത്തിയത്. എന്നാല്‍ തന്‍റെ  മക്കളെ കൊലപ്പെടുത്തിയതാണെന്നായിരുന്നു പെണ്‍കുട്ടികളുടെ അമ്മയുടെ നിലപാട്.ആദ്യത്തെ പെൺകുട്ടിയുടെ മരണത്തിൽ വലിയ മധു എന്നു വിളിക്കുന്ന മധു, ഷിബു. മധു എനിവർ പ്രതികളാണെന്ന് സിബിഐ കുറ്റപത്രത്തിൽ പറയുന്നു.. രണ്ടാമത്തെ പെൺകുട്ടിയുടെ  മരണത്തിൽ വലിയ മധുവും , പ്രായപൂർത്തിയാകാത്ത ആൺകുട്ടിയും പ്രതികളാണ്. പാലക്കാട് പോക്സോ കോടതിയിലാണ് കുറ്റപത്രം നൽകിയത്. തിരുവനതപുരം സിബിഐ യൂണിറ്റ് ഡിവൈഎസ്പി അനന്തകൃഷ്ണനാണ് റിപ്പോർട്ട് നൽകിയത്. ബലാൽസംഗം, പോക്സോ, ആത്മഹത്യ പ്രേരണ എന്നിവയാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ. ഷിബുവെന്ന പ്രതിക്കെതിരെ എസ് സി/ എസ് ടി വകുപ്പും ചുമത്തിയിട്ടുണ്ട്. 

മൊഴികളുടെയും ശാസ്ത്രീയ പരിശോധനകളുടെയും അടിസ്ഥാനത്തിലാണ് കുട്ടികളെ കൊലപ്പെടുത്തതിയതെന്ന വാദം സിബിഐയും തള്ളിയത്.. കഴിഞ്ഞ മാസം നടത്തിയ ഡമ്മി പരീക്ഷണവും തൂങ്ങിമരണത്തിലേക്കാണ് സിബിഐ സംഘത്തെ എത്തിച്ചത്. എന്നാല്‍ പെണ്‍കുട്ടികളുടെ മരണം കൊലപാതകമാണെന്ന അമ്മയുടെ ഹര്‍ജി പരിഗണിച്ചാണ് പുനരന്വേഷണത്തിന് കോടതി ഉത്തരവിട്ടത്

ആത്മകഥയുമായി വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ; ആറാമതൊരു പ്രതികൂടി ഉണ്ടെന്ന് വെളിപ്പെടുത്തല്‍

വാളയാറിൽ സംഭവിച്ചത്; കേസിന്റെ നാൾവഴി

അട്ടിമറികളേറെക്കണ്ട സമാനതകളില്ലാത്ത കേസാണ് വാളയാറിലെ പെണ്‍കുട്ടികളുടെ മരണം. 2017 ജനുവരി ഏഴിനാണ് അട്ടപ്പള്ളത്തെ വീട്ടില്‍ 13 വയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടുമാസത്തിനിപ്പുറം മാര്‍ച്ച് നാലിന് ഇതേ വീട്ടിൽ അനുജത്തി ഒമ്പത് വയസുകാരിയേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വീടിന്‍റെ ഉത്തരത്തില്‍ ഒമ്പത് വയസ്സുകാരിക്ക് തൂങ്ങാനാവില്ലെന്ന കണ്ടെത്തലോടെയാണ് സംശയം ബലപ്പെടുന്നത്. 13 കാരിയുടെ മരണത്തിലെ ഏക ദൃക്സാക്ഷി കൂടിയായിരുന്നു ഒമ്പതുകാരി. 

മാര്‍ച്ച് ആറിന് അന്നത്തെ എഎസ്പി ജി പൂങ്കുഴലിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് അന്വേഷണമാരംഭിച്ചു. തൊട്ടടുത്ത ദിവസം പൊലീസ് പുറത്തുവിട്ട പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഞെട്ടിക്കുന്നതായിരുന്നു. മരിച്ച കുട്ടികള്‍ പ്രകൃതിവിരുദ്ധ പീഡനത്തിനിരയായിരുന്നു. പിന്നാലെ ആദ്യ കുട്ടിയുടെ മരണം അന്വേഷിച്ച പൊലീസിന് വീഴ്ചയുണ്ടായെന്ന ആരോപണമുയര്‍ന്നു. ഇക്കാര്യത്തിലും അന്വേഷണം തുടങ്ങി. അന്വേഷണ സംഘം പുനസംഘടിപ്പിക്കുകയും ചെയ്തു  പ്രാരംഭ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ വാളയാര്‍ എസ്ഐ പി സി ചാക്കോയെ സംഘത്തില്‍ നിന്ന് ഒഴിവാക്കി. പ്രത്യേക അന്വേഷണ സംഘത്തിന്‍റെ ചുമതല അന്നത്തെ പാലക്കാട് നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി എം ജെ സോജനും നല്‍കി. തൊട്ടുപിന്നാലെ രണ്ടുപേരുടെ അറസ്റ്റുണ്ടായി. 

പാമ്പാംപള്ളം സ്വദേശി വി. മധു, രാജാക്കാട് സ്വദേശി ഷിബു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വാളയാര്‍ എസ്ഐ പി സി ചാക്കോയ്ക്ക് സസ്പന്‍ഷനും ഡിവൈഎസ്പി വാസുദേവന്‍, സിഐ വിപിന്‍ ദാസ് എന്നിവര്‍ക്കെതിരെ വകുപ്പു തല അന്വേഷണത്തിനും ഉത്തരവായി. മാര്‍ച്ച് പത്തിന് രണ്ടു പേരെക്കൂടി അറസ്റ്റ് ചെയ്തു. എം മധു, ചേര്‍ത്തല സ്വദേശി പ്രദീപ് കുമാര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഒരാഴ്ചയ്ക്ക് ശേഷം കേസില്‍ ഒരു പതിനാറുകാരന്‍ കൂടി അറസ്റ്റിലായി. 

കേസന്വേഷണം നടക്കുന്നതിനിടെ പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച പ്രവീണ്‍ എന്ന 29 കാരന്‍ തൂങ്ങിമരിച്ചു. ഒടുവില്‍ ജൂണ്‍ 22 ന് കോടതിയില്‍ പൊലീസ് സമര്‍പ്പിച്ചത് സഹോദരിമാരുടെ മരണം ആത്മഹത്യയെന്ന് രേഖപ്പെടുത്തിയ കുറ്റപത്രം. പതിനാറുകാരന്‍റെ ഒഴികെ മറ്റ് നാല് പ്രതികളുടെ പേരില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിൽ പോക്സോ, ആത്മഹത്യാ പ്രേരണ, പട്ടിക ജാതി പട്ടിക വര്‍ഗ്ഗങ്ങള്‍ക്കെതിരായ അതിക്രമം തുടങ്ങി വകുപ്പുകളാണ് ഉണ്ടായിരുന്നത്. പതിനാറുകാരന്‍റെ വിചാരണ ജുവനൈല്‍ കോടതിയിലേക്കും മാറ്റി. 2019 ഒക്ടോബര്‍ ഒമ്പതിന് കേസിലെ ആദ്യ വിധി. മൂന്നാം പ്രതിയായി ചേര്‍ത്ത ചേര്‍ത്തല സ്വദേശി പ്രദീപ് കുമാറിനെ പാലക്കാട് കോടതി തെളിവുകളുടെ അഭാവത്താല്‍ വെറുതെവിട്ടു. പിന്നാലെ വി മധു, എം മധു, ഷിബു എന്നിവരെയും കോടതി വെറുതെ വിട്ടു. 

വിധി റദ്ദാക്കണമെന്നും പുനര്‍ വിചാരണ വേണമെന്നുമാവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ അമ്മ ഹൈക്കോടതിയെ സമീപിച്ചു. കേസന്വേഷണത്തിലും നടത്തതിപ്പിലും ഗുരുതര വീഴ്ചയുണ്ടായെന്ന ആരോപണത്തെത്തുടര്‍ന്ന് റിട്ടയേഡ് ജില്ലാ ജഡ്ജി പി കെ ഹനീഫയെ സംസ്ഥാന സര്‍ക്കാര്‍ കമ്മീഷനായി വച്ചു 2020 മാര്‍ച്ച് 18 ന് പൊലീസിനും പ്രോസിക്യൂഷനും വീഴ്ചയുണ്ടായെന്ന് ഹനീഫ കമ്മീഷന്‍ കണ്ടെത്തി. അതിനിടെ മൂന്നാം പ്രതി പ്രദീപ് കുമാര്‍ ആത്മഹത്യ ചെയ്തു. ഇക്കൊല്ലം ജനുവരിയില്‍ പ്രതികളെ വെറുതെവിട്ട വിചാരണക്കോടതി വിധി ഹൈക്കോടതി റദ്ദാക്കി. പിന്നാലെ കേസ് സിബിഐയ്ക്ക് വിടുകയും ചെയ്തു

Follow Us:
Download App:
  • android
  • ios