തിരുവനന്തപുരം: കേരളത്തിൽ 28 അതിവേഗ പോക്സോ കോടതികൾക്ക് പ്രവർത്തനം തുടങ്ങാൻ കേന്ദ്രാനുമതി. കേന്ദ്ര സംസ്ഥാന സർക്കാരുകൾ സംയുക്തമായാണ്  പോക്സോ കോടതികൾ സ്ഥാപിക്കുന്നത്. കോടതികൾ തുടങ്ങാൻ ആദ്യഗഡുവായി 6 കോടി 30 ലക്ഷം കേന്ദ്രം അനുവദിച്ചു. എല്ലാ ജില്ലകളിലും അതിവേഗ പോക്സോ കോടതികൾ സ്ഥാപിക്കാനാണ് സർക്കാർ പദ്ധതിയെന്ന് മന്ത്രി കെ കെ ശൈലജ വ്യക്തമാക്കി. മൊത്തം 57കോടതികളാണ് സംസ്ഥാനത്ത് സ്ഥാപിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നത്.

കോടതികള്‍ ബാല സൗഹൃദമാക്കുന്നതിനും കുറ്റവാളികള്‍ക്ക് വേഗത്തില്‍ അര്‍ഹിക്കുന്ന ശിക്ഷ വാങ്ങി നല്‍കുന്നതിനുമാണ് പോക്‌സോ കോടതികള്‍ സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. നിലവില്‍ കുട്ടികള്‍ക്കെതിരെയുള്ള 2497 കേസുകള്‍ അന്വേഷണത്തിലും 9457 കേസുകള്‍ വിചാരണ ഘട്ടത്തിലുമാണ്. ഈയൊരു സാഹചര്യത്തിലാണ് പോക്‌സോ അതിവേഗ കോടതികള്‍ സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുത്തത്.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ കൈകാര്യം ചെയ്യുന്ന തിരുവനന്തപുരത്തും എറണാകുളത്തും കോഴിക്കോടും പ്രവര്‍ത്തിക്കുന്ന അഡിഷണല്‍ ഡിസ്ട്രിക്ട് & സെഷന്‍സ് കോടതികളെ പോക്‌സോ കോടതിയായി ഡെസിഗ്‌നേറ്റ് ചെയ്തിട്ടുണ്ട്. മറ്റ് 11 ജില്ലകളില്‍ ഫസ്റ്റ് അഡീഷണല്‍ ഡിസ്ട്രിക്ട് & സെഷന്‍സ് കോടതികളെ ചില്‍ഡ്രന്‍സ് കോര്‍ട്ടായി നോട്ടിഫൈ ചെയ്തിട്ടുണ്ട്. പോക്‌സോ ആക്ട് സെക്ഷന്‍ 28 അനുസരിച്ച് ഈ കോടതികളെ പോക്‌സോ കേസുകള്‍ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതിയായി കണക്കാക്കിയിട്ടുണ്ട്. 

എറണാകുളത്ത് പ്രവര്‍ത്തിച്ചുവരുന്ന പോക്‌സോ കോടതിയെ ബാലസൗഹൃദ കോടതിയാക്കി മാറ്റുന്നതിന് സാമൂഹ്യ നീതി വകുപ്പ് 72 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയിരുന്നു. പോക്‌സോ കേസുകള്‍ മാത്രം കൈകാര്യം ചെയ്യുന്നതിന് എറണാകുളത്ത് ഒരു പോക്‌സോ കോടതി സ്ഥാപിക്കുന്നതിനും ആഭ്യന്തര വകുപ്പ് അനുമതി നല്‍കിയിരുന്നു. ഈ കോടതിയ്ക്കായി മൂന്ന് തസ്തികകള്‍ സൃഷ്ടിക്കുകയും 10 ജീവനക്കാരെ നിയമിക്കുകയും ചെയ്തിട്ടുണ്ട്.