കുംഭമേള വൈറൽ താരത്തിന്‍റെ വിവാഹത്തിൽ പങ്കെടുത്ത സിപിഎം നേതാക്കൾക്കെതിരെ പോക്സോ, ശൈശവ വിവാഹ നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹത്തിന് കൂട്ടുനിന്നുവെന്ന് ആരോപിച്ചാണ് എം വി ഗോവിന്ദൻ, വി ശിവൻകുട്ടി, എ എ റഹീം എന്നിവർക്കെതിരെ പരാതി നൽകിയിരിക്കുന്നത്.

തിരുവനന്തപുരം: കുംഭമേള വൈറൽ താരത്തിന്‍റെ വിവാഹവുമായി ബന്ധപ്പെട്ട് സിപിഎം നേതാക്കൾക്കെതിരെ പരാതി. പോക്സോ, ശൈശവ വിവാഹ നിരോധന നിയമം എന്നിവ പ്രകാരം കേസെടുക്കണം എന്നാണ് ആവശ്യം. കോൺഗ്രസ് പ്രാദേശിക നേതാവ് വിഘ്‌നേശ്വര പ്രസാദ് ആണ് കുന്നംകുളം പൊലീസിന് പരാതി നൽകിയത്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ , മന്ത്രി വി ശിവൻകുട്ടി , എ എ റഹീം എംപി എന്നിവർക്ക് എതിരെ കേസെടുക്കണം എന്നാണ് ആവശ്യം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിപ്പിക്കാൻ ഇവർ കൂട്ടുനിന്നു എന്നാണ് പരാതി. കുട്ടിക്ക് പ്രായപൂർത്തിയായില്ലെന്ന് കണ്ടെത്തിയതോടെ ഭർത്താവിനെതിരെ നേരത്തെ കേസെടുത്തിരുന്നു. തിരുവനന്തപുരത്ത് നടന്ന വിവാഹത്തിൽ പങ്കെടുത്ത സിപിഎം നേതാക്കൾക്കെതിരെയും കേസ് എടുക്കണമെന്നാണ് ആവശ്യം.

Add Asianetnews as a Preferred SourcegooglePreferred

വൈറൽ താരത്തിന്‍റെ വിവാഹവുമായി ബന്ധപ്പെട്ട് ഭർത്താവിനെതിരെ പോക്സോ കൂടാതെ വ്യാജരേഖ ചമച്ചത് ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തണമെന്ന് പട്ടികജാതി കമ്മീഷൻ നിയമോപദേശകൻ പ്രകാശ് ഉയ്ക്കെ ആവശ്യപ്പെട്ടു. ഈക്കാര്യം വ്യക്തമാക്കി പൊലീസിന് നിർദ്ദേശം നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി.പെണ്‍കുട്ടിയുടെ വിവാഹം നടത്തിയത് വലിയ വീഴ്ച്ചയാണെന്നും വിവാഹം നടത്തി കൊടുത്തവരെയും പ്രതികളാക്കണമെന്നും പട്ടികജാതി കമ്മീഷൻ നിയമോപദേശകനും പറഞ്ഞു. സംഭവത്തിൽ പിന്നിൽ ഗൂഢാലോചനയുണ്ടെന്നും വിവാഹത്തിന് നേതൃത്വം നൽകിയവരെ എല്ലാം പ്രതികളാക്കണമെന്നും പരാതിക്കാരൻ പ്രഥം ദുബൈ പ്രതികരിച്ചു.

അതേസമയം കുംഭമേളയിലെ വൈറൽ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട വിവാദത്തിൽ സിപിഎം നേതാക്കളെ ന്യായീകരിച്ച് ജനറൽ സെക്രട്ടറി എം എ ബേബി രംഗത്തെത്തി. നേതാക്കൾക്ക് സ്വയംവിമർശനം നടത്തേണ്ട ഒന്നും സംഭവിച്ചില്ലെന്ന് എം എ ബേബി പറഞ്ഞു. അഭയം പ്രാപിക്കാൻ കഴിയുന്ന സംസ്ഥാനമാണ് കേരളം. അതുകൊണ്ടാണ് ഇരുവരും കേരളത്തിലെത്തിയത്. മിശ്രവിവാഹങ്ങളെ പിന്തുണക്കുന്നത് സിപിഎമ്മിന്റെ രീതിയാണ്. അപ്പോൾ എല്ലാ സാങ്കേതികത്വവും നോക്കാനാകില്ലെന്ന് എം എ ബേബി പ്രതികരിച്ചു. എന്നാൽ ഇങ്ങനെയും സാങ്കേതികത്വം ഉണ്ടെന്ന് പരിശോധിക്കാൻ ഭാവിയിൽ ഇതു സഹായിക്കും എന്നും ബേബി കൂട്ടിച്ചേർത്തു.