Asianet News MalayalamAsianet News Malayalam

സുല്‍ത്താന്‍ ഗോള്‍ഡില്‍ നിന്ന് വജ്രാഭരണങ്ങള്‍ മോഷ്ടിച്ച കേസ്; മുഖ്യപ്രതിയുടെ സഹോദരന്‍ അറസ്റ്റില്‍

രണ്ടുകോടി 88 ലക്ഷം രൂപയുടെ വജ്രാഭരണങ്ങളാണ് ജ്വല്ലറിയില്‍ നിന്ന് പ്രതി മോഷ്ടിച്ചത്. വജ്രാഭരണങ്ങള്‍ കര്‍ണാടകത്തിലെ വിവിധ ബാങ്കുകളില്‍ പണയം വച്ചതായാണ് മൊഴി.

Police arrested accused for stealing diamond jewelry worth Rs 3 crore from Sultan Gold Jewellery
Author
Kasaragod, First Published Dec 11, 2021, 10:46 PM IST

കാസര്‍കോട്: സുല്‍ത്താന്‍ ഗോള്‍ഡ് ജ്വല്ലറിയില്‍ (Sultan Gold Jewellery) നിന്ന് മൂന്ന് കോടിയോളം രൂപയുടെ വജ്രാഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍.  ജ്വല്ലറിയുടെ ഡയമണ്ട് വിഭാഗം മാനേജറായിരുന്ന ദക്ഷിണ കന്നഡ സ്വദേശി മുഹമ്മദ് ഫാറൂഖിന്‍റെ സഹോദരന്‍ ഇമ്രാന്‍ ഷാഫിയാണ് പിടിയിലായത്. കര്‍ണാടകയില്‍ നിന്നാണ് അറസ്റ്റ്. ഫാറൂഖാണ് കേസില്‍ മുഖ്യ പ്രതി. രണ്ടുകോടി 88 ലക്ഷം രൂപയുടെ വജ്രാഭരണങ്ങളാണ് ജ്വല്ലറിയില്‍ നിന്ന് പ്രതി മോഷ്ടിച്ചത്. വജ്രാഭരണങ്ങള്‍ കര്‍ണാടകത്തിലെ വിവിധ ബാങ്കുകളില്‍ പണയം വച്ചതായാണ് മൊഴി.

ആറ് മാസങ്ങളിലായി ഫാറൂഖ് ജ്വല്ലറിയില്‍ നിന്ന് വജ്രാഭരണങ്ങള്‍ കടത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. നവംബറിലെ ഓഡിറ്റിലാണ് വജ്രാഭരണങ്ങള്‍ നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. കൊവിഡിനെ തുടര്‍ന്നുള്ള അടച്ചിടലില്‍ ജ്വല്ലറിയില്‍ ഓഡിറ്റ് നടക്കാതിരുന്നത് മുതലാക്കിയായിരുന്നു ആഭരണങ്ങള്‍ മോഷ്ടിച്ചത്. ഫാറൂഖ് പല തവണകളായി കൊണ്ട് വന്ന ആഭരണങ്ങള്‍ കര്‍ണാടകത്തിലെ വിവിധ ബാങ്കുകളില്‍ ഇമ്രാന്‍ ഷാഫി പണയം വച്ചതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ ആഭരണങ്ങള്‍ പ്രതിയുമായി പോയി വീണ്ടെടുക്കാനുള്ള നടപടി ക്രമങ്ങളിലാണ് കാസര്‍കോട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം. ജ്വല്ലറിയിലെ വിശ്വസ്തനായ ജീവനക്കാരനാണ് മുഖ്യപ്രതിയായ ഫാറൂഖെന്ന് പൊലിസ് പറഞ്ഞു. ഇത് മുതലാക്കിയായിരുന്നു വജ്രാഭരണങ്ങള്‍ മോഷ്ടിച്ചത്. ഫാറൂഖ് ഇപ്പോഴും ഒളിവിലാണ്. ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

Follow Us:
Download App:
  • android
  • ios