Asianet News MalayalamAsianet News Malayalam

പോളണ്ടില്‍ മലയാളിയെ കുത്തിക്കൊന്ന സംഭവം, 4 ജോർജിയന്‍ പൗരന്മാര്‍ അറസ്റ്റില്‍

ജോർജിയന്‍  പൗരന്മാരുമായുള്ള വാക്കുതർക്കത്തിനിടെയാണ് കുത്തേറ്റ് തൃശ്ശൂര്‍ ഒല്ലൂര്‍ സ്വദേശി സൂരജ് ഇന്നലെ കൊല്ലപ്പെട്ടത്. 

police arrested georgian citizen on malayali murder case
Author
First Published Jan 30, 2023, 9:28 AM IST

പോളണ്ട്: പോളണ്ടിൽ മലയാളിയെ കുത്തിക്കൊന്ന കേസില്‍ നാല് ജോർജിയന്‍ പൗരന്മാര്‍‌ അറസ്റ്റില്‍. അറസ്റ്റ് വിവരം പോളണ്ട് പൊലീസ് ഇന്ത്യൻ എംബസിയെ അറിയിച്ചു. ജോർജിയന്‍ പൗരന്മാരുമായുള്ള വാക്കുതർക്കത്തിനിടെയാണ് കുത്തേറ്റ് തൃശ്ശൂര്‍ ഒല്ലൂര്‍ സ്വദേശി സൂരജ് ഇന്നലെ കൊല്ലപ്പെട്ടത്. 

മലയാളി യുവാക്കളും ജോർജിയന്‍ പൗരന്മാരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും സൂരജ് പിടിച്ചുമാറ്റാന്‍ ശ്രമിക്കുകയുമായിരുന്നു. ഇതിനിടെയാണ് കുത്തേല്‍ക്കുന്നത്. പോളണ്ടിലുള്ള മലയാളികളാണ് ഇന്നലെ രാവിലെ എട്ടേമുക്കാലോടെ ഒല്ലൂരിലെ സൂരജിന്‍റെ  സുഹൃത്തുക്കളെ മരണ വിവരം അറിയിക്കുന്നത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്നായിരുന്നു കൈമാറിയ വിവരം. പിന്നാലെ കുടുംബവും സുഹൃത്തുക്കളും വിദേശ കാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ടു. ഉച്ചയോടെ സംഭവം സ്ഥിരീകരിച്ചതായി ബന്ധുക്കള്‍ അറിയിച്ചു. 

അറയ്ക്കല്‍ വീട്ടില്‍ മുരളീധരന്‍റെയും സന്ധ്യയുടെയും മകനാണ് 23 കാരനായ സൂരജ്. അഞ്ചുമാസം മുമ്പാണ് ഐടിഐ ബിരുദധാരിയായ യുവാവ് പോളന്‍റിലേക്ക് പോയത്. സ്വകാര്യ കമ്പനിയിയില്‍ സൂപ്പര്‍വൈസറായിരുന്നു. ശനിയാഴ്ച്ച വൈകിട്ടാണ് വീട്ടിലേക്ക് അവസാനമായി വിളിച്ചത്. ഇന്നലെ പുലച്ചെ അഞ്ചുമണിവരെ ഓണ്‍ലൈനിലുണ്ടായിരുന്നു. സൂരജിന്‍റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം ബന്ധുക്കള്‍ തുടങ്ങി.  ഒരാഴ്ച മുമ്പ് പാലക്കാട് സ്വദേശി പോളണ്ടില്‍ കുത്തേറ്റ് മരിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് സമാന സാഹചര്യത്തില്‍ സൂരജിനും ജീവന്‍ നഷ്ടമായത്. 
 

Follow Us:
Download App:
  • android
  • ios