പത്തനംതിട്ട: കൊവിഡ് നിരിക്ഷണത്തിലുള്ളവരുടെ ലിസ്റ്റ് സാമൂഹിക മാധ്യമങ്ങളിലൂടെ  പ്രചരിപ്പിച്ച സംഭവത്തില്‍ പത്തനംതിട്ടയില്‍ ഒരാള്‍ അറസ്റ്റില്‍. തെള്ളീയൂർ മൃഗാശുപത്രിയിലെ ലൈവ്സ്റ്റോക് ഇൻസ്പെക്ടറായ കോയിപ്രം സ്വദേശി മായയാണ് അറസ്റ്റിലായത്. പത്തനംതിട്ട പൊലീസാണ് അറസ്റ്റ് ചെയ്‍തത്. തുടർന്ന് ഇവരെ സ്റ്റേഷൻ ജാമ്യത്തില്‍ വിട്ടു.

അതേസമയം  കാസർകോട്ടെ കൊവിഡ് രോഗികളെ വിളിച്ചു വിവരങ്ങൾ ശേഖരിച്ചത് ബെംഗളുരുവിലുള്ള സ്വകാര്യ കമ്പനിയാണെന്ന സൂചന ലഭിച്ചിട്ടുണ്ട്. ഐ കൊന്റൽ സൊല്യൂഷൻസ് എന്ന സ്വകാര്യ കമ്പനിയാണ് രോഗികളെ ഫോണിൽ വിളിച്ചത്. വിവര ശേഖരണ, ഡേറ്റാ ബേസ് എന്നീ മേഖലകൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന കമ്പനിയാണിത്. 

കാസര്‍കോട് കൊവിഡ് രോഗികളുടെ വിവരങ്ങൾ ചോർന്നത് വലിയ വിവാദമായിരുന്നു. കൊവിഡ് രോഗം ഭേദമായവരെ വിളിച്ച് തുടര്‍ ചികിത്സ വേണമെന്നും തങ്ങളുടെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തണമെന്നും ആവശ്യപ്പെട്ട് ചില സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ വിളിക്കുന്നതടക്കമുള്ള വിവരങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസാണ് പുറത്തു കൊണ്ടുവന്നത്.