കോഴിക്കോട്: പകുതി വിലക്ക് പുതിയ തയ്യല്‍മെഷിൻ വാങ്ങി നല്‍കാമെന്ന് പറഞ്ഞു സ്ത്രീകളെ കബളിപ്പിച്ചു പണം തട്ടിയ കേസില്‍ കോഴിക്കോട് ഫറോക്ക് സ്വദേശി സുനില്‍ കുമാര്‍ മലപ്പുറത്ത് അറസ്റ്റിലായി. നൂറുകണക്കിന് സ്ത്രീകളില്‍ നിന്നായി ലക്ഷങ്ങളാണ് സുനില്‍കുമാര്‍ തട്ടിയെടുത്തത്. നിര്‍ധനരായ സ്ത്രീകളാണ് തട്ടിപ്പിനിരയായവരില്‍ ഏറെയും. വീട്ടിലിരുന്ന് ജോലി, ഉയര്‍ന്ന വരുമാനം എന്ന നിലയിലുള്ള പ്രചാരണത്തിലാണ് പണം നല്‍കി സ്ത്രീകള്‍ കൂട്ടത്തോടെ കബളിപ്പിക്കപെട്ടത്. 

ഓരോ പ്രദേശങ്ങളിലും സ്ത്രീകളുടെ കൂട്ടായ്മയുണ്ടാക്കിയാണ് സുനില്‍ കുമാര്‍ പണം തട്ടിയത്. കൂട്ടായ്മയിലെ രണ്ടോ മൂന്നോ സ്ത്രീകള്‍ക്ക് തയ്യല്‍ മിഷൻ ആറായിരം രൂപക്ക് നല്‍കും. ബാക്കി തുക സബ്സിഡിയാണെന്നും അടക്കേണ്ടതില്ലെന്നുമാണ് പറയാറുള്ളത്. ഇതു വഴി വിശ്വാസം ആര്‍ജ്ജിച്ച് കൂടുതല്‍ പേരില്‍ നിന്ന് പണം വാങ്ങും.

ഇത്തരത്തില്‍ മലപ്പുറം ,കോഴിക്കോട്,തൃശ്സൂര്‍ ജില്ലകളിലായി നിരവധി സ്ഥലങ്ങളിലാണ് സുനില്‍ കുമാര്‍ തട്ടിപ്പ് നടത്തിയത്.
പണം നഷ്ടപെട്ട സ്ത്രീകള്‍ കൂട്ടത്തോടെയെത്തി പരാതി നല്‍കിയതോടെയാണ് മലപ്പുറം പൊലീസ് കേസില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയത്. ഇതോടെയാണ് സുനില്‍ കുമാര്‍ അറസ്റ്റിലായത്.