എംടി സ്പേസ് ബാഷ്പീകൃതയുടെ ആറാം വിരൽ എന്ന പുസ്തകമാണ് പിൻവലിക്കണമെന്ന ആവശ്യവുമായി കുടുംബം രം​ഗത്തെത്തിയിരിക്കുന്നത്. ദീദി ദാമോദരനും എച്ച്മുക്കുട്ടിയും ചേർന്നാണ് പുസ്തകം രചിച്ചിരിക്കുന്നത്.

കോഴിക്കോട്: സാഹിത്യകാരനായ എംടി വാസുദേവൻ നായരുടെ ആദ്യ ഭാര്യ പ്രമീള നായരെക്കുറിച്ചുള്ള പുസ്തകം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മകൾ അശ്വതി. പുസ്തകത്തിൽ ഉള്ളത് വസ്തുതാ വിരുദ്ധമായ കാര്യങ്ങ‌ളാണെന്നും അച്ഛനെക്കുറിച്ച് പറയുന്നത് കുടുംബത്തെ ബാധിക്കുമെന്നും അശ്വതി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. തന്നോടും സഹോദരി സിതാരയോടും അഭിപ്രായം ചോദിച്ചിട്ടില്ല. പുസ്തകം പിൻവലിച്ചില്ലെങ്കിൽ നിയമപരമായ വഴികൾ തേടുമെന്നും അശ്വതി കൂട്ടിച്ചേർത്തു. ‘എംടി സ്പേസ് ബാഷ്പീകൃതയുടെ ആറാം വിരൽ’ എന്ന പുസ്തകമാണ് പിൻവലിക്കണമെന്ന ആവശ്യവുമായി കുടുംബം രം​ഗത്തെത്തിയിരിക്കുന്നത്. ദീദി ദാമോദരനും എച്ച്മുക്കുട്ടിയും ചേർന്നാണ് പുസ്തകം രചിച്ചിരിക്കുന്നത്.

കുടുംബത്തിന്റെ അനുമതിയില്ലാതെ എഴുതിയ പുസ്തകം എംടിയെ അപകീർത്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതാണെന്ന് മക്കളായ സിതാരയും അശ്വതിയും പ്രതികരിച്ചിരുന്നു. പ്രശസ്തിക്കും പണത്തിനും വേണ്ടി എംടിയെ തേജോവധം ചെയ്യുന്നത് അംഗീകരിക്കാൻ ആവില്ലെന്നും മക്കൾ പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു. പുസ്തകം ഉടൻ പിൻവലിച്ചില്ലെങ്കിൽ മറ്റു നടപടികളിലേക്ക് നീങ്ങുമെന്ന് അശ്വതിയും സിതാരയും അറിയിച്ചു.