വ്യാഴാഴ്ച്ച രാത്രി കുട്ടിയെ മുഹമ്മദ് ഷിഹാദ് ചവിട്ടുന്നതിന് തൊട്ടു മുൻപ് വഴിയാത്രക്കാരനായ മഹമൂദ് കുഞ്ഞിന്‍റെ തലയ്ക്കടിക്കുന്ന ദൃശ്യങ്ങളാണ് ഇന്ന് പുറത്ത് വന്നത്.

കണ്ണൂർ: തലശേരിയിൽ കാറില്‍ ചാരി നിന്നതിന് ആക്രമിക്കപ്പെട്ട ആറുവയസുകാരനെ ആദ്യം അടിച്ചയാളെ അറസ്റ്റ് ചെയ്തു. മുഴപ്പിലങ്ങാട് സ്വദേശി മഹമൂദിനെയാണ് തലശേരി പൊലീസ് അറസ്റ്റ് ചെയ്‍തത്. കുട്ടിയെ മുഹമ്മദ് ഷിഹാദ് ചവിട്ടുന്നതിന് തൊട്ടുമുൻപ് വഴിയാത്രക്കാരനായ മഹമൂദ് കുഞ്ഞിന്‍റെ തലയ്ക്കടിച്ചിരുന്നു. ഇതിന്‍റെ ദൃശ്യങ്ങള്‍ ഇന്ന് പുറത്തുവന്നിരുന്നു. കാറിന്‍റെ വാതിലിനോട് ചേർന്ന് നിൽക്കുന്ന കുട്ടിയുടെ തലയ്ക്ക് ഇയാള്‍ അടിക്കുന്നതും പിന്നീട് അവിടുന്ന് മാറ്റി നിർത്തുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.

എന്നാല്‍ താൻ കുട്ടിയെ ഉപദ്രവിച്ചിട്ടില്ലെന്നും അവിടെ നിന്ന് മാറ്റിനിര്‍ത്തുകയാണ് ചെയ്തതെന്നുമാണ് മഹമൂദ് പൊലീസിനോട് പറഞ്ഞത്. ഭിക്ഷ ചോദിച്ചപ്പോൾ പൈസ കൊടുത്തുവെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു. ഉപദ്രവിച്ചിട്ടില്ലെന്ന് കുട്ടിയും പൊലീസിന് മൊഴി നൽകി. ഇതോടെ രാവിലെ കസ്റ്റഡിയിലെടുത്ത മഹമൂദിനെ പൊലീസ് വിട്ടയച്ചു. എന്നാൽ മഹമൂദ് തലയ്ക്ക് അടിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമായതിനാല്‍ ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ രാത്രിയോടെ അറസ്റ്റ് ചെയ്യുകയായിരുന്നു.

മഹമൂദ് കുട്ടിയെ തലയ്ക്കടിച്ചതിന് ശേഷവും കുട്ടി കാറിന് തൊട്ടടുത്ത് തന്നെ നിൽക്കുകയായിരുന്നു. പിന്നീട് കാറിൽ നിന്നും പുറത്തിറങ്ങിയ മുഹമ്മദ് ഷിഹാദ് കുട്ടിയുടെ തലയ്ക്ക് ആദ്യം അടിച്ചു. പിന്നീടാണ് കാലുകൊണ്ട് ചവിട്ടുന്നത്. ഇക്കാര്യം റിമാന്‍റ് റിപ്പോർട്ടിലും ഉണ്ട്. സിപിഎം ഉന്നതന്‍റെ സ്വാധീനത്താലാണ് നേരത്തെ കസ്റ്റഡിയിലെടുത്ത ഷിഹാദിനെ പൊലീസ് വിട്ടയച്ചതെന്ന് കോൺഗ്രസ് ആരോപിച്ചു.

അതേസമയം കുട്ടിയെ ആക്രമിച്ച കേസന്വേഷണം ജില്ലാക്രൈംബ്രാഞ്ച് ഏറ്റെടുത്തു. തലശ്ശേരി പൊലീസിനെതിരെ ആരോപണം ഉയർന്നതോടെയാണ് കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയത്. ജില്ലാ ക്രൈംബ്രാഞ്ച് എസി പി, എ വി ബാബുവിനാണ് അന്വേഷണ ചുമതല. ആശുപത്രിയിൽ കഴിയുന്ന കുഞ്ഞിന് ഇന്ന് കൗൺസിലിംഗ് നൽകി. കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണ്.