നിർത്തിയിട്ട കാറിൽ ചാരിനിന്നതിനാണ് ബാലനെ നടുവിന് ചവിട്ടിയത്. പരിക്കേറ്റ അന്യസംസ്ഥാനക്കാരനായ കുട്ടിക്കൊപ്പം നിൽക്കാതെ അക്രമിയായ ശിഹാബിനെ സംരക്ഷിക്കാനാണ് പൊലീസ് ശ്രമിച്ചതെന്ന് കെ സുരേന്ദ്രന്‍.
തിരുവനന്തപുരം: തലശ്ശേരിയിൽ രാജസ്ഥാൻ സ്വദേശിയായ ആറുവയസ്കാരൻ ബാലനെ ക്രൂരമായി അക്രമിച്ച ക്രിമിനലിനെ പൊലീസ് രക്ഷിക്കാൻ ശ്രമിച്ചത് കേരളത്തിന് നാണക്കേടാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. പിണറായി ഭരണത്തിൽ കേരളം പിശാചിൻ്റെ സ്വന്തം നാടായി മാറി. നിർത്തിയിട്ട കാറിൽ ചാരിനിന്നതിനാണ് ശിഹാബ് എന്ന ക്രിമിനൽ ബാലനെ നടുവിന് ചവിട്ടിയത്. ആക്രമണത്തിൽ നടുവിന് പരിക്കേറ്റ അന്യസംസ്ഥാനക്കാരനായ കുട്ടിക്കൊപ്പം നിൽക്കാതെ ശിഹാബിനെ സംരക്ഷിക്കാനാണ് പൊലീസ് ശ്രമിച്ചത്. അക്രമിക്കെതിരെ കേസെടുക്കാതിരിക്കുകയും കുട്ടിയെ ആശുപത്രിയിൽ എത്തിക്കാതിരിക്കുകയും ചെയ്ത പൊലീസ് ഗുരുതരമായ കൃത്യവിലോപമാണ് നടത്തിയത്. ക്രിമിനലുകളെ സംരക്ഷിച്ച പൊലീസ് ഉദ്യോഗസ്ഥൻമാർക്കെതിരെ കർശന നടപടിയെടുക്കണം. ബാലാവകാശ കമ്മീഷൻ സിപിഎം നേതാക്കളുടെ കുട്ടികൾക്ക് വേണ്ടി മാത്രം ഇടപെട്ടാൽ പോര, തലശ്ശേരി വിഷയത്തിൽ നടപടിയെടുക്കണം. സംസ്ഥാനത്ത് നിന്നും ഓരോ ദിവസവും വരുന്ന വാർത്തകൾ മനുഷ്യത്വമുള്ളവരെ മുഴുവൻ ഞെട്ടിക്കുന്നതാണ്. ആഭ്യന്തരവകുപ്പ് പൂർണമായും പരാജയപ്പെട്ടതാണ് ഈ ദുരവസ്ഥയ്ക്ക് കാരണമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

കാറില്‍ ചാരിനിന്നതിന് ആറ് വയസുകാരനെ ചവിട്ടിയ സംഭവം കര്‍ശന നടപടി: മന്ത്രി വീണാ ജോര്‍ജ്
കണ്ണൂര്‍ തലശേരിയില്‍ കാറില്‍ ചാരിനിന്നതിന് ആറ് വയസുകാരനെ ചിവിട്ടി തെറിപ്പിച്ച സംഭവത്തില്‍ അന്വേഷിച്ച് കര്‍ശന നടപടി സ്വീകരിക്കാന്‍ ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വനിത ശിശു വികസന വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. കുട്ടിയോട് കാട്ടിയത് ക്രൂരവും മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതുമാണ്. അങ്ങേയറ്റം പ്രതിഷേധാര്‍ഹവുമാണ്. കുഞ്ഞിനും കുടുംബത്തിനും നിയമസഹായം ഉള്‍പ്പെടെയുള്ള പിന്തുണ വനിത ശിശുവികസന വകുപ്പ് നല്‍കുമെന്നും മന്ത്രി പറഞ്ഞു.
രാജസ്ഥാന്‍ സ്വദേശിയായ കുട്ടിയാണ് അക്രമിക്കപ്പെട്ടത്. കുട്ടിക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ആവശ്യമായ ചികിത്സ ഉറപ്പാക്കും. ചവിട്ടേറ്റത് എന്തിനാണെന്ന് പോലും മനസിലാക്കാനാകാതെ പകച്ചു നില്‍ക്കുന്ന കുഞ്ഞിനെയാണ് പുറത്ത് വന്ന സിസിടിവി ദൃശ്യങ്ങളില്‍ കാണാന്‍ കഴിയുന്നത്. ഉപജീവനത്തിന് മാര്‍ഗം തേടിയെത്തിയതാണ് ആ കുടുംബം.
