മലപ്പുറം:  താനൂരിലെ മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍റെ കൊലപാതകത്തില്‍ ഒരാള്‍കൂടി പിടിയില്‍. അഞ്ചുടി സ്വദേശി ത്വാഹയാണ് പിടിയിലായത്. ഇതോടെ നാലംഗ കൊലയാളി സംഘത്തിലെ മൂന്നുപേർ പിടിയിലായി. മുഫീസ്, അഞ്ചുടി സ്വദേശി മഷ്ഹൂദ് എന്നിവരാണ് നേരത്തെ പിടിയിലായത്. കൊല്ലപ്പെട്ട മുസ്ലിം ലീഗ് പ്രവർത്തകൻ ഇസ്‌ഹാക്കിന്‍റെ അയൽവാസികളാണ് പ്രതികളായ നാലുപേരും. കേസുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയില്‍ എടുത്ത അഞ്ചുപേരില്‍ നിന്നാണ് പ്രതികളെക്കുറിച്ച് വിവരം ലഭിച്ചത്.

ഇന്നലെ രാത്രിയാണ് അഞ്ചുടി സ്വദേശിയും മുസ്ലീം ലീഗ് പ്രവർത്തകനുമായ ഇസ്ഹാഖിനെ നാലംഗ സംഘം വെട്ടിക്കൊന്നത്. കൊലപാതകം രാഷ്ട്രീയ പ്രേരിതമാണെന്ന നിഗമനത്തിലാണ് പൊലീസ്. വീട്ടിൽ നിന്നും കവലയിലേക്ക് വരുന്നതിനിടെ രാത്രി ഏഴരയോടെയാണ് അഞ്ചുടിയിൽ വച്ച് ഇസ്ഹാഖിന് നേരെ ആക്രമണമുണ്ടായത്.  വെട്ടേറ്റ് ഗുരുതരാവസ്ഥയിലായ ഇസ്ഹാഖിനെ തിരൂർ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

കൊലപാതത്തിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്നാണ് മുസ്ലീം ലീഗിന്‍റെ ആരോപണം. പി ജയരാജൻ താനൂരിലെത്തി ദിവസങ്ങള്‍ക്കുള്ളിലാണ് കൊലപാതകം നടന്നത്. ജയരാജൻ വന്ന് പോയതിന് പിന്നാലെ പ്രതികള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ കൊലപാതകത്തിന്‍റെ സൂചന നല്‍കിയിരുന്നെന്നും മുസ്ലീം ലീഗ് ആരോപിച്ചു. പി ജയരാജനും പ്രതികളും ഒന്നിച്ചുള്ള ചിത്രങ്ങള്‍ ഗൂഡാലോചന വ്യക്തമാക്കുന്നുവെന്നും യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് മലപ്പുറത്ത് പറഞ്ഞു.

കൊല്ലപ്പെട്ട ഇസ്ഹാഖിന്‍റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പോസ്റ്റുമോര്‍ട്ടത്തിനുശേഷം വൻ ജനാവാലിയുടെ നേതൃത്വത്തില്‍ അഞ്ചുടി ജുമാമസ്ജിദ് കബര്‍സ്ഥാനില്‍ കബറടക്കി. കൊലപാതകത്തില്‍ പ്രതിഷേധിച്ച് മലപ്പുറം ജില്ലയിലെ തീരദേശമേഖലയില്‍ യുഡിഎഫ് പ്രഖ്യാപിച്ച ഹര്‍ത്താര്‍  പൂര്‍ണ്ണമായിരുന്നു. അതേസമയം കൊലപാതകത്തെ തള്ളിപ്പറയുന്നതായും പ്രതികള്‍ക്ക് പാര്‍ട്ടിയുമായി ബന്ധമുണ്ടെങ്കില്‍ നടപടിയെടുക്കുമെന്നും സിപിഎം നേതൃത്വം അറിയിച്ചു.