Asianet News MalayalamAsianet News Malayalam

ഇടുക്കിയില്‍ വൃദ്ധയെ ഡീസലൊഴിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമം; പഞ്ചായത്തംഗവും കൂട്ടാളിയും അറസ്റ്റിൽ

തൂക്കുപാലം പ്രകാശ് ഗ്രാം സ്വദേശി ശശിധരൻ പിള്ളയുടെ ഭാര്യ തങ്കമണിക്ക് നേരെയാണ് പഞ്ചായത്തംഗത്തിന്റെയും കൂട്ടാളികളുടെയും അതിക്രമം ഉണ്ടായത്. പലചരക്ക് കട നടത്തുന്ന ശശിധരൻ പിള്ളയെ ലക്ഷ്യമിട്ടെത്തിയ സംഘം ആ സമയത്ത് കടയിലുണ്ടായിരുന്ന തങ്കമണിയെ ആക്രമിക്കുകയായിരുന്നു. 

police arrested panchayat member for attempting to kill woman in idukki
Author
Idukki, First Published Jul 8, 2021, 7:00 PM IST

ഇടുക്കി: തൂക്കുപാലത്ത് വൃദ്ധയെ ഡീസൽ ഒഴിച്ച് തീകൊളുത്താൻ ശ്രമിച്ച സംഭവത്തിൽ പഞ്ചായത്തംഗവും കൂട്ടാളിയും അറസ്റ്റിൽ. നെടുങ്കണ്ടം പഞ്ചായത്തംഗം അജീഷും കൂട്ടാളി വിജയനുമാണ് അറസ്റ്റിലായത്. സംഭവം വിവാദമായതോടെ സിപിഐ ഉടുമ്പൻചോല മണ്ഡലം കമ്മിറ്റി അംഗം കൂടിയായ അജീഷിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തതായി ജില്ലാ സെക്രട്ടറി കെ കെ ശിവരാമൻ അറിയിച്ചു. 

തൂക്കുപാലം പ്രകാശ് ഗ്രാം സ്വദേശി ശശിധരൻ പിള്ളയുടെ ഭാര്യ തങ്കമണിക്ക് നേരെയാണ് പഞ്ചായത്ത്   അംഗത്തിന്‍റെയും കൂട്ടാളികളുടെയും അതിക്രമം ഉണ്ടായത്. പലചരക്ക് കട നടത്തുന്ന ശശിധരൻ പിള്ളയെ ലക്ഷ്യമിട്ടെത്തിയ സംഘം ആ സമയത്ത് കടയിലുണ്ടായിരുന്ന തങ്കമണിയെ ആക്രമിക്കുകയായിരുന്നു. തങ്കമണിയെ ക്രൂരമായി മർദ്ദിച്ച സംഘം ഡീസലൊഴിച്ച് തീകൊളുത്തി കൊല്ലാനും ശ്രമിച്ചു. ഓടി മാറിയത് കൊണ്ടുമാത്രമാണ് തങ്കമണി രക്ഷപ്പെട്ടത്. 

തുടർന്ന് അക്രമികൾ കട അടിച്ചുതകർക്കുകയും സാധനങ്ങൾ വലിച്ചിട്ട് കത്തിക്കുകയും ചെയ്തു. ശശിധരൻ പിള്ളയോടുള്ള മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. കുറച്ച് ദിവസം മുമ്പ് അജീഷിന്‍റെ സുഹൃത്ത് ബിജു കടയിലിരുന്ന് മറ്റാരാളോട് വഴക്കിട്ടിരുന്നു. തന്‍റെ കടയിൽ വച്ച് അടികൂടാൻ പറ്റില്ലെന്ന് പറഞ്ഞതോടെ പിന്നെ ശശിധരൻ പിള്ളയുടെ നേർക്കായി ബിജുവിന്‍റെ പരാക്രമം. മർദ്ദനമേറ്റ ശശിധരൻ പിള്ള പൊലീസിൽ പരാതി നൽകി. ഇതിന്‍റെ വൈരാഗ്യത്തിലാണ് ബിജുവും അജീഷും കടയിലെത്തി അക്രമം കാട്ടിയത്.

മർദ്ദനമേറ്റ തങ്കമണി തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അജീഷിനെയും വിജയനെയും നാളെ കോടതിയിൽ ഹാജരാക്കും. വധശ്രമം,വീടുകയറി അതിക്രമം തുടങ്ങിയ കുറ്റങ്ങളാണ് സിപിഐ ഉടുമ്പൻചോല നിയോജകമണ്ഡലം കമ്മിറ്റിയംഗവും എഐവൈഎഫ് ജില്ലാ വൈസ്പ്രസിഡന്‍റ് കൂടിയായ അജീഷിനെതിരെ ചുമത്തിയിട്ടുള്ളത്. സംഭവശേഷം ഒളിവിൽ പോയ മറ്റൊരു പ്രതിയായ ബിജുവിനായി അന്വേഷണം തുടരുകയാണെന്നും നെടുങ്കണ്ടം പൊലീസ് പറഞ്ഞു.
 

Follow Us:
Download App:
  • android
  • ios