Asianet News MalayalamAsianet News Malayalam

പത്തനംതിട്ടയിൽ കൊറിയര്‍ വഴി എംഡിഎംഎ കടത്തിയ യുവാക്കളെ പൊലീസ് പിടികൂടി

നഗരത്തിൽ പ്രവർത്തിക്കുന്ന കൊറിയ‍ർ സർവീസ് വഴിയാണ് 4.5 ഗ്രാം രാസലഹരി എക്സ്റ്റൻഷൻ ബോർഡിനുള്ളിൽ ഒളിപ്പിച്ച് പ്രതികളിലൊരാളായ നിഖിലിന്റെ അഡ്രസിലേക്ക് അയച്ചത്.

police arrested youth who smuggled MDMA via courier
Author
First Published Dec 23, 2022, 8:26 PM IST

പത്തനംതിട്ട:  പത്തനംതിട്ടയിൽ കൊറിയർ വഴി രാസ ലഹരികടത്തിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ . അഴൂർ സ്വദേശികളായ നിഖിൽ , അഭിജിത്ത് എന്നിവരാണ് പിടിയിലായത്. പ്രതികൾ വിൽപ്പന നടത്താനാണ് രാസലഹരി എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. 

നഗരത്തിൽ പ്രവർത്തിക്കുന്ന കൊറിയ‍ർ സർവീസ് വഴിയാണ് 4.5 ഗ്രാം രാസലഹരി എക്സ്റ്റൻഷൻ ബോർഡിനുള്ളിൽ ഒളിപ്പിച്ച് പ്രതികളിലൊരാളായ നിഖിലിന്റെ അഡ്രസിലേക്ക് അയച്ചത്. ബെംഗ്ലരൂവിൽ നിന്നാണ് കൊറിയർ എത്തിയത്. പിടിയിലായ നിഖിലിനെയും അഭിജിത്തിനേയും കേന്ദ്രീകരിച്ച് രാസലഹരി ഇടപാട് നടക്കുന്നുണ്ടെന്ന വിവരം പൊലീസിന് നേരത്തെ തന്നെ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇരുവരുടേയും പേരിലുള്ള കൊറിയർ ഇടപാടുകളും നിരീക്ഷണത്തിലായിരുന്നു. 

ഇന്ന് വൈകീട്ട് നാല് മണിയോടെ കെ കെ നായർ സ്റ്റേഡിയത്തിന് സമീപത്തുള്ള കൊറിയർ സർവീസിന്റെ ഓഫീസിൽ പ്രതികൾ ഇരുവരുമെത്തി. ഇരുനില കെട്ടിടത്തിന്റെ രണ്ടാം നിലയിലെ കൊറിയർ ഓഫീസിൽ നിന്ന് അഭിജിത്ത് പാഴ്സൽ വാങ്ങാൻ കയറി. ഈ സമയം നിഖിൽ താഴെ ബൈക്കിൽ നിന്നു. ഇരുവരുടെയും ഫോൺ കോളുകൾ നീരിക്ഷിച്ചിരുന്ന പൊലീസ് സംഘം നേരത്തെ തന്നെ സമീപ പ്രദേശങ്ങളിൽ നിലയുറപ്പിച്ചിരുന്നു. കടയിൽ നിന്നും അഭിജിത്ത് കൊറിയർ വാങ്ങി ഇറങ്ങിയ ഉടൻ പൊലീസ് രണ്ട് പേരേയും പിടികൂടുകയായിരുന്നു. 

പാഴ്സൽ വന്ന കവർ പൊട്ടിച്ച് പരിശോധിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ എക്സ്റ്റൻഷൻ ബോർഡിൽ നിന്ന് രാസലഹരി കണ്ടെത്തി. തുടര്‍ന്ന് എക്സൈസ് സംഘത്തെ വിളിച്ചുവരുത്തി ലഹരി പദാർത്ഥം പരിശോധിച്ച് എംഡിഎംഎ ഐണെന്ന് ഉറപ്പ് വരുത്തി. പത്തനംതിട്ട ഡിവൈഎസ്പി എസ് നന്ദകുമാറിന്റെയും നാർക്കേട്ടിക് ഡിവൈഎസ്പി കെ എ വിദ്യാധരന്റെയും നേതൃത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികൾ രാസലഹരി എത്തിച്ചു നൽകുന്ന സംഘത്തെ കണ്ടെത്താനുള്ള അന്വേഷണവും തുടങ്ങി

Follow Us:
Download App:
  • android
  • ios