എഴുകോൺ സ്വദേശികളെയാണ് സിഐയുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം ഭീഷണിപ്പെടുത്തിയത്. ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

തിരുവനന്തപുരം: ഹൈക്കോടതി അറസ്റ്റ് തടഞ്ഞിട്ടും കുടംബതർക്കത്തിൽ ദമ്പതികളെ രാത്രിയില്‍ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തി പൊലീസ്. എഴുകോൺ സ്വദേശികളെയാണ് സിഐയുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം ഭീഷണിപ്പെടുത്തിയത്. ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. അതിക്രമത്തിനെതിരെ മൂന്ന് തവണ റൂറല്‍ എസ്പിക്ക് പരാതി നല്‍കിയിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് ദമ്പതികള്‍ പറയുന്നത്.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച കരസേനാ ഉദ്യോഗസ്ഥനായിരുന്ന ഉദയനും ഭാര്യ സിമിക്കും പൊലീസില്‍ നിന്ന് ദുരനുഭവമുണ്ടായത്. സിമിയുടെ സഹോദരനുമായി ബന്ധപ്പെട്ട ഒരു കേസില്‍ ഹൈക്കോടതി സിമിയുടേയും ഉദയന്‍റേയും അറസ്റ്റ് തടഞ്ഞത് ഓഗസ്റ്റ് 27 നാണ്. എന്നാല്‍ രണ്ടാഴ്ച കഴിഞ്ഞിട്ടും തങ്ങള്‍ക്ക് ആ ഉത്തരവ് കിട്ടിയിട്ടില്ലെന്ന വിചിത്ര ന്യായം പറഞ്ഞാണ് എഴുകോണ്‍ സിഐ ശിവപ്രകാശും സംഘവും വീട്ടില്‍ കയറി ഇവരെ അറസ്റ്റ് ചെയ്യാനൊരുങ്ങിയത്. സഹോദരനുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ സിമിക്കും ഉദയനുമെതിരെ കേസെടുത്ത പൊലീസ് പക്ഷേ ഇവരുടെ പരാതിയില്‍ കേസെടുത്തില്ല. ഇവര്‍ അക്രമത്തിന് ഇരയായെന്നും മുറിവേറ്റെന്നും സര്‍ക്കാര്‍ ഡോക്ടര്‍ സാക്ഷ്യപ്പെടുത്തിയിട്ടും തെളിവില്ലെന്നാണ് പൊലീസ് വിശദീകരണം.

ഈ കേസുമായി ബന്ധപ്പെട്ട് നേരെത്ത പൊലീസ് വീട്ടിലെ ജനാലച്ചില്ലുകള്‍ തല്ലിത്തകര്‍ത്തെന്നും ഇവര്‍ പറയുന്നു. പൊലീസ് അതിക്രമത്തിന് കൊല്ലം റൂറല്‍ എസ്പിക്ക് ഇവര്‍ നേരിട്ട് പരാതി നല്‍കിയത് മൂന്ന് തവണയാണ്. അതിക്രമത്തിന്‍റെ ദൃശ്യങ്ങള്‍ വാട്സ്ആപ്പ് വഴി അയയ്ക്കുകയും ചെയ്തു. പക്ഷേ പൊലീസ് മൗനത്തിലാണ്. അറസ്റ്റ് തടഞ്ഞ ഉത്തരവ് ശ്രദ്ധയില്‍പ്പെടാത്തത് കൊണ്ടാണ് പ്രതികളെ അറസ്റ്റ് ചെയ്യാൻ വീട്ടില്‍പോയതെന്നാണ് എഴുകോണ്‍ സിഐയുടെ വിശദീകരണം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona