Asianet News MalayalamAsianet News Malayalam

'പൊലീസ് ഇടപെട്ടത് സ്ത്രീ യാത്രക്കാർ പരാതിപ്പെട്ടപ്പോൾ'; മാവേലി എക്സ്പ്രസിലെ ടിടിഇ കുഞ്ഞുമുഹമ്മദ്

യാത്രക്കാരനെ ചവിട്ടിയിട്ടില്ലെന്നാണ് കണ്ണൂർ റെയിൽവേ പൊലീസ് സ്റ്റേഷൻ എഎസ്ഐ പ്രമോദ് പറയുന്നത്. ടിക്കറ്റില്ലാത്തത് കൊണ്ട് യാത്രക്കാരനെ വടകര റെയിൽവേ സ്റ്റേഷനിൽ  ഇറക്കിവിടുക മാത്രമാണ് ചെയ്തത്

Police atrocity in Maveli Express TTE submits explanation to Palakkad Railway Division
Author
Thiruvananthapuram, First Published Jan 3, 2022, 12:13 PM IST
  • Facebook
  • Twitter
  • Whatsapp

പാലക്കാട്: മാവേലി എക്സ്പ്രസിലെ പൊലീസ് മർദ്ദനവുമായി ബന്ധപ്പെട്ട് ടിടിഇ കുഞ്ഞുമുഹമ്മദിനോട് ദക്ഷിണ റെയിൽവെ പാലക്കാട് ഡിവിഷൻ റിപ്പോർട്ട് തേടി. അമിതമായി മദ്യം കഴിച്ച ഒരാൾ റിസർവേഷൻ ബർത്തിലിരിക്കുന്നതായി സ്ത്രീ യാത്രക്കാർ പരാതിപ്പെട്ടെന്ന് കുഞ്ഞുമുഹമ്മദ് മറുപടി നൽകി. യാത്രക്കാരുടെ പരാതിയിലാണ് പൊലീസ് ഇടപെട്ടത്. സംഭവം നടക്കുമ്പോൾ ടിക്കറ്റ് പരിശോധനയിലായിരുന്നെന്നും ടിടിഇ റെയിൽവെ പാലക്കാട് ഡിവിഷണൽ മാനേജരെ അറിയിച്ചു. സംഭവത്തിൽ വിശദമായ പരിശോധന നടത്താനാണ് പാലക്കാട് ഡിവിഷണൽ റെയിൽവെ മാനേജരുടെ തീരുമാനം.

മാവേലി എക്സ്പ്രസിൽ മംഗലാപുരം മുതൽ ഷൊർണൂർ വരെയായിരുന്നു കുഞ്ഞുമുഹമ്മദിന്റെ ഡ്യൂട്ടി. റിസർവേഷൻ ടിക്കറ്റ് ഇല്ലാത്തവരിൽ നിന്ന് 250 രൂപാ പിഴയും അതുവരെ യാത്ര ചെയ്ത നിരക്കും ഈടാക്കാനാണ് റെയിൽവേ ചട്ടം. അതിന് ശേഷം തൊട്ടടുത്ത സ്റ്റേഷനിൽ ഇവരെ ഇറക്കിവിടണമെന്നാണ് ചട്ടം. എന്നാൽ ഇത് പാലിക്കാതെയാണ് യാത്രക്കാരനെ മദ്യപിച്ചെന്ന സംശയത്തിൽ പൊലീസുദ്യോഗസ്ഥൻ ക്രൂരമായി മർദ്ദിച്ചത്. സംഭവം അറിഞ്ഞിട്ടും ടിടിഇ സ്ഥലത്ത് എത്തിയിരുന്നില്ല.

യാത്രക്കാരനെ പൊലീസ് ഉദ്യോഗസ്ഥന്‍ ആക്രമിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ വിശദീകരണവുമായി എഎസ്ഐ പ്രമോദ് (ASI Pramod). യാത്രക്കാരനെ ചവിട്ടിയിട്ടില്ലെന്നാണ് കണ്ണൂർ റെയിൽവേ പൊലീസ് സ്റ്റേഷൻ എഎസ്ഐ പ്രമോദ് പറയുന്നത്. ടിക്കറ്റില്ലാത്തത് കൊണ്ട് യാത്രക്കാരനെ വടകര റെയിൽവേ സ്റ്റേഷനിൽ  ഇറക്കിവിടുക മാത്രമാണ് ചെയ്തത്. ഇയാൾ ആരെന്ന് അറിയില്ലെന്നും കേസ് എടുത്തിട്ടില്ലെന്നും എഎസ്ഐ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ടിക്കറ്റില്ലാതെ മദ്യപിച്ചാണ് ഇയാള്‍ ട്രെയിനില്‍ കയറിയതെന്നാണ് എഎസ്ഐ പറയുന്നത്. സ്ത്രീകളുള്ള സ്ലീപ്പര്‍ കംമ്പാര്‍ട്ട്മെന്‍റില്‍ ഇരുന്ന ഇയാളെ എഴുന്നേല്‍പ്പിച്ചു. തുടര്‍ന്ന് വടകര സ്റ്റേഷനെത്തിയപ്പോള്‍ അവിടെ ഇറക്കിയെന്നുമാണ് പൊലീസ് ഉദ്യോഗസ്ഥന്‍ പറയുന്നത്. യാത്രക്കാരനെ നിലത്തിട്ട് ചവിട്ടി ട്രെയിനില്‍ നിന്ന് പുറത്താക്കിയ സംഭവം ഏഷ്യാനെറ്റ് ന്യൂസിലൂടെയാണ് പുറം ലോകം അറിഞ്ഞത്. 

ടിക്കറ്റില്ലാതെ മാവേലി എക്സ്പ്രസിന്‍റെ സ്ലീപ്പര്‍ കോച്ചില്‍ കയറിയ ആള്‍ക്കാണ് എഎസ്ഐ പ്രമോദില്‍ നിന്ന് ക്രൂരമായ ആക്രമണം നേരിടേണ്ടി വന്നത്. സ്ലീപ്പർ കോച്ചില്‍ പരിശോധനയ്ക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥൻ യാത്രക്കാരനോട് ടിക്കറ്റ് ചോദിച്ചു. സ്ലീപ്പർ ടിക്കറ്റില്ലെന്നും ജനറൽ ടിക്കറ്റ് മാത്രമേയുള്ളു എന്നും യാത്രക്കാരൻ മറുപടി നൽകി. കയ്യിലുള്ള ടിക്കറ്റ് എടുക്കാൻ പൊലീസുകാരൻ ആവശ്യപ്പെട്ടു. ഇതനുസരിച്ച് ഇയാൾ ബാഗിൽ ടിക്കറ്റ് തിരയുന്നതിനിടെ പൊലീസുകാരൻ ബൂട്ട് ഉപയോഗിച്ച് ചവിട്ടുകയും മർദ്ദിക്കുകയും ചെയ്യുകയായിരുന്നു. തല്ലി വീഴ്ത്തുകയും നിലത്ത് വലിച്ചിട്ട് ബൂട്ട് കൊണ്ട് നെഞ്ചിന് ചവിട്ടുകയും ചെയ്തുവെന്ന് ദൃശ്യങ്ങൾ പകർത്തിയ യാത്രക്കാരൻ പറഞ്ഞു. 

യാത്രക്കാരൻ മര്യാദയോടെ ഇരിക്കുന്നതിനിടെയാണ് ടിക്കറ്റ് ചോദിച്ച് പൊലീസ് എത്തിയതെന്ന് ദൃശ്യങ്ങൾ പകർത്തിയ പേരുവെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത യാത്രക്കാരൻ പറഞ്ഞു. യാതൊരു പ്രകോപനവും ഇല്ലാതെയാണ് ബൂട്ടിട്ട് ചവിട്ടുകയും മർദ്ദിക്കുകയും ചെയ്തത്. ക്രൂരമായ മർദ്ദനം കണ്ടതോടെ ഇടപെട്ടു. എന്നാൽ മറ്റ് യാത്രക്കാരുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് ഇത് ചെയ്യുന്നതെന്നായിരുന്നു പൊലീസുകാരന്‍ വിശദീകരിച്ചതെന്ന് ദൃശ്യങ്ങള്‍ പകര്‍ത്തിയ യാത്രക്കാരന്‍ പറഞ്ഞു. 

പൊലീസ് ഉദ്യോഗസ്ഥന്‍റെ നടപടിക്ക് എതിരെ രൂക്ഷ വിമര്‍ശനമാണ് പുറത്തുവരുന്നത്. കേരളത്തിലെ പൊലീസ് കുറേ നാളായി സമനിലതെറ്റിയത് പോലെയാണ് പെരുമാറുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. ഇതിന്‍റെ എറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കണ്ണൂരിൽ മാവേലി എക്സ്പപ്രസിൽ നടന്ന സംഭവം. രണ്ടാമത് അധികാരത്തിൽ വന്നതിന് ശേഷം പൊലീസിന്റെ നിയന്ത്രണം പൂർണ്ണമായും സർക്കാരിന്‍റെ കയ്യിൽ നിന്ന് നഷ്ടമായിരിക്കുകയാണ്. ഇപ്പോൾ പാർട്ടി നേതൃത്വമാണ് എല്ലാ തലത്തിലും പൊലീസ് ഉദ്യോഗസ്ഥരെ നിയന്ത്രിക്കുന്നത്. പൊലീസിലെ മുകൾ തട്ടിലുള്ള ഉദ്യോഗസ്ഥർ മുതൽ താഴെ തട്ടിലുള്ള ഉദ്യോഗസ്ഥൻ വരെയുള്ള സംവിധാനത്തിന്റെ താളക്രമം മുഴുവൻ തെറ്റി. പഴയകാലത്തെ സെൽഭരണം പുതിയ രീതിയിൽ അവതരിപ്പിക്കപ്പെടുകയാണെന്നും സതീശൻ കുറ്റപ്പെടുത്തി.

Follow Us:
Download App:
  • android
  • ios