കൊച്ചി: എംഎൽഎ അടക്കം സിപിഐ നേതാക്കൾക്ക് എതിരായ പൊലീസ് അതിക്രമത്തിലും തുടര്‍ന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ എടുത്ത  നിലപാടിനെയും ചൊല്ലി പാര്‍ട്ടിക്കകത്ത് വ്യാപക അതൃപ്തി. പൊലീസ് നടത്തിയ അതിക്രമത്തെ ന്യായീകരിക്കും വിധമാണ് കാനം രാജേന്ദ്രന്‍റെ പ്രതികരണമെന്നാണ് പ്രധാന പരാതി. പൊലീസ് അതിക്രമത്തിൽ ഗൂഢാലോചനയുണ്ടോ എന്ന ചോദ്യത്തിന് വീട്ടിലിരുന്ന എംഎൽഎ യെ അല്ലല്ലോ പൊലീസ് തല്ലിയതെന്ന് പ്രതികരിച്ച കാനം രാജേന്ദ്രൻ പൊലീസ് നടപടിയ ന്യായീകരിക്കുകയാണെന്ന വിമര്‍ശനമാണ് ഉയര്‍ന്നത്. 

പാര്‍ട്ടിക്കകത്ത് അതൃപ്തി പുകയുന്ന സാഹചര്യത്തിൽ പ്രസ്താവന ന്യായീകരിച്ച് കാനം രാജേന്ദ്രൻ രംഗത്തെത്തി. പൊലീസ് അതിക്രമം ഉണ്ടായിട്ടുണ്ട്. ഗൂഢാലോചന ഉണ്ടോ എന്ന ചോദ്യത്തിന് മറുപടിയായാണ് വീട്ടിൽ കയറി അല്ലല്ലോ തല്ലിയത് എന്ന് പ്രതികരിച്ചതെന്ന് കാനം രാജേന്ദ്രൻ പ്രതികരിച്ചു. ഇത് പൊലീസിനെ ന്യായീകരിക്കുന്ന പ്രസ്താവനയല്ലെന്നും കാനം രാജേന്ദ്രൻ വിശദീകരിച്ചു. 

സിപിഐ എറണാകുളം ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിൽ കാനം രാജേന്ദ്രൻ പങ്കെടുക്കുമെന്ന് വാര്‍ത്തയുണ്ടായിരുന്നെങ്കിലും പാര്‍ട്ടിയോഗത്തിൽ പങ്കെടുക്കാതെ കാനം കണ്ണൂരിലേക്ക് മടങ്ങുകയായിരുന്നു. കാര്യങ്ങൾ കാനത്തിനെ ബോധ്യപ്പെടുത്താൻ കഴിഞ്ഞെന്നായിരുന്നു സിപിഐ ജില്ലാ സെക്രട്ടറിയുടെ വിശദീകരണം. കളക്ടറുടെ റിപ്പോര്‍ട്ട് കിട്ടിയാലുടൻ നടപടി ഉണ്ടാകുമെന്ന് സംസ്ഥാന നേതൃത്വം ഉറപ്പ് നൽകിയിട്ടുണ്ടെന്നും ജില്ലാ നേതൃത്വം വിശദീകരിക്കുന്നു. 

അതിനിടെ പൊലീസ് അതിക്രമവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന്‍റെ ഭാഗമായി എറണാകുളം ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ തെളിവെടുപ്പ് തുടരുകയാണ്. എറണാകുളം ഗസ്റ്റ് ഹൗസിലാണ് സിറ്റിംഗ് നടക്കുന്നത്. എംഎൽഎയും ജില്ലാ സെക്രട്ടറിയും അടക്കമുള്ളവരിൽ നിന്നാണ് വിശദമായി കാര്യങ്ങൾ ചോദിച്ചറിയും . പൊലീസ് അതിക്രമത്തിൽ കഴുത്തിന് പരിക്കേറ്റ സംസ്‌ഥാന സെക്രട്ടറിയേറ് അംഗം അഷലഫ്  പാറക്കടവൻ സിറ്റിംഗിൽ പങ്കെടുക്കാനെത്തിയത് ആംബുലൻസിലാണ്. 

കാനം രാജേന്ദ്രനെ കാര്യങ്ങൾ ധരിപ്പിച്ചിട്ടുണ്ടെന്ന് എറണാകുളം ജില്ലാ നേതൃത്വം പ്രതികരിച്ചെങ്കിലും പാര്‍ട്ടിക്കകത്ത് പ്രതിഷേധം പുകയുകയാണ്. ഭരണത്തിൽ ഇരുന്ന് തല്ലുകൊള്ളേണ്ട ഗതികേട് ഇല്ലെന്നായിരുന്നു സിപിഐ നേതാവ് സിഎൻ ജയദേവന്‍റെ പ്രതികരണം. 

അതിനിടെ പൊലീസ് അതിക്രമം ന്യായീകരിക്കും വിധം പ്രതികരിച്ചെന്ന ആക്ഷേപത്തിന് പിന്നാലെ കാനം രാജേന്ദ്രനെതിരെ ആലപ്പുഴ ജില്ലയിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു.  കാനത്തെ മാറ്റു സിപിഐയെ രക്ഷിക്കു എന്നാണ് പോസ്റ്ററിൽ ഉള്ളത്. 

പോസ്റ്റര്‍ ഇറക്കിയത് പാര്‍ട്ടിക്കാരല്ലെന്നായിരുന്നു കാനം രാജേന്ദ്രന്‍റെ പ്രതികരണം.