ആലപ്പുഴയിൽ കെപിസിസി ജനറൽ സെക്രട്ടറിയുടെ വീടിന് നേരെ ആക്രമണം നടന്ന സംഭവത്തിലും മന്ത്രി പ്രതികരിച്ചു. എം ജെ ജോബിൻ്റെ വീട് ആക്രമിക്കേണ്ട ഒരു സാഹചര്യവുമില്ല
ആലപ്പുഴ: മാന്യമല്ലാത്ത സമരം നടത്തിയാൽ അടി കിട്ടുമെന്ന് മന്ത്രി സജി ചെറിയാൻ. അടി കിട്ടിയാലേ നേതാവാകാൻ കഴിയൂ. ഞങ്ങൾക്കും അടി കിട്ടിയിട്ടുണ്ട്. അടി കൊടുക്കാനാണ് പൊലീസുള്ളതെന്നും സജി ചെറിയാൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കരിങ്കൊടി കാട്ടി രക്തസാക്ഷികളെ സൃഷ്ടിക്കാനാണ് കോൺഗ്രസിൻ്റ ശ്രമം. കെഎസ്‍യുക്കാരെ ബലിക്കല്ലിൽ വെക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.
ആലപ്പുഴയിൽ കെപിസിസി ജനറൽ സെക്രട്ടറിയുടെ വീടിന് നേരെ ആക്രമണം നടന്ന സംഭവത്തിലും മന്ത്രി പ്രതികരിച്ചു. എം ജെ ജോബിൻ്റെ വീട് ആക്രമിക്കേണ്ട ഒരു സാഹചര്യവുമില്ല. ഞങ്ങളെല്ലാം ആദരിക്കുന്ന മാന്യനായ വ്യക്തിയാണ് ജോബ്. വീട് ആക്രമിച്ചില്ലെന്നാണ് അന്വേഷിച്ചപ്പോൾ പ്രാദേശിക പാർട്ടി നേതൃത്വം പറയുന്നത്. എന്നാൽ മാധ്യമങ്ങളിൽ നേരെ തിരിച്ചാണ് വാർത്തകൾ വന്നത്.
വീട് ആക്രമിച്ചതിനെ കുറിച്ച് വിശദമായി പരിശോധിക്കുമെന്നും മന്ത്രി സജി ചെറിയാൻ എഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കൈതവനയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച വാഹനത്തിന് നേരെ കരിങ്കൊടി കാണിച്ചതിന് പിന്നാലെയാണ് എം ജെ ജോബിൻ്റെ വീട് ആക്രമിക്കപ്പെട്ടത്. സിഐടിയു പ്രവത്തകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. വീടിന്റെ രണ്ട് നിലകളിലും ജനൽ ചില്ലുകള്‍ തകര്‍ത്തിട്ടുണ്ട്. തടയാൻ ശ്രമിച്ച ജോബിന്റെ ഭാര്യയെ കഴുത്തിന് പിടിച്ച് തള്ളിയിട്ടുവെന്നും ആരോപണമുണ്ട്.
കൈതവനക്ക് സമീപമാണ് ജോബിന്റെ വീട്. കൈതവന ജംഗ്ഷനിൽ മുഖ്യമന്ത്രിക്കും സംഘത്തിനും നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരും - പൊലീസും തമ്മിൽ സംഘർഷമുണ്ടായിരുന്നു. കുട്ടനാട്ടിലേക്കുള്ള യാത്രാമധ്യേ മുഖ്യമന്ത്രിയുടെ വാഹനം കൈതവന ജംഗ്ഷനിലെത്തിയപ്പോഴായിരുന്നു പ്രതിഷേധം. കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ പൊലീസ് ജീപ്പിന് മുകളിൽ കയറി കൊടി വീശി. ആലപ്പുഴ ജനറൽ ആശുപത്രിക്ക് സമീപത്ത് കരിങ്കൊടി പ്രതിഷേധം നടത്തിയ കെഎസ്‌യു ജില്ലാ പ്രസിഡന്റ് തോമസ്, യൂത്ത് കോൺസംസ്ഥാന സെക്രട്ടറി അജോയ് ജോയ് എന്നിവരെ സുരക്ഷാ സംഘം തല്ലിയതിൽ പ്രതിഷേധിച്ചായിരുന്നു കൈതവനയിലെ പ്രതിഷേധം.
