തിരുവനന്തപുരം: തിരുവനന്തപുരത്തെ വട്ടിയൂർക്കാവ്, നെട്ടയം പ്രദേശങ്ങളിൽ പ്രകടനങ്ങൾക്കും പൊതുയോഗങ്ങൾക്കും വിലക്ക്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ രാഷ്ട്രീയ സംഘർഷങ്ങളെ തുടർന്നാണ് പൊലീസ് വിലക്കേർപ്പെടുത്തിയത്. 15 ദിവസത്തേക്കാണ് വിലക്ക്. നവംബർ മൂന്നിന് നെട്ടയം മണികണ്ഠേശ്വത്ത് ബിജെപി-സിപിഎം സംഘർഷമുണ്ടായിരുന്നു. സംഘർഷത്തിൽ പൊലീസുകാരും ‍ഡിവൈഎഫ്ഐ ജില്ലാ പ്രസി‍ഡന്‍റുമടക്കം പത്തിലേറെ പേർക്ക് പരിക്കേറ്റിരുന്നു.

‍നവംബർ മൂന്നിന് ‍ഡിവൈഎഫ്ഐ സ്ഥാപക ദിനത്തോടനുബന്ധിച്ചാണ് പ്രശ്നങ്ങളുടെ തുടക്കം. രാവിലെ ഡിവൈഎഫ്ഐ പ്രവർത്തകർ ഉയർത്തിയ പതാക നശിപ്പിക്കപ്പെട്ടിരുന്നു. പതാക നശിപ്പിച്ചത് ആർഎസ്എസ് പ്രവർത്തകർ ആണെന്ന് ഡിവൈഎഫ്ഐ ആരോപിച്ചിരുന്നു. ഇതിൽ പരാതി നൽകാൻ പോയ ഡിവൈഎഫ്ഐ പ്രവർത്തകരും ആർഎസ്എസ് പ്രവർത്തകരും തമ്മിൽ മണികണ്ഠേശ്വരം ക്ഷേത്രത്തിന് മുന്നിൽ വച്ച് സംഘർഷമുണ്ടായി. ഈ സംഘർഷത്തിലാണ് ‍ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്‍റ് വിനീതും ആറ് പൊലീസുകാരുമുൾപ്പെടെയുള്ളവർക്ക് പരിക്കേറ്റത്.

സംഭവത്തെ തുടർന്ന് സിപിഎമ്മും ബിജെപിയും പരസ്പരം ആരോപണമുന്നയിച്ചിരുന്നു. നേരത്തെ തന്നെ സംഘർഷങ്ങൾ നിലനിന്നിരുന്ന പ്രദേശമാണിത്. തിരഞ്ഞടുപ്പ്കാലത്തും ഇവിടെ സംഘർഷങ്ങളുണ്ടായിട്ടുണ്ട്.