Asianet News MalayalamAsianet News Malayalam

ട്രാൻസ്ജെൻഡർ യുവതിയുടെ കൊലപാതകം: ഒരു മാസമായിട്ടും പ്രതിയെ പിടികൂടാനാകാതെ പൊലീസ്

സിസിടിവി ദൃശ്യങ്ങളടക്കം നിർണ്ണായക തെളിവുകൾ ഉണ്ടായിട്ടും അന്വേഷണത്തിൽ പുരോഗതിയില്ല. നടക്കാവ് പൊലീസാണ് കേസ് അന്വേഷിക്കുന്നത്. 

police cant find accused in murder of trans woman
Author
Kozhikode, First Published May 2, 2019, 7:18 AM IST

കോഴിക്കോട്: ട്രാൻസ്ജെൻഡർ യുവതി കൊല്ലപ്പെട്ട് ഒരു മാസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാനാകാതെ പൊലീസ്. സിസിടിവി ദൃശ്യങ്ങളടക്കം നിർണ്ണായക തെളിവുകൾ ഉണ്ടായിട്ടും അന്വേഷണത്തിൽ പുരോഗതിയില്ല. ഏപ്രിൽ ഒന്നിനാണ് കോഴിക്കോട് കെഎസ്ആർടിസി സ്റ്റാൻഡിന് സമീപം ട്രാൻസ്ജെൻഡർ ഷാലുവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. 

നടക്കാവ് പൊലീസാണ് കേസ് അന്വേഷിക്കുന്നത്. സിസിടിവി ദൃശ്യങ്ങളടക്കം നിർണ്ണായക തെളിവുകൾ പൊലീസിന് കിട്ടിയിരുന്നു. ദൃശ്യങ്ങളിൽ ഷാലുവിനൊപ്പം കണ്ടയാളെ കേന്ദ്രീകരിച്ചായിരുന്നു ആദ്യ അന്വേഷണം. തുടർന്ന് പ്രതിയെന്ന് സംശയിക്കുന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാൽ ഇയാൾക്ക് കൊലപാതകത്തിൽ പങ്കില്ലെന്ന നിലപാടിൽ വിട്ടയച്ചു. 

സംഭവ ദിവസം ഇയാൾ കോഴിക്കോട് ഇല്ലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ചോദ്യം ചെയ്യലിലും കാര്യമായ തെളിവുകൾ കിട്ടിയില്ല. തനിക്ക് നേരെ ആക്രമണം നടക്കാൻ സാധ്യതയുണ്ടെന്ന് കൊലപാതകത്തിന് തലേദിവസം ഷാലു സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. സംശയമുള്ളവരുടെ പേരുകളടക്കം സുഹൃത്തുക്കൾ അന്വേഷണസംഘത്തിന് മൊഴി നൽകി. 

സംഭവസ്ഥലത്ത് നിന്ന് കൂടുതൽ സിസിടിവി ദൃശ്യങ്ങളടക്കം തെളിവുകൾ കിട്ടിയെന്നും പിന്നീട് പൊലീസ് വ്യക്തമാക്കിയതാണ്. പക്ഷെ കേസ് അന്വേഷണത്തിൽ പുരോഗതിയുണ്ടായില്ല. അന്വേഷണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും വിവിധ ട്രാൻസ്ജെൻഡർ സംഘടനകൾ പരാതി നൽകിയിരുന്നു

Follow Us:
Download App:
  • android
  • ios