Asianet News MalayalamAsianet News Malayalam

വിനു വി ജോണിനെതിരായ പൊലീസ് കേസ്: ശ്രദ്ധയിൽപെട്ടിട്ടില്ല, എഴുതി നൽകിയാൽ പരിശോധിക്കാമെന്ന് മുഖ്യമന്ത്രി

പ്രത്യേകം എഴുതി നൽകിയാൽ പരിശോധിക്കാമെന്നും പിണറായി വിജയൻ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

police case against vinu v john Not noticed says cm pinarayi vijayan
Author
Thiruvananthapuram, First Published Jul 26, 2022, 10:43 PM IST

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് അസോസിയേറ്റ് എഡിറ്റർ വിനു വി ജോണിനെതിരെ പൊലീസ് എടുത്ത കേസ് ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രത്യേകം എഴുതി നൽകിയാൽ പരിശോധിക്കാമെന്നും പിണറായി വിജയൻ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

അതേസമയം, ചാനല്‍ ചർച്ചയിലെ പരാമർശങ്ങളുടെ പേരില്‍ ഏഷ്യാനെറ്റ് ന്യൂസ് അസോസിയേറ്റ് എഡിറ്റർ വിനു വി ജോണിനെതിരെ കേസെടുത്ത കേരള പൊലീസ് നടപടിയും ഉത്തരേന്ത്യയില്‍ കേന്ദ്ര സർക്കാർ എടുക്കുന്ന നടപടികളും തമ്മില്‍ എന്ത് വ്യത്യാസമാണുള്ളതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. കേരളാ പൊലീസിന് മുഖം നഷ്ടപ്പെട്ടെന്നും ചെരുപ്പിന് അനുസരിച്ച് കാല്‍ മുറിക്കുകയാണെന്നുമായിരുന്നു കെ സിയുയുടെ പ്രതികരണം.

പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഈ വിഷയം നിയമസഭയിലും ഉന്നയിച്ചിരുന്നു. നരേന്ദ്ര മോദി സർക്കാരിന് സമാനമായി, സംസ്ഥാനത്തും സർക്കാരിനെതിരെ അഭിപ്രായം പറയുന്ന മാധ്യപ്രവർത്തകർക്കെതിരെ കള്ളക്കേസ് എടുക്കുന്നുവെന്നാണ് സതീശന്‍ ചൂണ്ടിക്കാട്ടിയത്. സിഐടിയു നേതാവ് എളമരം കരീമിനെ അധിക്ഷേപിച്ചുവെന്ന് പറഞ്ഞ്  ഏഷ്യാനെറ്റ് ന്യൂസിലെ വിനു വി ജോണിനെതിരെ കേസെടുക്കുകയായിരുന്നുവെന്ന് സതീശന്‍ പറഞ്ഞു. ആൾട്ട് ന്യൂസ് സഹസ്ഥാപകൻ സുബൈറിനെതിരെ സമീപകാലത്ത് എടുത്ത കേസും പരാമർശിച്ചായിരുന്നു വിമർശനം.

'അത്തരമൊരു കത്ത് അയക്കാന്‍ പാടില്ലായിരുന്നു'; കെ ടി ജലീലിനെ തള്ളി മുഖ്യമന്ത്രി

തിരുവനന്തപുരം: 'മാധ്യമം' വിവാദത്തിൽ കെ ടി ജലീലിനെ പൂർണമായി തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യമം പത്രത്തിനെതിരെ ജലീൽ അത്തരമൊരു കത്ത് അയക്കാൻ പാടില്ലായിരുന്നു. പരസ്യമായപ്പോഴാണ് വിവരം അറിഞ്ഞതെന്നും ഈ വിഷയത്തില്‍ ജലീലിനോട് നേരിട്ട് സംസാരിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളത്തില്‍ പറഞ്ഞു. നേരിട്ട് കണ്ട് വിഷയം സംസാരിക്കുമെന്നും അതിന് ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ബഷീര്‍ നമ്മുടെയെല്ലാം സുഹൃത്ത്, വിട്ടുവീഴ്ചയുണ്ടാവില്ല'; ശ്രീറാമിന്‍റെ നിയമനത്തില്‍ മുഖ്യമന്ത്രി

വിവാദത്തിൽ കെ ടി ജലീലിനെ സിപിഎം നേരത്തെ തന്നെ തള്ളിയിരുന്നു. മാധ്യമത്തിനെതിരെ കടുത്ത നിലപാട് എടുത്തത് ശരിയായില്ലെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തൽ. മന്ത്രിയായിരിക്കുമ്പോൾ യുഎഇയ്ക്ക് കത്ത് എഴുതിയത് തെറ്റായ നടപടിയാണെന്നുമാണ് സിപിഎം വിലയിരുത്തുന്നു. അതേസമയം, പ്രോട്ടോകോൾ ലംഘനത്തിൽ പ്രതിഷേധം കടുപ്പിക്കാൻ ഒരുങ്ങുകയാണ് പ്രതിപക്ഷം.

മാധ്യമത്തിനെതിരെ കെ ടി ജലീൽ കത്തെഴുതിയത് പാർട്ടിയുമായി ആലോചിച്ചിട്ടല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മാധ്യമം പത്രം നിരോധിക്കണമെന്ന നിലപാട് പാർട്ടിക്കില്ലെന്നും എല്ലാ എംഎൽഎമാരും മന്ത്രിമാരും കത്തെഴുതുന്നത് പാർട്ടിയോട് ആലോചിച്ചിട്ടില്ലെന്നുമാണ് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.

ജലീലിന്റേത് പ്രോട്ടോക്കോള്‍ ലംഘനമാണെങ്കില്‍ നടപടിയെടുക്കേണ്ടത് വിദേശകാര്യമന്ത്രാലയമാണ്. മാധ്യമം പത്രം മുന്‍പ് നിരോധിച്ചപ്പോഴും പാടില്ലെന്ന നിലപാടായിരുന്നു സിപിഎമ്മിന്റേതെന്നും കോടിയേരി വ്യക്തമാക്കി. ജലീലിന്‍റെ നടപടി തെറ്റല്ലേ എന്ന മാധ്യമപ്രവര്‍ത്തരുടെ ചോദ്യത്തിന് അങ്ങനെ വ്യാഖ്യാനിക്കേണ്ടെന്നും പാർട്ടി അഭിപ്രായം പറഞ്ഞ് കഴിഞ്ഞെന്നുമായിരുന്നു കോടിയേരിയുടെ മറുപടി.

Follow Us:
Download App:
  • android
  • ios