കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ നവജാത ശിശു മരിച്ച സംഭവത്തിൽ മെഡിക്കൽ കോളേജ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കോഴിക്കോട് വടകര സ്വദേശി രഞ്ജിത്തിന്‍റേയും മേഘയുടേയും മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞാണ് ഇന്നലെ മരിച്ചത്. മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു.

കൊവിഡിന്‍റെ പേരിൽ ചികിത്സ വൈകുന്നു, കോഴിക്കോട് മെഡിക്കൽ കോളേജിൽ രോഗി മരിച്ചെന്ന് പരാതി

ചികിത്സാപ്പിഴവ് മൂലമാണ് കുഞ്ഞ് മരിച്ചതെന്ന് കുടുംബം ആരോപിച്ചു. 'കുഞ്ഞ് മരിച്ചത് ജനിച്ച് മൂന്നാമത്തെ ദിവസമാണ്. കുഞ്ഞിന് കൈ അനങ്ങുന്നുണ്ടായിരുന്നില്ല. ഞരമ്പ് വലിഞ്ഞതാണെന്നും അത് തങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടായ പിഴവാണെന്നുമാണ് ഡോക്ടർ അന്ന് പറഞ്ഞത്'. എല്ല് വിഭാഗം ഡോക്ടറെത്തി ഇത് പതിയെ മാറുമെന്നും പറഞ്ഞു. കുഞ്ഞിന് മറ്റ് പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല. സ്കാനിംഗിലൊന്നും പ്രശ്നമുണ്ടായിരുന്നില്ല- കുട്ടിയുടെ പിതാവ് പറഞ്ഞു.  മെഡിക്കൽ കോളേജ് പൊലീസാണ് കേസിൽ അന്വേഷണം നടത്തുക.