കണ്ണൂര്‍: കണ്ണൂർ സെൻട്രൽ ജയിലിലെ കൊവിഡ് നിരീക്ഷണ വാർഡിൽ  നിന്നും ചാടിയ മോഷണക്കേസ് പ്രതിയെ പിടികൂടി. ഉത്തർപ്രദേശ് ആമീർപൂർ സ്വദേശി അജയ് ബാബുവാണ് പിടിയിലായത്. കണ്ണപുരം റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്നാണ് പിടികൂടിയത്. നാട്ടുകാര്‍ തിരിച്ചറിഞ്ഞ് പൊലീസിനെ അറിയിക്കുകയായിരുന്നു. 

പിൻഭാഗത്തെ ജനൽ തകർത്താണ്  അജയ് ബാബു നിരീക്ഷണ മുറിയുടെ പുറത്ത് കടന്നത്. പിന്നീട് റോഡിനോട്  ചേർന്ന മതിൽ ചാടിക്കടന്ന് പുറത്തേക്ക് പോയി. അർദ്ധരാത്രിയിലോ പുലർച്ചയോ ആണ് തടവ് ചാടിയതെന്നാണ് പ്രാഥമിക നിഗമനം. മുറിയുടെ പുറത്ത് രണ്ട് ജയിൽ ജീവനക്കാർ കാവലുണ്ടായിരുന്നു. സുരക്ഷാ വീഴ്ചയുണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്. 

കാസർകോട്  കാനറ ബാങ്കിൽ മോഷണം നടത്തിയ കേസിലെ പ്രതിയാണ് അജയ് ബാബു. മാർച്ച് 23നായിരുന്നു മോഷണം. 25 നാണ് ഇയാളെ  സെൻട്രൽ ജയിലിലെത്തിച്ചത്. കൊവിഡ് കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്ത കാലയളവിൽ  കാസർകോട് നിന്ന് വന്നതുകൊണ്ടാണ്  ജയിലിലെ ഐസൊലേൻ കേന്ദ്രത്തിൽ നിരീക്ഷണത്തിലാക്കിയത്.