കോട്ടയം: മുണ്ടക്കയത്ത് രണ്ട് കിലോ കഞ്ചാവുമായി തമിഴ്നാട് സ്വദേശികള്‍ പിടിയില്‍. വാഴക്കുല എത്തിക്കുന്ന ലോറിയിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.
തേനി ഗൂഡല്ലൂര്‍, രാജീവ് നഗറില്‍ മുരളി തേനി, അങ്കൂര്‍ പാളയത്തില്‍ അവിന്‍കുമാര്‍ എന്നിവരെയാണ് മുണ്ടക്കയം സിഐ വി ഷിബുകുമാര്‍, എസ്ഐ കെ ജെ മാമ്മന്‍ എന്നിവരുടെ നേതൃത്വത്തിലുളള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. തമിഴ്‌നാട്ടില്‍ നിന്നും വാഴക്കുലകളുമായി വരുന്ന ലോറിയില്‍ കഞ്ചാവ് കടത്തുന്നതായി രഹസ്യവിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലായിരുന്നു പൊലിസിന്‍റെ പരിശോധന. 

ലോറിക്കടിയിലെ കാബിനിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഇവര്‍ സ്ഥിരമായ തമിഴ്നാട്ടില്‍ നിന്ന് വാഴക്കുലയുമായി കോട്ടയത്ത് എത്തുന്നവരാണ്. അതുകൊണ്ട് സ്ഥിരമായ ഇവര്‍ കഞ്ചാവ് കടത്തിലേര്‍പ്പെട്ടിരുന്നതായി പൊലിസ് സംശയിക്കുന്നു. ലോറി പൂര്‍ണ്ണമായും പരിശോധിച്ചെങ്കിലും കൂടുതലൊന്നും കണ്ടെത്താനായില്ല. പിടികൂടിയ വാഹനവും വാഴക്കുലകളും മുണ്ടക്കയം പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരിക്കുകയാണ്. പ്രതികളെ കാഞ്ഞിരപ്പളളി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.