കോഴിക്കോട്: കൂടത്തായി കൂട്ടക്കൊല കേസുമായി ബന്ധപ്പെട്ട് ഓമശ്ശേരി പഞ്ചായത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. വ്യാജ ഒസ്യത്ത് ഉണ്ടാക്കി മരണപ്പെട്ട ടോം തോമസിന്‍റെ സ്വത്ത് ജോളി തട്ടിയെടുത്തതുമായി ബന്ധപ്പെട്ടാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പഞ്ചായത്ത് ഓഫീസില്‍ പരിശോധന നടത്തിയത്. 

വ്യാജവില്‍പന പത്രം ജോളി തയ്യാറാക്കിയത്  ഓമശ്ശേരി പഞ്ചായത്തിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണെന്ന വിവരം നേരെത്തെ തന്നെ പുറത്തു വന്നിരുന്നു. ചില പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെ ഇടപെടലും ഇക്കാര്യത്തില്‍ ഉണ്ടായി എന്നാണ് സംശയിക്കുന്നത്. വ്യാജ ഒസ്യത്തിലൂടെ കിട്ടിയ വസ്തുവിന്‍റെ ഉടമസ്ഥാവകാശം മാറ്റിയതടക്കമുള്ള കാര്യങ്ങള്‍ പഞ്ചായത്ത് ഓഫീസിലെ ചിലരുടെ സഹായത്തോടെയാണ് ജോളി നടത്തിയത്. 

ഇതേക്കുറിച്ചുള്ള വിശദമായ അന്വേഷണത്തിനായി അന്വേഷണ ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ട ഫയലുകള്‍ പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രണ്ട് വര്‍ഷം മുതല്‍ പിന്നോട്ടുള്ള ഫയലുകളാണ് ആവശ്യപ്പെട്ടത് എന്നതിനാല്‍ ഇവ കണ്ടെത്താന്‍ പ‍ഞ്ചായത്ത് അധികൃതര്‍ പൊലീസിനോട് സമയം തേടിയിരുന്നു. ഇന്ന് ആവശ്യമായ ഫയലുകളെല്ലാം കണ്ടെത്തിയ ശേഷം പഞ്ചായത്ത് അധികൃതര്‍ പൊലീസിനെ വിളിക്കുകയും ഉദ്യോഗസ്ഥരെത്തി പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം ഫയലുകളുമായി മടങ്ങുകയുമായിരുന്നു.