തങ്കമണിക്കടുത്ത് യൂദാഗിരിയിൽ കോഴികളെയും ആടിനെയും ബലിയർപ്പിച്ചുള്ള പൂജകൾ നടത്തിയിരുന്നു എന്നാണ് പരാതി. അടുത്ത കാലത്ത് ഇത്തരത്തിൽ പൂജ നടന്നതിന്റെ തെളിവുകളൊന്നും പ്രദേശത്ത് ഇല്ലെന്ന് പൊലീസ്

ഇടുക്കി: ഇടുക്കി തങ്കമണിക്കടുത്ത് യൂദാഗിരിയിൽ മന്ത്രവാദ കേന്ദ്രം നടക്കുന്നതായുള്ള പരാതിയെ തുടർന്ന് പൊലീസ് പരിശോധന നടത്തി. കോഴികളെയും ആടിനെയും ബലിയർപ്പിച്ചുള്ള പൂജകൾ നടത്തിയിരുന്നു എന്നാണ് പരാതി. എന്നാൽ പരിശോധനയ്ക്കായി എത്തിയ പൊലീസിന് തെളിവുകളൊന്നും കണ്ടെത്തനായില്ല. അടുത്ത കാലത്ത് ഇത്തരത്തിൽ പൂജ നടന്നതിന്റെ തെളിവുകളൊന്നും പ്രദേശത്ത് ഇല്ലെന്ന് പൊലീസ് വ്യക്തമാക്കി. 

തങ്കമണി യൂദാഗിരി സ്വദേശി പറത്താനത്ത് റോബിൻ എന്നയാളുടെ വീടിനോട് ചേർന്ന് വ‍ർഷങ്ങളായി മന്ത്രവാദ കേന്ദ്രം പ്രവർത്തിക്കുന്നു എന്നായിരുന്നു പരാതി. നാട്ടുകാർ തങ്കമണി പൊലീസിലും, കാമാക്ഷി പഞ്ചായത്തിലും പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. വീണ്ടും പരാതി ഉയ‍ന്നതിനെ തുടർന്നാണ് പൊലീസ് പരിശോധനയ്ക്ക് എത്തിയത്. പുരയിടത്തിലെ പരിശോധനയിൽ ഹോമകുണ്ഡങ്ങളും ബലി നടത്താൻ ഉപയോഗിച്ചിരുന്ന കത്തിയും പൂജയ്ക്കുള്ള ഉപകരണങ്ങളും കണ്ടെത്തി. ചാക്കിലും ബക്കറ്റിലുമായി കോഴികളുടെ അവശിഷ്ടങ്ങളും ഉണ്ടായിരുന്നു. എന്നാൽ ഇത് കടയിൽ നിന്നും വളമുണ്ടാക്കാൻ എത്തിച്ചതാണെന്നായിരുന്നു റോബിൻ പൊലീസിനോട് പറഞ്ഞത്. ഇക്കാര്യത്തിൽ വിശദമായ പരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചു.

ബലി നൽകിയ ശേഷം കോഴികളുടേയും ആടുകളുടെയും അവശിഷ്ടങ്ങൾ അവിടെ തന്നെ ഇടുകയായിരുന്നു പതിവെന്ന് നാട്ടുകാർ ആരോപിച്ചു. ഇത് ചീഞ്ഞളിയുന്നത് മൂലം അയൽവീടുകളിൽ ഭക്ഷണം കഴിക്കാൻ പോലുമാകാത്ത സ്ഥിതിയായിരുന്നുവെന്നും അയൽവാസിയായ ഷിജു പറഞ്ഞു. പരാതിപ്പെടുന്നവരെ ഭീഷണിപ്പെടുത്താറുണ്ടായിരുന്നു. അതേസമയം നേരത്തെ വിശ്വാസത്തിന്റെ ഭാഗമായി ചില കാര്യങ്ങൾ ചെയ്തിരുന്നുവെന്നും ഇപ്പോൾ അതെല്ലാം അവസാനിപ്പിച്ചുവെന്നും റോബിൻ വ്യക്തമാക്കി.

ചോറ്റാനിക്കരയിലെ മന്ത്രവാദിയെ വിളിപ്പിച്ച് പൊലീസ്, കേസുണ്ടോ എന്ന് പരിശോധിക്കും; നടപടി സിപിഐ മാർച്ചിന് പിന്നാലെ

എറണാകുളം ചോറ്റാനിക്കരയിലെ മന്ത്രവാദിയുടെ വീട്ടിലേക്ക് സിപിഐ മാർച്ച്. ദോഷം മാറ്റാനെന്ന വ്യാജേന മന്ത്രവാദം നടത്തി, സാമ്പത്തിക തട്ടിപ്പ് നടത്തുന്നുവെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. അന്വേഷണം നടത്തി നടപടിയെടുക്കാമെന്ന പൊലീസിന്‍റെ ഉറപ്പിൽ പ്രതിഷേധം അവസാനിപ്പിച്ചു. ചോറ്റാനിക്കര തലക്കോട് സ്വദേശി ജയരാജിന്‍റെ വീട്ടിലേക്കായിരുന്നു സിപിഐയുടെ പ്രതിഷേധം.