പെൺകുട്ടിയുമായുള്ള ബന്ധം  തകർന്നതോടെ കിരണ് കടുത്ത പ്രണയനൈരാശ്യത്തിലായിരുന്നുവെന്ന് ഇയാളുടെ സുഹൃത്തുകൾ തന്നെ മൊഴി നൽകിയിരുന്നുവെന്ന് പൊലീസ് പറയുന്നു.

തിരുവനന്തപുരം: ആഴിമലയിൽ യുവാവിനെ കടലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് പൊലീസ്. അഞ്ച് മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് കിരണിൻ്റെ മരണം കൊലപാതകമോ അപകടമരണമോ അല്ല ആത്മഹത്യ തന്നെയാണ് എന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയത്. ഇക്കാര്യം വ്യക്തമാക്കി പൊലീസ് ഉടനെ കോടതിയിൽ കുറ്റപത്രം നൽകും. കിരണിൻ്റെ സുഹൃത്തായ പെൺകുട്ടിയേയും ഇവരുടെ സഹോദരൻ ഹരി, സഹോദരീ ഭർത്താവ് രവി എന്നിവരെ കേസിൽ പ്രതി ചേർത്തേക്കും എന്നാണ് വിവരം. 

കഴിഞ്ഞ ജൂലൈ ഒൻപതിനാണ് ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാണാനെത്തിയ തിരുവനന്തപുരം മൊട്ടമൂട് സ്വദേശി കിരണിനെ പെൺകുട്ടിയുടെ സഹോദരനും അളിയും ചേർന്ന് തട്ടിക്കൊണ്ടു പോയത്. പ്രതികൾ തട്ടിക്കൊണ്ടു പോയതിന് ശേഷം കിരണിനെ പിന്നെ ആരും ജീവനോടെ കണ്ടിട്ടില്ല. ദിവസങ്ങൾക്ക് ശേഷം തമിഴ്നാട്ടിലെ കുളച്ചൽ തീരത്ത് നിന്നാണ് കിരണിന്റെ മൃതദേഹം കണ്ടെത്തിയത്. തുട‍ർന്ന് ഡിഎൻഎ പരിശോധന നടത്തിയാണ് മൃതദേഹം കിരണിൻ്റേത് തന്നെ എന്നുറപ്പിച്ചത്. 

കിരൺ കടപ്പുറത്തേക്ക് ഓടിപോകുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പിന്നീട് കണ്ടെടുത്തിരുന്നു. എന്നാൽ ഇയാളെ ആരെങ്കിലും പിന്തുടരുന്നതായി ദൃശ്യങ്ങളിൽ ഇല്ലായിരുന്നു. എന്നാൽ കിരണിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി എന്ന വാദത്തിൽ ഉറച്ചു നിൽക്കുകയായിരുന്നു കുടുംബം. ഇതോടെയാണ് കേസിൽ വിപുലമായ അന്വേഷണം നടത്താൻ പൊലീസ് തീരുമാനിച്ചത്. ലഭ്യമായ എല്ലാ തെളിവുകളും സാക്ഷിമൊഴികളും പരിശോധിച്ച ശേഷമാണ് കിരൺ കടലിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന നിഗമനത്തിൽ പൊലീസ് എത്തിച്ചേർന്നത്. 

കിരണിൻ്റെ മരണം ആത്മഹത്യയാണ് എന്ന് നിഗമനത്തിലേക്ക് പൊലീസിനെ എത്തിച്ചത് സാക്ഷിമൊഴികളും സാഹചര്യ തെളിവുകളുമാണ്. പെൺസുഹൃത്തിനെ കാണാൻ വീട്ടിലെത്തിയ കിരണിനെ അവിടെ വച്ച് പെൺകുട്ടിയുടെ സഹോദരനും ഭാര്യാസഹോദരനും ചേർന്ന് ബൈക്കിൽ കയറ്റി കൊണ്ടു പോകുന്നുണ്ട്. എന്നാൽ ആഴിമല കടപ്പുറത്തിന് അരക്കിലോ മീറ്റർ അകലെ വച്ച് കിരണ് ഇവരുടെ കൈയിൽ നിന്നും ഓടിരക്ഷപ്പെട്ടു. ഇതിനു ശേഷം കിരണ് കടപ്പുറം ഭാഗത്തേക്ക് ഒറ്റയ്ക്ക് ഓടിപ്പോയി. ഇതോടെ മറ്റേ രണ്ടു പേർ തിരികെ മടങ്ങി പോകുകയും ചെയ്തു. കിരൺ ഓടി പോകുന്ന സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചിരുന്നു. കിരണിനെ ആരും പിന്തുടർന്നില്ലെന്ന് ദൃശ്യങ്ങളിൽ നിന്നും ബോധ്യമായി ഇതോടെ കൊലപാതക സാധ്യത പൊലീസ് തള്ളി. 

കിരൺ കടപ്പുറത്തേക്ക് ഓടി അധിക സമയം കഴിയും മുൻപേ ഒരാൾ കടലിലേക്ക് ചാടുന്നത് കണ്ടെന്ന് ക്ഷേത്രപരിസരത്ത് നിന്ന രണ്ട് പേർ ലോക്കൽ പൊലീസിനെ അറിയിച്ചിരുന്നു. ഇവരുടെ മൊഴിയെടുത്തതിൽ കിരണിനോട് രൂപസാദൃശ്യമുള്ള ആളാണ് കടലിൽ ചാടിയത് എന്ന് വ്യക്തമായി. കിരൺ കടലിൽ ചാടി എന്ന് കരുതപ്പെടുന്ന സ്ഥലത്ത് അന്ന് ലോക്കൽ പൊലീസ് നടത്തിയ പരിശോധനയിൽ കിരണിൻ്റെ ചെരുപ്പുകൾ കണ്ടെത്തിയിരുന്നു. അസ്വഭാവികമായി എന്തെങ്കിലും നടന്നതിൻ്റെ ലക്ഷണങ്ങൾ അവിടെ ഉണ്ടായിരുന്നില്ല. 

പെൺകുട്ടിയുമായുള്ള ബന്ധം തകർന്നതോടെ കിരണ് കടുത്ത പ്രണയനൈരാശ്യത്തിലായിരുന്നുവെന്ന് ഇയാളുടെ സുഹൃത്തുകൾ തന്നെ പൊലീസിന് മൊഴി നൽകിയിരുന്നു. ബന്ധം അവസാനിപ്പിക്കേണ്ടി വരികയും ഇതേ ചൊല്ലി പെൺകുട്ടിയുടെ ബന്ധുക്കളിൽ നിന്നും മർദ്ദനമേൽക്കേണ്ടി വരികയും ചെയ്തതോടെ ഉണ്ടായ മാനസിക സംഘർഷത്തിലാക്കാം ജീവനൊടുക്കാനുള്ള കടുത്ത തീരുമാനത്തിലേക്ക് കിരൺ എത്തിയതെന്നാണ് പൊലീസ് കരുതുന്നത്. കാര്യങ്ങളിൽ വ്യക്തത വന്നതോടെ കേസിൽ ഉടനെ കുറ്റപത്രം നൽകാനുള്ള നീക്കത്തിലാണ് പൊലീസ്. കിരണിനെ അന്യായമായി കസ്റ്റഡിലെടുത്ത് മർദ്ദിച്ചതിന് പ്രതികൾക്കെതിരെ നേരത്തെ വിഴിഞ്ഞം പൊലീസ് കേസെടുത്തിരുന്നു