പീച്ചി പൊലീസ് സ്റ്റേഷനിൽ എസ്ഐ ആയിരുന്ന പിഎം രതീഷിനെതിരെ കൂടുതൽ പരാതി. മുദ്ര ലോൺ ശരിയാക്കാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ സ്ത്രീക്കൊപ്പം നിന്നുകൊണ്ടാണ് പിഎം രതീഷ് വയോധികനായ പ്രഭാകരനെ മര്‍ദിച്ചതെന്നാണ് പരാതി
തൃശൂര്‍: പീച്ചി പൊലീസ് സ്റ്റേഷനിൽ എസ്ഐ ആയിരുന്ന പിഎം രതീഷിനെതിരെ കൂടുതൽ പരാതി. പീച്ചി പൊലീസ് സ്റ്റേഷനിൽ പരാതി പറയാനെത്തിയ വയോധികനെ എസ്ഐ പിഎം രതീഷ് മര്‍ദിച്ചതായാണ് പരാതി. പ്രധാനമന്ത്രിയുടെ മുദ്ര ലോൺ ശരിയാക്കാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ സ്ത്രീക്കൊപ്പം നിന്നുകൊണ്ടാണ് പിഎം രതീഷ് വയോധികനായ പ്രഭാകരനെ മര്‍ദിച്ചതെന്നാണ് പരാതി. സ്ട്രോക്ക് വന്ന തന്നെ പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി മുഖത്ത് അടിച്ചുവെന്നും പരാതി പറഞ്ഞതിന് മര്‍ദനം തുടര്‍ന്നുവെന്നും പ്രഭാകരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മനുഷ്യത്വരഹിതമായി ഒരു മൃഗത്തോട് സംസാരിക്കുന്നതുപോലെയാണ് തന്നോട് എസ്ഐ രതീഷ് സംസാരിച്ചതെന്ന് പ്രഭാകരൻ പറഞ്ഞു. തന്‍റെ പരാതി പരിഗണിക്കാതെ മുക്കുപ്പണ്ടം തട്ടിപ്പ് കേസിൽ പ്രതിയായ സ്ത്രീ നൽകിയ പരാതിയുടെ പേരിൽ എസ്ഐ തന്നെ മര്‍ദിക്കുകയായിരുന്നുവെന്ന് പ്രഭാകരൻ പറഞ്ഞു.
മുദ്രാ ലോണ്‍ ശരിയാക്കാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ സംഭവത്തിൽ താൻ നൽകിയ പരാതി അവഗണിച്ച് പ്രതിയായ സ്ത്രീക്കൊപ്പം നിൽകുകയായിരുന്നും എസ്ഐ പിഎം രതീഷ്. സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയശേഷം തന്‍റെ ഭാര്യയെ പുറത്താക്കിയശേഷമാണ് തന്നെ മര്‍ദിച്ചതെന്ന് പ്രഭാകരൻ പറഞ്ഞു. പീച്ചി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടും സ്വീകരിച്ചില്ലെന്നും പ്രഭാകരൻ ആരോപിച്ചു. പ്രഭാകരനെതിരെ പരാതി നൽകിയ സ്ത്രീ മുക്കുപ്പണം തട്ടിപ്പ് കേസിലും പ്രതിയാണ്. പിഎം രതീഷിനെതിരെ കഴിഞ്ഞ ദിവസങ്ങളിൽ കൂടുതൽ പേര്‍ ആരോപണവുമായി രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് മര്‍ദനമേറ്റന്ന ആരോപണവുമായി പ്രഭാകരനും രംഗത്തെത്തിയത്.
അതേസമയം, പൊലീസ് സ്റ്റേഷനുകളിലെ കസ്റ്റഡി മര്‍ദനങ്ങള്‍ക്കെതിരെ ഇന്ന് കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി പ്രതിഷേധ സദസ്സ് സംഘടിപ്പിക്കും. കുന്നംകുളത്ത് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സുജിത്തിനെ ക്രൂരമായി മര്‍ദ്ദിച്ച പൊലീസുകാരെയും തുടര്‍ന്ന് പുറത്തുവന്ന വിവിധ പൊലീസ് സ്റ്റേഷനുകളിലെ മര്‍ദ്ദനങ്ങള്‍ക്ക് നേതൃത്വം കൊടുത്ത പൊലീസുകാരെയും സര്‍വീസില്‍ നിന്നും നീക്കണമെന്നാവശ്യപ്പെട്ടാണ് സമരം. കെ.പി.സി.സി ആഹ്വാനപ്രകാരം എല്ലാ പൊലീസ് സ്റ്റേഷനുകള്‍ക്കുമുന്നിലും രാവിലെ 10 മണിക്കാണ് സമരം. മുതിര്‍ന്ന നേതാക്കൾ സമരത്തിന് നേതൃത്വം നല്‍കും. കുന്നംകുളം സ്റ്റേഷന് മുന്നിൽ കെപിസിസി പ്രസിഡന്റ് ഉദ്ഘാടനം ചെയ്യും. യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് വെഞ്ഞാറമൂട്ടിലും കെ മുരളീധരൻ മ്യൂസിയം സ്റ്റേഷന് മുന്നിലും ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് എവിടെ പങ്കെടുക്കുമെന്നതിൽ തീരുമാനമായിട്ടില്ല. എറണാകുളത്തു നിന്ന് പ്രതിപക്ഷ നേതാവ് രാവിലെ തലസ്ഥാനത്ത് എത്തും.



