Asianet News MalayalamAsianet News Malayalam

ഡോക്ടറെ ആക്രമിച്ച കേസിൽ ചട്ടം ലംഘിച്ച് പൊലീസ്; മൊഴിയെടുപ്പിന് വനിതാ നഴ്സുമാ‍രോട് ഹാജരാകാന്‍ നിര്‍ദ്ദേശം

വനിതാ സാക്ഷികളെ മൊഴിയെടുക്കാനായി സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തരുതെന്ന ഡിജിപിയുടെ സർക്കുലർ നിലനിൽക്കെയാണ് പൊലീസിന്റെ നടപടി. നേരിട്ട് ഹാജരാകാനാകില്ലെന്ന് ഐസിയു ജീവനക്കാരടക്കമുള്ള വനിതാ നഴ്സുമാർ പൊലീസിനെ അറിയിച്ചിട്ടുണ്ട്. 

Police did not follow guide lines while taking statement from women witness in doctor attack case in trivandrum medical college
Author
First Published Dec 3, 2022, 11:32 PM IST

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡോക്ടറെ ആക്രമിച്ച കേസിലെ സാക്ഷികളുടെ മൊഴിയെടുപ്പിൽ പൊലിസിന്റെ ചട്ടലംഘനം. സാക്ഷികളായ വനിതാ നഴ്സുമാരോട് സ്റ്റേഷനിൽ നേരിട്ട് ഹാജരായി മൊഴി നൽകാനാണ് മെഡിക്കൽ കോളേജ് പൊലീസ് ആവശ്യപ്പെട്ടത്. വനിതാ സാക്ഷികളെ മൊഴിയെടുക്കാനായി സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തരുതെന്ന ഡിജിപിയുടെ സർക്കുലർ നിലനിൽക്കെയാണ് പൊലീസിന്റെ നടപടി. നേരിട്ട് ഹാജരാകാനാകില്ലെന്ന് വനിതാ നഴ്സുമാർ പൊലീസിനെ അറിയിച്ചിട്ടുണ്ട്. 

ആരോഗ്യ പ്രവർത്തകർക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങളിൽ അലംഭാവമില്ലാതെ കർശന നടപടിയുണ്ടാകുമെന്നാണ് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും അടക്കം ആവർത്തിക്കുന്നത്. പക്ഷെ പൊലീസ് ഇത് അറിഞ്ഞ മട്ടില്ല. കഴിഞ്ഞ മാസം  23ന് തിരുവനന്തപുരം ന്യൂറോ സർജറി വിഭാഗത്തിലെ ഡോക്ടറെ രോഗിയുടെ ഭർത്താവ് ആക്രമിച്ച കേസിൽ മൊഴിയെടുക്കുന്നതിനാണ് വനിതാ നഴ്സുമാരെ മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. സാക്ഷികളായ പതിഞ്ച് വയസ്സിന് താഴെയുള്ളവരെയോ സ്ത്രീകളെയോ മൊഴിയെടുക്കാൻ സ്റ്റേഷനിലേക്ക് വിളിപ്പിക്കരുതെന്ന ചട്ടം നിലനിൽക്കെയാണ് ഇത്. 

സ്ത്രീകളെയും വൃദ്ധരെയും സാക്ഷി മൊഴിയെടുക്കാൻ സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തരുതെന്ന ഡിജിപിയുടെ സർക്കുലറും നിലവിലുണ്ട്. ഇതിനിടെയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പൊലീസിന്റെ ഉദാസീന മനോഭാവം. ഡോക്ടറെ രോഗിയുടെ ഭർത്താവ് മർദ്ദിക്കുന്നതിന് സാക്ഷികളായ ഏഴ് വനിതാ നഴ്സുമാരോടാണ് സ്റ്റേഷനിൽ ഹാജരാകാൻ പൊലീസ് നിർദ്ദേശിച്ചത്. ഇതിൽ ഐസിയു ജീവനക്കാരുമുണ്ട്. സ്ത്രീ ജീവനക്കാരായതിനാലും ഡ്യൂട്ടിക്ക് തടസ്സം നേരിടുന്നതിനാലും നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണം എന്നാണ് നഴ്സുമാരുടെ ആവശ്യം. ഇതിന് ആവശ്യമായ നടപടിയെടുക്കണം എന്ന് ചൂണ്ടിക്കാട്ടി ആശുപത്രി സൂപ്രണ്ടിന് ഇവർ കത്തും നൽകിയിട്ടുണ്ട്. 

ഇക്കാര്യം സൂപ്രണ്ട് പൊലീസിനെ അറിയിച്ചു. ആരോഗ്യപ്രവർത്തകർക്കെതിരായ ആക്രമണങ്ങളിൽ നടപടികൾ വൈകുന്നുവെന്ന ആക്ഷേപങ്ങൾക്കിടെയാണ് ചട്ടം ലംഘിച്ചുള്ള പൊലീസ് നടപടി. കേസിലെ പ്രതിയെ പിടികൂടാത്തതിലും പ്രതിഷേധം ശക്തമായിരുന്നു. അതേസമയം കാലതാമസം ഒഴിവാക്കാനാണ് വനിതാ നഴ്സുമാരോട് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടതെന്നാണ് മെഡി.കോളെജ് പൊലീസിന്റെ വിശദീകരണം.

Follow Us:
Download App:
  • android
  • ios