ഡോഗ് സ്‌ക്വാഡിലെ നായയായ അപ്പുവിനെ സ്ഥലത്തെത്തിച്ചു. മണം പിടിച്ച നായ പ്രതികളുടെ വീടുകളിലേക്കു പായുകയായിരുന്നു. പിന്നാലെ പോയ പൊലീസ് സംഘം പ്രതികളെ പൊക്കി അകത്താക്കി

കോട്ടയം: നീണ്ടൂർ എസ്‌കെവി സ്‌കൂളിൽ മോഷണം നടത്തിയ പ്രതികളെ 24 മണിക്കൂറിനുള്ളില്‍ പിടികൂടി ഏറ്റുമാനൂര്‍ പൊലീസ്. ഡോഗ് സ്ക്വാഡിലെ ട്രാക്കർ വിഭാഗത്തിലെ ലാബ്രഡോർ നായ അപ്പു എന്ന രവിയുടെ മിടുക്കാണ് കള്ളന്മാരെ അകത്താക്കാൻ പൊലീസിനെ സഹായിച്ചത്. മോഷണവുമായി ബന്ധപ്പെട്ട് നീണ്ടൂര്‍ സ്വദേശികളായ ധനരാജ്, അരവിന്ദ് രാജു എന്നിവരെയാണു ഏറ്റുമാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

പൊലീസ് അന്വേഷണം ആരംഭിച്ച ശേഷം നടത്തിയ പരിശോധനയില്‍ സ്‌കൂളിന് സമീപമുള്ള എസ്എന്‍ഡിപിയുടെ ഉപയോഗശൂന്യമായ ശുചിമുറിയില്‍ നിന്ന് മോഷണം പോയ രണ്ട് ലാപ്‌ടോപ്പുകള്‍ കണ്ടെത്തിയിരുന്നു. മൂന്നാമത്തെ ലാപ്‌ടോപ്പ് എസ്എന്‍ഡിപിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ നിന്നും ലഭിച്ചു. ഇതിനെത്തുടര്‍ന്നു ഡോഗ് സ്‌ക്വാഡിലെ നായയായ അപ്പുവിനെ സ്ഥലത്തെത്തിച്ചു. മണം പിടിച്ച നായ പ്രതികളുടെ വീടുകളിലേക്കു പായുകയായിരുന്നു. പിന്നാലെ പോയ പൊലീസ് സംഘം പ്രതികളെ പൊക്കി അകത്താക്കി. 

രണ്ടു ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തൽ. തിങ്കളാഴ്‌ച രാവിലെയാണ് സ്കൂളിലെ കമ്പ്യൂട്ടർ ലാബിൽ സൂക്ഷിച്ചിരുന്ന മൂന്ന് ലാപ്ടോപ്പുകളും രണ്ട് കാമറകളും മോഷണം പോയത്. മറ്റ് റൂമുകളിൽ നടത്തിയ പരിശോധനയിൽ ഒരു ലാപ്ടോപ്പ് കൂടി നഷ്ടപ്പെട്ടതായും കണ്ടെത്തി. ഉടൻ തന്നെ ഏറ്റുമാനൂർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.