കൊലപാതകത്തിന് ശേഷം മൃതദേഹം പ്ലാസ്റ്റിക് കവര്‍ കൊണ്ട് മൂടി വെച്ചു. കയര്‍ കത്തിച്ചു കളഞ്ഞു.
കൊച്ചി : എറണാകുളം എടവനക്കാട് ഭാര്യയെ കൊന്ന് മൃതദേഹം കുഴിച്ചിട്ട കേസിലെ പ്രതി സജീവനെ കൊലപാതകം നടത്തിയ വീട്ടിലെത്തിച്ച് പൊലീസ് തെളിവെടുത്തു. കുടുംബ വഴക്കിനിടെ ഒറ്റക്കാണ് ഭാര്യ രമ്യയെ കൊലപെടുത്തിയതെന്നും കഴുത്തു മുറുക്കാൻ ഉപയോഗിച്ച കയർ കത്തിച്ചു കളഞ്ഞെന്നും സജീവൻ പൊലീസിനോട് പറഞ്ഞു.
ഉച്ചക്ക് പന്ത്രണ്ട് മണിയോടെയാണ് സജീവനെ വീട്ടിലെത്തിച്ച് പൊലീസ് തെളിവെടുത്തത്. വീടിന്‍റെ ടെറസിന്‍റെ മുകളില്‍ വച്ച് ഭാര്യ രമ്യയെ കയര്‍ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തിയതെങ്ങനെയെന്ന് സജീവൻ പൊലീസിന് കാണിച്ചു കൊടുത്തു. കൊലപാതകത്തിന് ശേഷം മൃതദേഹം പ്ലാസ്റ്റിക് കവര്‍ കൊണ്ട് മൂടി വെച്ചു. കയര്‍ കത്തിച്ചു കളഞ്ഞു.
രാത്രി വീട്ടുമുറ്റത്ത് കുഴിയെടുത്ത് മൃതദേഹം കുഴിച്ചിട്ടു. 2021 ഓക്ടോബര്‍ 16 ന് രമ്യയുമായി വഴക്കുണ്ടായതിനു പിന്നാലെയായിരുന്നു കൊലപാതകം. രമ്യയെ കാണാനില്ലെന്ന പരാതിയില്‍ സജീവനെ സംശയിക്കാൻ ആദ്യം കഴിഞ്ഞില്ലെന്ന് പൊലീസ് പറഞ്ഞു. സംശയത്തിന് ഇട വരാത്ത രീതിയിൽ രമ്യ കാമുക്നറെ കൂടെ പോയി എന്ന് പ്രതി കഥ മെനഞ്ഞു. തുടര്‍ച്ചയായി ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തില്‍ സജീവന്‍റെ പങ്ക് വ്യക്തമായത്. ഭാര്യയിലുള്ള സംശയമാണ് കൊലപാതകത്തിന് കാരണമെന്ന് സജീവൻ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ഇലന്തൂർ നരബലി കേസിന് ശേഷം സ്ത്രീകളുടെ തിരോധാന കേസുകൾ പൊലീസ് വീണ്ടും പ്രത്യേകമായി പരിശോധിച്ചതോടെയാണ് നാടിനെ നടുക്കിയ അരും കൊലയുടെ ചുരുളുകൾ അഴിഞ്ഞത്.
വൈപ്പിൻ ഞാറക്കലിൽ നിന്നും കാണാതായ രമ്യയെ ഭർത്താവ് കൊന്ന് കുഴിച്ചുമുടുകയായിരുന്നുവെന്നാണ് ഒന്നരവർഷത്തിന് ശേഷം തെളിഞ്ഞത്. വാച്ചാക്കലിൽ വാടകക്ക് താമസിച്ച് വരുന്നതിനിടെ 2021 ഒക്ടോബർ 16 നാണ് രമ്യയെ കൊലപ്പെടുത്തിയതെന്നാണ് ഭർത്താവ് സജീവൻ പൊലീസിന് നൽകിയ മൊഴി. ഭാര്യയെ സംബന്ധിച്ച് ചില സംശയങ്ങൾ സജീവനുണ്ടായിരുന്നു. ഒക്ടോബർ 16 ന് രമ്യയുമായി വാക്കുതർക്കമായി. തർക്കത്തിനിടെ കഴുത്തിൽ കയർ കുരുക്കി കൊലപ്പെടുത്തി. പകൽ സമയത്താണ് കൊലപാതകം നടത്തിയത്. മൃതദേഹം ഒളിപ്പിച്ച ശേഷം രാത്രി വീട്ടു മുറ്റത്ത് കുഴിച്ചുമൂടുകയായിരുന്നുവെന്നാണ് മൊഴി.
