ആലപ്പുഴ: ലോക്ക് ഡൗൺപ്രവർത്തനങ്ങളിൽ രാപ്പകലില്ലാതെ മുൻപന്തിയിൽ തന്നെയുണ്ട് സംസ്ഥാനത്തെ പൊലീസ് സേന. ലോക്ക്‌ഡൗണ്‍ കാലത്ത്‌ കൊടുംചൂട്‌ വകവയ്‌ക്കാതെ നിരത്തുകളില്‍ ജോലി ചെയ്യുമ്പോള്‍ പഴവും കുടിവെള്ളവുമായി എത്തുന്ന തെങ്ങുകയറ്റ തൊഴിലാളിയായ ഗിരീഷിന്‌ വിഷുക്കൈനീട്ടം നൽകിയിരിക്കുകയാണ് പൊലീസ്‌. 

ലോക്ക് ഡൗൺ തുടങ്ങിയത് മുതല്‍ എന്നും ഉച്ചയ്ക്ക് ആലപ്പുഴ നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്യുന്ന മുപ്പതോളം പൊലീസുകാര്‍ക്ക് ഇളനീരും പഴങ്ങളുമായി ​ഗിരീഷ് എത്തുമായിരുന്നു. ഇന്നലെ പതിവു തെറ്റിക്കാതെ പഴവുമായി എത്തിയ ഗിരീഷിന് പൊലീസ് ഉദ്യോഗസ്ഥർ വിഷുക്കൈനീട്ടം നൽകി. ഏറെ നിർബന്ധിച്ച ശേഷമാണ് കൈനീട്ടം വാങ്ങാൻ ​ഗിരീഷ് തയ്യാറായത്. 

കലവൂർ സ്വദേശിയായ ഗിരീഷിന് ആലപ്പുഴ ടിഡി സ്കൂളിനു മുൻപിൽ വാണ് പൊലീസ് നിർബന്ധിച്ച് കൈനീട്ടം നൽകിയത്. പൊലീസുകാർ കൈനീട്ടം നൽകിയപ്പോൾ വാങ്ങാൻ കൂട്ടാക്കാതിരുന്ന ഗിരീഷിന്റെ മറുപടി ‘ഇതെന്റെ ജോലിയാണ് സാറെ..’ എന്നായിരുന്നു. ഇതിന്റെ വീഡിയോ കേരളാ പൊലീസിന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചിട്ടുണ്ട്.