കൊച്ചി: യുവനടിയെ കൊച്ചിയിലെ ഷോപ്പിംഗ് മാളിൽ വച്ചു അപമാനിച്ച സംഭവത്തിൽ പ്രതികളായ രണ്ട് യുവാക്കളെ തിരിച്ചറിഞ്ഞു. മലപ്പുറം പെരിന്തൽമണ്ണ സ്വദേശികളായ ഇര്‍ഷാദ്, ആദിൽ എന്നിവരാണ് കൊച്ചിയിലെ ഏറ്റവും തിരക്കേറിയ ഷോപ്പിംഗ് മാളിൽ വച്ച് യുവനടിയോട് അപമര്യാദയായി പെരുമാറിയത്. 

ജോലി ആവശ്യത്തിനായാണ് തങ്ങൾ കൊച്ചിയിലെത്തിയതെന്നും തിരിച്ചു പോകാനുള്ള തീവണ്ടി എത്താൻ ഒരുപാട് സമയമുള്ളതിനാലാണ് കൊച്ചി ലുലു മാളിലെത്തിയതെന്നും യുവാക്കൾ പറയുന്നു. ഇവിടെ വച്ച് നടിയെ കണ്ടെന്നും അടുത്തു പോയി സംസാരിച്ചെന്നും യുവാക്കൾ പറയുന്നു. എന്നാൽ നടിയെ പിന്തുടരുകയോ അപമാനിക്കുകയോ ചെയ്തിട്ടില്ലെന്നും ഒരു ദുരുദേശ്യത്തോടെയും അല്ല കൊച്ചിയിൽ എത്തിയതെന്നും യുവാക്കൾ പറയുന്നു. 

അറിഞ്ഞു കൊണ്ട് നടിയേയോ അവരുടെ കുടുംബത്തേയോ അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്നും അറിഞ്ഞു കൊണ്ട് അങ്ങനെ ചെയ്തിട്ടില്ലെന്നും എന്തെങ്കിലും തരത്തിൽ തങ്ങളുടെ ഭാഗത്ത് നിന്നും മോശം പെരുമാറ്റമുണ്ടായിട്ടുണ്ടെങ്കിൽ മാപ്പ് പറയാൻ തയ്യാറാണെന്നും യുവാക്കൾ പറയുന്നു. സംഭവം വലിയ വിവാദമായ കാര്യം ഇന്നലെയാണ് അറിഞ്ഞതെന്നും തുടര്‍ന്ന് പെരിന്തൽമണ്ണയിലെ ഒരു അഭിഭാഷകനെ പോയി കാണുകയും ചെയ്തുവെന്ന് യുവാക്കൾ പറയുന്നു. 

ഈ അഭിഭാഷകൻ്റെ നിര്‍ദേശം അനുസരിച്ചാണ് ഇവര്‍ ഒളിവിൽ പോയത്. തനിക്ക് നേരിട്ട ദുരനുഭവം യുവനടി ഇൻസ്റ്റാഗ്രാമിലൂടെ പുറംലോകത്തെ അറിയിച്ചിരുന്നു. സംഭവം വിവാദമായതോടെ ഐജി വിജയ് സാഖറെയുടെ നിര്‍ദേശപ്രകാരം കളമശ്ശേരി സിഐ സ്വന്തം നിലയിൽ അന്വേഷണം തുടങ്ങിയിരുന്നു. യുവാക്കളുടെ വിവരങ്ങൾ മാധ്യമങ്ങൾ പുറത്തു വിട്ടതിന് പിന്നാലെ സംഭവത്തിൽ കേസ് രജിസ്റ്റര്‍ ചെയ്ത കളമശ്ശേരി പൊലീസ് പെരിന്തൽമണ്ണിയിലേക്ക് എത്തിയിട്ടുണ്ട്. പൊലീസിന് മുൻപിൽ കീഴടങ്ങാൻ തയ്യാറാണെന്നാണ് യുവാക്കളുടെ നിലപാട്.