ചൊവ്വാഴ്ച രാത്രി നഗരമധ്യത്തിലുണ്ടായ സ്ഫോടനം വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. സംഭവത്തിൽ ചങ്ങരംകുളം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയായിരുന്നു.
മലപ്പുറം: എടപ്പാളിൽ തിരക്കേറിയ ട്രാഫിക് റൗണ്ടിൽ രാത്രി പടക്കം പൊട്ടിച്ചു കടന്നു കളഞ്ഞ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. പൊന്നാനി പള്ളപ്രം സ്വദേശി വിഷ്ണു, അയ്യോട്ടിച്ചിറ സ്വദേശി ജംഷീർ എന്നിവരാണ് പിടിയിലയത്. പൊട്ടിത്തെറിയെത്തുടർന്ന് സ്ഥലത്തെത്തിയ ബോംബ് സ്ക്വഡും ഫോറൻസിക് സംഘവും സാമ്പിളുകൾ ശേഖരിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞ ബൈക്കിന്റെ നമ്പർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് യുവാക്കൾ പിടിയിലായത്. ദുരുദ്ദേശത്തോടെ ചെയ്ത പ്രവർത്തിയല്ലെന്നാണ് യുവാക്കൾ പൊലീസിന് നൽകിയിരിക്കുന്നത്. പൊതുസ്ഥലത്ത് ശല്യമുണ്ടാക്കിയതിന് പോലീസ് ഇരുവർക്കുമെതിരെ കേസെടുത്തിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി നഗരമധ്യത്തിലുണ്ടായ സ്ഫോടനം വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. സംഭവത്തിൽ ചങ്ങരംകുളം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയായിരുന്നു.
ചൊവ്വാഴ്ച വൈകീട്ട് ഏഴരയോടെയാണ് തിരക്കേറിയ എടപ്പാൾ ടൗൺ മേൽപ്പാലത്തിന്റെ താഴെ ട്രാഫിക് സർക്കിളിൽ നാട്ടുകാരെ പരിഭ്രാന്തരാക്കുന്ന പൊട്ടിത്തെറിയുണ്ടായത്. ബൈക്കിൽ വന്ന രണ്ട് യുവാക്കൾ പടക്കം പോലുള്ള വസ്തു ട്രാഫിക് സർക്കിളിൽ വെക്കുന്നതും തീ കത്തിച്ച് പൊന്നാനി ഭാഗത്തേക്ക് പോകുന്നതും നിരീക്ഷണ കാമറയിൽ പതിഞ്ഞിരുന്നു. വാഹനങ്ങൾ പോകുന്നതിന് ഇടയിലായിരുന്നു പൊട്ടിത്തെറി. ഉഗ്രശബ്ദത്തിനൊപ്പം സമീപത്തെ കോൺക്രീറ്റിന്റെ ചെറിയ കഷ്ണം അടർന്ന് പോയിട്ടുണ്ട്.
വിവരമറിഞ്ഞ് വൻ പൊലീസ് സംഘം സ്ഥലത്ത് എത്തി. പിന്നാലെ ബോംബ് സ്ക്വാഡും ഫോറൻസിക് വിദഗ്ദ്ധറും എത്തി പരിശോധന നടത്തി. വലിയ സ്ഫോടക വസ്തുകളുടെ അവശിഷ്ടങ്ങളോ സംശയാസ്പദമായി മറ്റെന്തെങ്കിലുമോ സ്ഥലത്ത് നിന്നും കണ്ടെത്താൻ സാധിച്ചിരുന്നില്ല. കൈയിൽ കിട്ടിയ സാമ്പിളുകൾ പൊലീസ് പരിശോധനയ്ക്ക് അയച്ചു. ട്രാഫിക് സർക്കിളിന് ചുറ്റുമുള്ള കടകളിലെ സിസിടിവി ക്യാമറകൾ പരിശോധിച്ച പൊലീസ് വ്യാപാരികൾ അടക്കം നിരവധി പേരുടെ മൊഴിയെടുക്കുകയും ചെയ്തിരുന്നു. ഇങ്ങനെ അതീവ ഗൗരവത്തോടെ പൊലീസ് അന്വേഷണം തുടരുന്നതിനിടെയാണ് ഒരു തമാശയ്ക്ക് പടക്കം പൊട്ടിച്ച യുവാക്കൾ പൊലീസിൻ്റെ പിടിയിലായത്.
