തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റേതായി പുറത്തുവന്ന ശബ്ദരേഖ സംബന്ധിച്ച് അന്വേഷണം നടത്തുന്ന കാര്യത്തിൽ പൊലീസിൽ അവ്യക്തത. ശബ്ദരേഖ തന്റേതാണെന്ന് സ്വപ്ന പറഞ്ഞ സാഹചര്യത്തിൽ കേസെടുക്കാനാവില്ലെന്നാണ് പൊലീസ് പറയുന്നത്. ജയിൽ വകുപ്പിൻ്റെ പരാതിയിൽ ആലോചന തുടരുകയാണ്. 

ജയിൽ ഡിജിപിയുടെ പരാതിയിൽ കേസെടുക്കുന്നത് സംബന്ധിച്ച് അഡ്വക്കറ്റ് ജനറലിനോട് നിയമോപദേശം തേടിയിട്ടുണ്ട്. കേസെടുത്ത് അന്വേഷണം സാധ്യമാണോയെന്നാണ് പരിശോധിക്കുന്നത്. 

മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ നിർബന്ധിച്ചെന്ന പേരിൽ പുറത്ത് വന്ന ശബ്ദസന്ദേശം തൻറേതെന്ന് സ്വപ്ന സുരേഷ് സമ്മതിച്ചതായി ജയിൽ ഡിഐജി നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് ശബ്ദസന്ദേശം പുറത്തായത് എങ്ങനെയെന്ന് കണ്ടെത്താൻ ജയിൽ മേധാവി ഡിജിപിയോട് വിശദമായ അന്വേഷണം ആവശ്യപ്പെട്ടത്. അന്വേഷണം വഴിതെറ്റിക്കാൻ ശബ്ദ സന്ദേശം പുറത്തുവിട്ടുവെന്നാണ് ഇഡിയുടെ സംശയം.

ശബ്ദം തന്‍റേതെന്ന് പറയുമ്പോോഴും എവിടെവെച്ച് റെക്കോർഡ് ചെയ്തതെന്ന് സ്വപ്ന വ്യക്തമാക്കുന്നില്ല എന്നത് സംശയങ്ങൾ കൂട്ടുന്നു. സ്വപ്നയെ അട്ടക്കുളങ്ങര ജയിലിലേക്ക് മാറ്റിയത് ഒക്ടോബർ 14-ന്. കൊഫെപോസ തടവുകാരിയായതിനാൽ ഇതുവരെ ജയിലിൽ നിന്നും അവർ പുറത്തുപോയിട്ടില്ല. ഇതുവരെ സന്ദർശിച്ചത് ബന്ധുക്കൾ മാത്രമാണെന്നാണ് ജയിൽ ഡിജിപിയുടെ വിശദീകരണം.

ആ സമയത്ത് ജയിൽ ഉദ്യോഗസ്ഥരും കസ്റ്റംസ് അധികൃതരും ഒപ്പമുണ്ടായിരുന്നു. ജയിലിൽ നിന്നും ഒരുതവണ മാത്രമാണ് സ്വപ്ന ഫോൺ വിളിച്ചത്, അത് അമ്മയെയാണെന്നും ജയിൽവകുപ്പ് പറയുന്നു. അപ്പോൾ എവിടെ വെച്ച്, ആര് ശബ്ദം റെക്കോർഡ് ചെയ്തു എന്നതാണ് വലിയ ചോദ്യം. അട്ടക്കുളങ്ങര ജയലിൽ വെച്ച് സ്വപ്നയെ വിജിലൻസ് ചോദ്യം ചെയ്തത് ഈ മാസം രണ്ടിന്. മൂന്നിനും പത്തിനുമായിരുന്നു ഇഡി ചോദ്യം ചെയ്യൽ.

നവംബർ 18-നായിരുന്നു കസ്റ്റംസിന്‍റെ ചോോദ്യം ചെയ്യൽ. സ്വർണ്ണക്കടത്ത് കേസിൽ എം ശിവശങ്കറിനും മുഖ്യമന്ത്രിയുടെ ഓഫീസിനും ഉള്ള പങ്കിനെക്കുറിച്ച് സ്വപ്ന ഇഡിക്ക് മൊഴി നൽകിയത് ഈ മാസം പത്തിന്. ആറിന് ശേഷമുള്ള മൊഴികൾ വായിച്ച് കേൾപ്പിച്ചില്ലെന്ന സ്വപ്നയുടെ ശബ്ദസന്ദേശത്തിൽ അതുകൊണ്ടാണ് ഇഡി ദുരൂഹത കാണുന്നത്. ജയിലിൽ നിന്നല്ല റെക്കോർഡ് ചെയ്തതെന്ന ഡിഐജിയുടെ നിലപാടിനെ ഇഡി പൂർണ്ണമായും വിശ്വസിക്കുന്നില്ല. 

ശബ്ദരേഖ പുറത്തായതിൽ ജയിൽ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോ എന്നതടക്കം ഇഡി അന്വേഷിക്കും. മറ്റെതെങ്കിലും ഏജൻസിയുമായുുള്ള സംഭാഷണമാണോ പുറത്തായതെന്ന സംശയവും ബാക്കി.  മുഖ്യമന്ത്രിയുടെ ഓഫീസിൽ പിടിമുറുക്കുന്നതിനിടെ പുറത്ത് വന്ന ശബ്ദ സന്ദേശം ഇഡിയെ സമ്മർദ്ദത്തിലാക്കുന്നു. രാഷ്ട്രീയമായി നേട്ടമെങ്കിലും പ്രമാദമായ കേസിലെ പ്രതിയുടെ ശബ്ദസന്ദേശം പുറത്തായത് മുഖ്യമന്ത്രിക്ക് കീഴിലെ ആഭ്യന്തരവകുപ്പിനെ സംശയത്തിൻറെ നിഴലിലുമാക്കുന്നു.