കേസെടുത്തതിന് പിന്നാലെ ഉദ്യോഗസ്ഥനെ ചോദ്യം ചെയ്യലിനായി പൊലീസ് പിഡബ്ല്യുഡി അസിസ്റ്റൻറ് എൻജിനീയറുടെ ഓഫീസിലെത്തി. എന്നാൽ ഇയാൾ അവധിയിൽ പോയതിനാൽ പൊലീസിന് ചോദ്യം ചെയ്യാൻ കഴിഞ്ഞില്ല.
ഇടുക്കി: തൊടുപുഴയിൽ മുന്നറിയിപ്പ് ബോര്‍ഡുകളില്ലാതെ റോഡിന് കുറുകെ സ്ഥാപിച്ച കയർ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രക്കാരന് പരിക്കേറ്റ സംഭവത്തിൽ പൊതുമരാമത്ത് ഉദ്യോഗസ്ഥനെതിരെ തുടർനടപടികളുമായി പൊലീസ് മുന്നോട്ട്. കേസെടുത്തതിന് പിന്നാലെ ഉദ്യോഗസ്ഥനെ ചോദ്യം ചെയ്യലിനായി പൊലീസ് പിഡബ്ല്യുഡി അസിസ്റ്റൻറ് എൻജിനീയറുടെ ഓഫീസിലെത്തി. എന്നാൽ ഇയാൾ അവധിയിൽ പോയതിനാൽ പൊലീസിന് ചോദ്യം ചെയ്യാൻ കഴിഞ്ഞില്ല.
അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയറെ ചോദ്യം ചെയ്യുന്നതിനായാണ് എത്തിയതെന്ന് പൊലീസ് സംഘം അറിയിച്ചു. ബൈക്ക് യാത്രക്കാരന്റെ പരാതിയിൽ അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്കെതിരെ നേരത്തെ പൊലീസ് കേസെടുത്തിരുന്നു. ഇയാൾക്കൊപ്പം റോഡ് നിർമ്മിച്ച കരാറുകാരനെയും മേൽനോട്ടം വഹിച്ച ഓവർസിയറെയും വിളിച്ചുവരുത്തി ചോദ്യം ചെയ്യുമെന്നും തൊടുപുഴ ഡിവൈഎസ്പി മധുബാബു അറിയിച്ചു. വാഹനത്തിലെ യാത്രക്കാരുടെ ജീവന് ഭീഷണിയുണ്ടാകുന്ന തരത്തിലാണ് കയറ് കെട്ടിയിരുന്നത്. പൊലീസിതിനെ ഗൗരവത്തോടെയാണ് ഇതിനെ കാണുന്നതെന്നും പൊലീസ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് മുന്നറിയിപ്പ് ബോര്‍ഡുകളില്ലാതെ റോഡിന് കുറുകെ സ്ഥാപിച്ച കയർ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രക്കാരന് സാരമായി പരിക്കേറ്റത്. ബൈക്ക് യാത്രക്കാരനായ ജോണിയുടെ പരാതിയില്‍ കരാറുകാരനെതിരെയും തൊടുപുഴ പൊലീസ് കേസെടുത്തിട്ടുണ്ട്. കരാറുകാരന് വിഴ്ച്ച പറ്റിയിട്ടുണ്ടെന്ന് പ്രഥാമിക പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്.
കാരിക്കോട് തെക്കുംഭാഗം റോഡില്‍ ടൈല്‍ പാകുന്നതിന്‍റെ ഭാഗമായി കുരിശുപള്ളിക്ക് സമീപമാണ് റോഡിന് കുറുകെ കരാറുകാരന്‍ കയര്‍ കെട്ടിയത്. വഴി തടസപെടുത്തുമ്പോള്‍ വെക്കുന്ന മുന്നറിയിപ്പ് ബോര്‍ഡുകള്‍ അവിടെ ഉണ്ടായിരുന്നില്ല. പണി നോക്കി നടത്തേണ്ട പൊതുമാരാമത്ത് ഉദ്യോഗസ്ഥരും സ്ഥലത്തില്ലായിരുന്നു. ചെറിയ കയറായതിനാല്‍ സ്കൂട്ടറില്‍ യാത്രചെയ്ത് ജോണി അതില്‍ കുരുങ്ങി. ഒപ്പമുണ്ടായിരുന്ന ഭാര്യയുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടികൂടി ആശുപത്രിയിലെത്തിച്ചു. ജോണിക്ക് പരിക്ക് പറ്റിയെന്നറയിച്ചിട്ടം പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ തിരിഞ്ഞുനോക്കിയില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.

