സ്റ്റേഷനുകളില്‍ കയറിയിറങ്ങാനേ സമയമുള്ളൂ; ജീവന്‍ രക്ഷിക്കുന്ന 108 ആംബുലന്‍സ് ജീവനക്കാരെ ദ്രോഹിച്ച് പൊലീസ്
അത്യാഹിത ഘട്ടങ്ങളില്‍ ജീവന്‍ രക്ഷിച്ച് ആശുപത്രിയില്‍ എത്തിക്കുന്ന ആംബുലൻസ് ജീവനക്കാരെ കേസില്‍ സാക്ഷികളായി ഉള്‍പ്പെടുത്തിയും അവരെ നിരന്തരം സ്റ്റേഷനുകളിലേക്ക് വിളിപ്പിച്ചും ആംബുലന്‍സുകളുടെ ലോഗ് ബുക്കുകള്‍ പിടിച്ചുവെച്ചുമൊക്കെയാണ് പൊലീസ് പീഡിപ്പിക്കുന്നതെന്ന് നടത്തിപ്പ് ചുമതലയുള്ള കമ്പനി ആരോപിക്കുന്നു.

തിരുവനന്തപുരം: സംസ്ഥാനത്ത് സേവനം നല്‍കുന്ന 108 ആംബുലൻസുകളിലെ ജീവനക്കാരെ പൊലീസ് പീഡിപ്പിക്കുന്നതായി പരാതി. അപകടങ്ങളിലും അത്യാഹിതങ്ങളിലും പെടുന്നവരുടെ ജീവൻ രക്ഷിക്കുന്ന ആബുലന്‍സ് ജീവനക്കാരെ കേസുകളില്‍ സാക്ഷിയാക്കുകയും നിരന്തരമായി പൊലീസ് സ്റ്റേഷനുകളിലേക്ക് വിളിപ്പിക്കുകയും ചെയ്യുന്നുവെന്നാണ് 108 ആംബുലൻസിന്റെ നടത്തിപ്പുകാരായ ഇ.എം.ആര്‍.ഐ ഗ്രീൻ ഹെൽത്ത് സർവ്വീസിന്റെ പരാതി.
സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന 108 ആംബുലൻസുകളാണ് ഇപ്പോള്‍ അപകടങ്ങളില്‍പ്പെടുന്നവരുടെ ജീവൻ രക്ഷിക്കുന്നതിലെ പ്രധാന ഘടകം. കമ്പനി ജീവനക്കാരും സന്നദ്ധ പ്രവർത്തനം നടത്തുന്നവരും 108 ആംബുലൻസുകളിൽ പ്രവർത്തിക്കുന്നുണ്ട്. അത്യാഹിത ഘട്ടങ്ങളില്‍ ജീവന്‍ രക്ഷിച്ച് ആശുപത്രിയില്‍ എത്തിക്കുന്ന ആംബുലൻസ് ജീവനക്കാരെ കേസിന്റെ ഭാഗമായിനിരന്തരം പീഡിപ്പിക്കുന്നുവെന്നാണ് നടത്തിപ്പ് ചുമതലയുള്ള കമ്പനിയുടെ പരാതി.
കേസിൽ സാക്ഷിയാക്കുന്നു, ആംബുലന്‍സിലെ ലോഗ് ബുക്ക് വാങ്ങി വയ്ക്കുന്നു. നിരന്തമായി ജീവനക്കാർക്ക് പൊലീസ് സ്റ്റേഷനുകളില്‍ പോകേണ്ടി വരുന്നതിനാൽ ആംബുലന്‍സ് സർവ്വീസ് തടസ്സപ്പെടുന്നു. ജീവനക്കാർക്ക് ഇതുമായി ബന്ധപ്പെട്ട മാനസികമായി പ്രശ്നങ്ങളുണ്ടാകുന്നുവെന്നാണ് ഗ്രീൻ ഹെൽത്ത് സർവ്വീസിന്റെ ഓപ്പറേഷൻ വിഭാഗം മേധാവി നൽകിയ കത്തിൽ പറയുന്നത്.
സംസ്ഥാനത്ത് 108 ആംബുലന്‍സുകളില്‍ പ്രതിദിനം 600 പേരെയെങ്കിലും ആശുപത്രികളിലേക്ക് മാറ്റുന്നുണ്ട്. അപകടത്തിൽപ്പെടുന്നവരും ആക്രമണങ്ങള്‍ക്ക് ഇരയാകുന്നവരും ആത്മഹത്യക്ക് ശ്രമിക്കുന്നവരുമൊക്കെ ഇവരില്‍ ഉള്‍പ്പെടും. ഇവരില്‍ പത്ത് പേരെങ്കിലും അജ്ഞാതരും ആയിരിക്കും. ഈ കേസുകളുടെ അന്വേഷണത്തിന്റെ പേരില്‍ അന്യായമായ പീഡനം ആംബുലന്‍സ് അനുഭവിക്കേണ്ടി വരുന്നുവെന്നാണ് ആക്ഷേപം.
അപകടത്തിൽപ്പെടുന്നവരെ ആശുപത്രിയില്‍ എത്തിക്കുന്നവരെ നിയമ നടപടികളിൽ നിന്നും ഒഴിവാക്കണമെന്ന നിയമം പോലും ഇവിടെ പാലിക്കപ്പെടുന്നില്ല. മറ്റ് സംസ്ഥാനങ്ങള്‍ ആംബുലൻസ് ജീവനക്കാരെ നിയമ നടപടികളിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഈ മാതൃക കേരളം കൊണ്ടുവരണമെന്നും ഉത്തരവ് ഇറക്കമെന്നുമാണ് 108 ആംബുലന്‍സുകളുടെ നടത്തിപ്പ് ചുമതലയുള്ള കമ്പനിയുടെ ആവശ്യം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...