മുംബൈ: യുവതി നൽകിയ പീഡന പരാതിയിൽ ബിനോയ് കോടിയേരിക്കെതിരായ മുംബൈ പൊലീസ് അന്വേഷണം പാതിവഴിയിൽ. ഒളിവിലുള്ള ബിനോയിയെ കണ്ടെത്തി ചോദ്യം ചെയ്താൽ മാത്രമേ പൊലീസിന് അന്വേഷണം മുന്നോട്ട് കൊണ്ടുപോകാനാകു. ബിനോയ് നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ് വൈകുന്നതാണ് പൊലീസിനെ കുഴക്കുന്നത്. 

ഹർജിയിൽ വ്യാഴാഴ്ച ഉത്തരവ് വരും വരെ ബിനോയിയെ അറസ്റ്റ് ചെയ്യേണ്ടെന്നാണ് പൊലീസിന്‍റെ തീരുമാനം. നേരത്തെ ലുക്കൗട്ട് നോട്ടീസിറക്കാൻ പൊലീസ് നടപടി തുടങ്ങിയിരുന്നെങ്കിലും ബിനോയ് മുൻകൂർ ജാമ്യഹർജി നൽകിയതോടെ ഈ തീരുമാനം മരവിപ്പിച്ചു. 

യുവതി നൽകിയ ഡിജിറ്റൽ തെളിവുകളുടെ ശാസ്ത്രീയ പരിശോധനയും പൂർത്തിയാക്കേണ്ടതുണ്ട്. ഇതിനിടയിൽ പരാതിക്കാരിയുടെ കുടുംബം നിരന്തരം പൊലീസിൽ സമ്മർദ്ദം ചെലുത്തുകയും പുതിയ തെളിവുകൾ മാധ്യമങ്ങൾക്ക് മുന്നിലെത്തിക്കുകയും ചെയ്യുകയാണ്. ഒളിവിലുള്ള ബനോയിയെ കുറിച്ച് ഒരു സൂചനയും പൊലീസിന് ലഭിച്ചില്ലെന്നാണ് വിവരം.