Asianet News MalayalamAsianet News Malayalam

Ansi Kabeer | മോഡലുകളുടെ മരണം; കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലില്‍ നിന്ന് ഹാർഡ് ഡിസ്ക് കസ്റ്റഡിയിലെടുത്തു

ഹാർഡ് ഡിസ്കിന്‍റെ പാസ്‍വേർഡ് അറിയില്ലെന്നാണ് ഹോട്ടൽ അധികൃതർ അന്വേഷണ സംഘത്തെ അറിയിച്ചത്. ദൃശ്യങ്ങൾ അടുത്ത ദിവസം വിശദമായി പരിശോധിക്കും.

police inspection in kochi no 18 hotel connection with models death
Author
Kochi, First Published Nov 9, 2021, 3:05 PM IST

കൊച്ചി: മുൻ മിസ് കേരളയുടെയും (Ansi Kabeer) റണ്ണര്‍ അപ്പിന്‍റെയും (anjana Shajan) മരണവുമായി ബന്ധപ്പെട്ട് ഫോർട്ടുകൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലില്‍ (no.18 hotel) അന്വേഷണ സംഘം പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്ക് പൊലീസ് കസ്റ്റഡിയിലെടുത്തു. ദൃശ്യങ്ങൾ അടുത്ത ദിവസം വിശദമായി പരിശോധിക്കും.

ഫോർട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലില്‍ നടന്ന ഡിജെ പാർട്ടി കഴിഞ്ഞ് മടങ്ങുമ്പോഴാണ് മുൻ മിസ് കേരള അടക്കം മൂന്ന് പേർ വൈറ്റിലയില്‍ വാഹനാപകടത്തിൽ മരിച്ചത്. ഇവരുടെ ദൃശ്യങ്ങളടക്കം തേടിയാണ് കൊച്ചി സിറ്റി പൊലീസ് എത്തിയത്. എന്നാൽ ദൃശ്യങ്ങളടങ്ങിയ ഹാ‍ർഡ് ഡിസ്കിന്‍റെ പാസ്‍വേർഡ് അറിയില്ലെന്ന മറുപടിയാണ് ഹോട്ടൽ ജീവനക്കാർ നൽകിയത്. ഐ ടി വിദഗ്ധരുടെ സഹായത്തോടെ നാളെ ദൃശ്യങ്ങൾ പരിശോധിക്കും.

കൊവി‍ഡ് കാലത്ത് ‍ഡിജെ പോലുളള കൂടിച്ചേരലുകൾക്ക് നിയന്ത്രണങ്ങൾ ഉളളപ്പോഴാണ് ഫോർട്ട് കൊച്ചി പൊലീസ് സ്റ്റേഷന് തൊട്ടടത്ത് രാവേറെ നീളുന്ന പാർട്ടികള്‍ അരങ്ങേറിയത്. നിശ്ചിതസമയം കഴിഞ്ഞും മദ്യവിൽപ്പന നടത്തിയതിനാണ് ഹോട്ടലിന്‍റെ ബാർ ലൈസൻസ് തൊട്ടടുത്ത ദിവസം സസ്പെൻഡ് ചെയ്തത്. ലഹരിമരുന്ന് വിതരണം എന്ന സംശയത്തിന്റെ പേരിൽ എക്സൈസും പരിശോധന നടത്തിയിരുന്നു. കഴിഞ്ഞ മാർച്ചിൽ കേന്ദ്ര എജൻസികളും ഇവിടെ പരിശോധനയ്ക്കെത്തിയതാണ്. എന്നാൽ ഈ ഡിജെ പാർട്ടിയെക്കുറിച്ച് പ്രതികരിക്കാൻ ഹോട്ടലുടമ തയാറായില്ല.

കൊച്ചി നഗരത്തിലെ ആളൊഴിഞ്ഞ ദ്വീപുകളിലേയും വൻകിട ഹോട്ടലുകളിലെയും ഡിജെ പാർട്ടികളുടെ മറവിൽ നടക്കുന്ന ലഹരി മരുന്ന് വ്യാപാരത്തെക്കുറിച്ച് നേരത്തെ സിറ്റി പൊലീസടക്കം പരിശോധിച്ചിരുന്നതാണ്. എന്നാൽ കൊവിഡിനെത്തുടർന്ന് കഴിഞ്ഞ കുറേ മാസങ്ങളായി ഇത് നിലച്ചു. അടുത്തയിടെയാണ് നഗരത്തിലെ വൻകിട ഹോട്ടലുകളിൽ ഡിജെ പാർട്ടികള്‍ തുടങ്ങിയത്. എന്നാൽ റെയ്‍ഡ് നടത്തി ടൂറിസം വ്യവസായത്തെ തകർക്കേണ്ടെന്ന പേരിൽ പൊലീസും കണ്ണടച്ചിരിക്കുകയാണ്.  

Follow Us:
Download App:
  • android
  • ios