കണ്ണൂ‍ർ: പാനൂരിൽ അധ്യാപകൻ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ പൊലീസ് അന്വേഷണം ശരിയായ ദിശയിലാണെന്ന് സിപിഎം നേതാവ് പി.ജയരാജൻ്റെ ഫേസ്ബുക്ക് പോസ്റ്റ്. കൊറോണയുമായി ബന്ധപ്പെട്ട ലോക്ഡൗൺ സാഹചര്യം പ്രതി ദുരുപയോഗിക്കുകയാണ്. ആർഎസ് എസിൻ്റെ സംരക്ഷണയിലാണ് പ്രതിയെന്നും ജയരാജൻ ആരോപിച്ചു. 

കണ്ണൂർ പാനൂരിൽ നാലാം ക്ലാസുകാരിയെ  അധ്യാപകൻ പീഡിപ്പിച്ച  കേസിൽ അറസ്റ്റ് വൈകുന്നതിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്. വിഷയത്തിൽ സ്ഥലം എംഎൽഎ കൂടിയായ ആരോഗ്യമന്ത്രി കെകെ ശൈലജ പൊലീസിനെതിരെ രൂക്ഷവിമർശനമുയർത്തി രംഗത്തു വന്നിരുന്നു. ഇതിനു പിന്നാലെ വിഷയത്തിൽ പൊലീസിനേയും സർക്കാരിനേയും കടന്നാക്രമിച്ച് കോൺ​ഗ്രസും മുസ്ലീംലീ​ഗും രം​ഗത്തെത്തി. 

അതിനിടെ ഒളിവിൽ പോയ പ്രതിക്കായി ബന്ധുവീടുകളിൽ പൊലീസ് റെയ്ഡ് നടത്തി. ശുചിമുറിയിൽ വച്ച് അധ്യാപകൻ കുട്ടിയെ പീഡിപ്പിക്കുന്നത് അറിയാമായിരുന്നു എന്ന സഹപാഠിയുടെ ഏഷ്യാനെറ്റ് ന്യൂസിനോടുള്ള വെളിപ്പെടുത്തൽ പൊലീസ് തെളിവായി സ്വീകരിച്ചിട്ടുണ്ട്. 

പി.ജയരാജൻ്റെ ഫേസ്ബുക്ക് പോസ്റ്റ്...
പാനൂർ പാലത്തായിയിൽ സ്‌കൂൾ വിദ്യാർത്ഥിനിയെ ബിജെപി നേതാവായ അധ്യാപകൻ പീഡിപ്പിച്ച കേസിൽ പോലീസ് അന്വേഷണം ശെരിയായ ദിശയിൽ തന്നെയാണെന്നാണ് മനസ്സിലാക്കുന്നത്. ഈ വിഷയം ശ്രദ്ധയിൽപെട്ടത് മുതൽ ഇരയ്ക്ക് നീതി ലഭിക്കാൻ കൃത്യമായി ഇടപെട്ടുകൊണ്ടിരിക്കുന്ന പാർട്ടിയാണ് സിപിഐഎം.പ്രദേശത്തെ സിപിഐഎം ലോക്കൽ സെക്രട്ടറി എം പി ബൈജുവിനൊപ്പം ഞാനും പെൺകുട്ടിയുടെ വീട് സന്ദർശിച്ചിരുന്നു.

ഇന്ന് വിമർശനം ഉന്നയിക്കുന്ന മുസ്ലിം ലീഗും കോൺഗ്രസ്സും തുടക്കത്തിൽ ഈ വിഷയത്തിൽ മൗനത്തിലായിരുന്നു.പിന്നീട് ഉന്നയിച്ച ആക്ഷേപം പോലീസ് പ്രതിക്കെതിരെ കേസ് ചാർജ്ജ് ചെയ്യുന്നില്ല എന്നതായിരുന്നു. എന്നാൽ പോലീസ് കൃത്യമായി അന്വേഷിച്ചു കേസ് ചാർജ്ജ് ചെയ്തു.പ്രതിയെ അറസ്റ് ചെയ്യാനുള്ള നടപടികളുമായി മുന്നോട്ട് പോകുന്നതിനിടയിലാണ് കൊറോണ വൈറസ് ബാധയെ തുടർന്ന് ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നത്.

ആർഎസ്എസ് നേതൃത്വത്തിന്റെ സംരക്ഷണയിലാണ് പ്രതി ഒളിവിൽ കഴിയുന്നത് എന്നാണ് മനസിലാക്കുന്നത്. ലോക്ക്ഡൗണിന്റെ ആനുകൂല്യമടക്കം പ്രതിക്ക് ലഭിച്ചു.എന്നിരുന്നാലും പ്രതിയെ ഉടൻ പിടികൂടും എന്ന ഘട്ടത്തിലാണ് ഇപ്പോൾ ഈ വിഷയം സജീവ ചർച്ചയായിരിക്കുന്നത്.

ഇത്തരമൊരു കേസിൽ പ്രതിയെ എത്രയും പെട്ടന്ന് പിടികൂടണമെന്നാണ് ഞാനടക്കമുള്ള മുഴുവനാളുകളുടെയും ആഗ്രഹം.അതുകൊണ്ട് തന്നെ അറസ്റ് വൈകുമ്പോൾ ജനങ്ങൾക്കിടയിൽ ആശങ്കയുണ്ടാകുന്നത് സ്വാഭാവികം. പക്ഷെ അതിനിടയിലൂടെയുള്ള യുഡിഎഫിന്റെ രാഷ്ട്രീയ അജണ്ട കാണാതിരുന്നുകൂടാ."സംഘി പോലീസ്" എന്നാണ് അവർ വ്യാപകമായി പ്രചരിപ്പിക്കുന്നത്.

അത് അത്ര നിഷ്കളങ്കമായി കാണാനാകുന്ന ഒന്നല്ല.പ്രതിയെ അറസ്റ് ചെയ്തുകഴിഞ്ഞാൽ ഈ പറഞ്ഞത് മാറ്റി പറയാൻ അവർ തയ്യാറാകുമോ ? സിപിഐഎം- ബിജെപി കൂട്ടുകെട്ട് എന്നും വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.അവരുടെ ആവശ്യം എത്രയും പെട്ടന്ന് പ്രതിയെ അറസ്റ് എന്നുള്ളതല്ല.

എങ്ങിനെയെങ്കിലും സമൂഹത്തിൽ ആശയക്കുഴപ്പം സൃഷ്ടിച്ച് നേട്ടമുണ്ടാക്കുക എന്നുള്ളത് മാത്രമാണ്.പ്രതിയെ സംരക്ഷിക്കുന്ന സംഘപരിവാറിനെ കുറിച്ചല്ല.അയാളെ പ്രതിചേർക്കുകയും അറസ്റ് ചെയ്യാൻ ശ്രമിക്കുകയും ചെയ്യുന്ന കേരള പോലീസിനെയാണ് ഒരു യൂത്ത് ലീഗ് നേതാവ് സംഘി പോലീസ് എന്ന് ആക്ഷേപിക്കുന്നത്. എന്തായാലും പ്രതിയായ ബിജെപി നേതാവിനെ പോലീസ് അറസ്റ് ചെയ്താൽ അഭിനന്ദിക്കാൻ യൂത്ത് ലീഗ് നേതാവ് അഡ്വാൻസായി ഒരു പോസ്റ്റ് തയ്യാറാക്കുന്നത് നല്ലതാണ്. പ്രസ്തുത പോസ്റ്റിൽ പരിവാർ പോലീസ് എന്ന ആക്ഷേപം തെറ്റായിപ്പോയെന്ന് എഴുതാൻ മറക്കരുത്.