മലപ്പുറം: താനൂരിൽ യുവാവിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. മദ്യപിച്ച ശേഷം സുഹൃത്തുകളുമായുണ്ടായ തർക്കത്തെ തുടർന്ന് വൈശാഖ് കൊലപ്പെടുകയായിരുന്നുവെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ. സംഭവത്തിൽ വൈശാഖിൻ്റെ സുഹൃത്തുകളായ പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു. 

വ്യാഴാഴ്ച്ചയാണ് താനൂര്‍ നഗരത്തിലെ സ്വകാര്യ തീയേറ്ററിന് സമീപത്തെ  കുളത്തിൽ ഇരുപത്തിയെട്ടുകാരനായ  വൈശാഖിന്‍റെ മൃതദേഹം കണ്ടെത്തിയത്. കോഴിക്കോട് ബേപ്പൂര്‍ സ്വദേശിയായ വൈശാഖ്  താനൂരിൽ മരപ്പണിക്കായി എത്തിയതായിരുന്നു.കൊവിഡ് പരിശോധനക്കുശേഷം നടത്തിയ  പോസ്റ്റുമോര്‍ട്ടത്തിലാണ്  കൊലപാതമാണെന്ന് വ്യക്തമായത്.

പരിശോധനയില്‍ വൈശാഖിന്‍റെ  തലക്ക് മാരകമായി പരിക്കേറ്റതായും ദേഹത്ത് മര്‍ദ്ദനത്തിന്‍റെ പരിക്കുകളുള്ളതായും കണ്ടെത്തി.തുടര്‍ന്ന് പൊലീസ് അന്വേഷണത്തില്‍ ബുധനാഴ്ച്ച രാത്രി വൈശാഖും സുഹൃത്തുക്കളും ചേർന്ന് മദ്യപിച്ചെന്നും  തുടർന്ന് തർക്കമുണ്ടായെന്നും ബോധ്യപ്പെട്ടിട്ടുണ്ട്..ഇതാവാം കൊലപാതകത്തിലേക്കെത്തിച്ചതെന്ന സംശയത്തിലാണ് പൊലീസ്. പ്രതികളെ സംബന്ധിച്ച്  സൂചനകള്‍ കിട്ടിയ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.