250 ഗ്രാമിന് മുകളിലുള്ള ഡ്രോണുകള്‍ക്കും ഓപ്പറേറ്റർമാർക്കും ഡിജിസിഎയുടെ രജിസ്റ്റേഷൻ വേണമെന്നാണ് ചട്ടം. പക്ഷെ ഡിജിസിഎയുടെ സൈറ്റിൽ ഡ്രോണുകള്‍ രജിസ്റ്റർ ചെയ്യാനാവുന്നില്ലെന്നാണ് ഉടമകള്‍ പൊലീസിനോട് പറഞ്ഞ വിശദീകരണം 

തിരുവനന്തപുരം: തലസ്ഥാനത്തെ മിക്ക ഡ്രോണുകള്‍ക്കും ഡയറക്ടർ ഓഫ് സിവിൽ ഏവിയേഷന്‍റെ അനുമതിയില്ലെന്ന് പൊലീസ്.
രജിസ്ട്രേഷൻ ഇല്ലാത്ത 24 ഡ്രോണുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. തീരദേശത്ത് ഡ്രോണ്‍ പറത്തിയ സംഭവത്തിൽ മുംബൈ ആസ്ഥാനമായ സർ‍വ്വേ കമ്പനി ഉദ്യോഗസ്ഥരെ പൊലീസ് ചോദ്യം ചെയ്യുകയാണ്.

തന്ത്രപ്രധാനമായ സ്ഥലങ്ങളിൽ രാത്രികാലത്ത് ഡ്രോണ്‍ പറത്തുന്നത് ആശങ്ക ഉയർത്തിയതോടെയാണ് പൊലീസ് നടപടി ആരംഭിച്ചത്. ഓപ്പറേഷൻ ഉഡാൻ തുടങ്ങിയതിന്‍റെ അടിസ്ഥാനത്തിൽ ഡ്രോണ്‍ കൈവശമുള്ളവരോട് ഹാജരാക്കാൻ പൊലീസ് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഡ്രോണുമായി ഉടമകള്‍ വിവിധ പൊലീസ് സ്റ്റേഷനുകളിലെത്തി. ഇങ്ങനെ ഹാജരാക്കിയ 24 ഡ്രോണുകള്‍ക്ക് രജിസ്ട്രേഷനില്ലെന്നും 9 ഡ്രോണുകള്‍ക്ക് മാത്രമേ അനുമതിയുള്ളൂവെന്നും സിറ്റി പൊലീസ് കമ്മീഷണർ സഞ്ചയ് കുമാർഗുരുഡിൻ പറഞ്ഞു. 

250 ഗ്രാമിന് മുകളിലുള്ള ഡ്രോണുകള്‍ക്കും ഓപ്പറേറ്റർമാർക്കും ഡിജിസിഎയുടെ രജിസ്റ്റേഷൻ വേണമെന്നാണ് ചട്ടം. പക്ഷെ ഡിജിസിഎയുടെ സൈറ്റിൽ ഡ്രോണുകള്‍ രജിസ്റ്റർ ചെയ്യാനാവുന്നില്ലെന്നാണ് ഉടമകള്‍ പൊലീസിനോട് പറഞ്ഞ വിശദീകരണം . ഇക്കാര്യം പരിശോധിച്ചുവരുകയാണെന്ന് പൊലീസ് പറയുന്നു. പക്ഷെ നിയന്ത്രമേഖലകളിലും ജനവാസമുള്ള സ്ഥലങ്ങളിലും ഡോണ്‍ പറത്തുന്നിന് മുമ്പ് പൊലീസ് അനുമതി നിർബന്ധമാക്കിയിട്ടുണ്ട്. 

തീരദേശ മേഖലയിലും പൊലീസ് ആസ്ഥാനത്തും ഡ്രോണ്‍ പറത്തിയ സംഭവത്തിൽ പൊലീസ് രണ്ട് കേസെടുത്തിട്ടുണ്ട്. തീരദേശത്ത് ഡ്രോണ്‍ പറത്തിയതായി സംശയിക്കുന്ന മുംബൈ കമ്പനി ജീവനക്കാരെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. പൊലീസിന്‍റെ അനുമതിയില്ലാതെ ഡ്രോണ്‍ പറത്തിയതിനാണ് കമ്പനിക്കെതിരെ കേസെടുത്തത്. 

കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് തീരദേശത്ത് ഡ്രോണ്‍ കണ്ടത്. അന്നേ ദിവസം വൈകുന്നേരം നേമത്തു വച്ച് പറത്തിയ ഡ്രോണ്‍ നിയന്ത്രണം വിട്ട് കാണാതായെന്നാണ് കമ്പനി അധികൃതർ പൊലീസ് പറഞ്ഞത്. ഇതേ കമ്പനിയുടെ ജീവനക്കാർ‍ കാസർഗോഡും അനുമതിയില്ലാതെ ഡ്രോണ്‍ പറത്തിയതിന് കസ്റ്റഡിലായിട്ടുണ്ട്. പക്ഷെ അന്ന് കേസെടുക്കാതെ വിട്ടയച്ചുവെന്നണ് അറിയുന്നത്. ജീവനക്കാർ പറയുന്ന മൊഴി കൂടുതൽ പരിശോധിക്കാനുണ്ടെന്ന് പൊലീസ് പറഞ്ഞു. പൊലീസ് ആസ്ഥാനത്ത് ഡ്രോണ്‍ പറന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ വിദഗ്ദരുടെ പരിശോധിക്കുകയാണ്. ചില പരസ്യനിർമ്മാണ കമ്പനികളെ കേന്ദ്രീകരിച്ചാണ് അന്വേഷണമെന്ന് പൊലീസ് അറിയിച്ചു.