വെടിവെപ്പ് നടക്കുന്നത് വയനാട് വൈത്തിരിയില്‍ ദേശീയപാതയ്ക്ക് സമീപമുള്ള റിസോര്ട്ടില്‍
വൈത്തിരി: വയനാട് വൈത്തിരിയില്‍ പൊലീസും മാവോയിസ്റ്റുകളും തമ്മില്‍ വെടിവെപ്പ്. വൈത്തിരിയില്‍ ദേശീയപാതയക്ക് സമീപം സ്ഥിതി ചെയ്യുന്ന ഉപവന്‍ എന്ന സ്വകാര്യ റിസോര്‍ട്ടിനകത്താണ് വെടിവെപ്പ് നടക്കുന്നത്. ഏറ്റുമുട്ടലിൽ രണ്ട് മാവോയിസ്റ്റുകക്ക് വെടിയേറ്റെന്നും ഗുരുതരമായി പരിക്കേറ്റ ഇതിലൊരാൾ കൊലപ്പെട്ടെന്നും അഭ്യൂഹമുണ്ട്. ഇക്കാര്യം സ്ഥിരീകരിക്കാൻ പൊലീസ് തയ്യാറായിട്ടില്ല.
ബുധനാഴ്ച്ച രാത്രി ഒൻപത് മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. റിസോര്‍ട്ടിലെത്തിയ മാവോയിസ്റ്റുകള്‍ ഉടമയോട് പണം ആവശ്യപ്പെടുകയും ഇത് വാക്ക് തർക്കത്തിലെത്തുകയും ചെയ്തു. ഈ സമയം അവിടെ ഉണ്ടായിരുന്ന ചില പൊലീസ് ഉദ്യോഗസ്ഥര്‍ മാവോയിസ്റ്റുകളെ തിരിച്ചറിഞ്ഞ് കേരള പൊലീസിന്റെ സായുധസേനാ വിഭാഗമായ തണ്ടർ ബോൾട്ടിനെ വിവരം അറിയിച്ചു.
പിന്നാലെ തണ്ടർ ബോൾട്ട് സംഘം ഇവിടെയെത്തുകയും റിസോർട്ടിന് മുന്നിൽ മാവോയിസ്റ്റുകളും തണ്ടർ ബോൾട്ട് സംഘവും തമ്മിൽ വെടിവെപ്പ് ആരംഭിക്കുകയുമായിരുന്നു. രാത്രി ഒന്‍പത് മണിയോടെ ആരംഭിച്ച വെടിവെപ്പ് ഇപ്പോഴും തുടരുന്നുവെന്നാണ് വിവരം. പ്രദേശത്തേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ച പൊലീസ് വയനാട്-കോഴിക്കോട് ദേശീയപാതയിലെ ഗതാഗതം തടഞ്ഞിട്ടുണ്ട്.
റിസോര്‍ട്ട് പരിസരത്ത് നിന്ന് ഇപ്പോഴും വെടിയൊച്ചകള്‍ കേള്‍ക്കുന്നതായി പ്രദേശവാസികളായ ചിലര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മേഖലയിലേക്ക് കൂടുതല്‍ പൊലീസ് എത്തിയിട്ടുണ്ട്. വെടിയേറ്റ മാവോയിസ്റ്റുകൾ റിസോർട്ടിന് പിറകിലെ കാട്ടിലേക്ക് ഓടിയതായും കാട്ടിൽ നിന്നും റിസോർട്ടിന് നേരെ മാവോയിസ്റ്റുകൾ വെടിയുതിർക്കുന്നുവെന്നുമാണ് പുറ്തതു വരുന്ന വിവരം. റിസോര്‍ട്ടിലെ ജീവനക്കാരുടേയും താമസക്കാരുടേയും സ്ഥിതി എന്തെന്ന് വ്യക്തമല്ല.

