Asianet News MalayalamAsianet News Malayalam

മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ പ്രഖ്യാപിക്കാതെ സർക്കാർ; സേനയിൽ അമർഷം പുകയുന്നു

മെഡിനർഹതപ്പെട്ടവരുടെ പട്ടിക മുഖ്യമന്ത്രിയുടെ പരിഗണനയിലാണന്നും വൈകാതെ ഉത്തരവിറങ്ങുമെന്നുമാത്രമാണ് ഇതേ കുറിച്ച് ദിവസങ്ങളായി ആഭ്യന്തരവകുപ്പ് നൽകുന്ന വിശദീകരണം. സർക്കാരിന് അനഭിമതരായ ഉദ്യോഗസ്ഥരാരെങ്കിലും പട്ടികയിൽ ഇടംപിടിച്ചതാണോ പ്രഖ്യാപം വൈകാൻ കാരണമെന്നതും സംശയമാണ്.

police medals  of state government yet to be announced discontent brewing in force
Author
Trivandrum, First Published Oct 20, 2020, 11:01 AM IST

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ പ്രഖ്യാപിക്കാതെ സർക്കാർ. ഈ മാസം രണ്ടിന് പ്രഖ്യാപിക്കേണ്ട മെഡലുകള്‍ ഇതേ വരെ പ്രഖ്യാപിക്കാത്തതിൽ സേനയിൽ അമർഷമുയരുന്നു. സേനയും പൊലീസ് സംഘടനകളും ആവർത്തിച്ചാവശ്യപ്പെട്ടും മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും പ്രഖ്യാപനം വൈകുകയാണ്.

കൊവിഡ് പ്രതിരോധമുൾപ്പടെ രാപ്പകൽ  ജോലി ചെയ്യുന്ന പൊലീസിന് സർക്കാരിന്റെ അവഗണന. കൊവിഡ് വാരിയർ മെഡൽ പ്രഖ്യാപിച്ച ശേഷം സ്വന്തം ചെലവിൽ മെഡൽ വാങ്ങണമെന്ന നിർദ്ദേശിച്ചതിന് പിന്നാലെ മുഖ്യമന്ത്രിയുടെ പൊലീസ് മേഡൽ പ്രഖ്യാപനവും വൈകുന്നു. സിവിൽ പൊലീസ് ഓഫീസർമാർ മുതൽ എസ്പിമാർവരെയുള്ള ഉദ്യോഗസ്ഥർക്കാണ് മെഡൽ നൽകുന്നത്. ജോലിയിലെ മികച്ച പ്രകടനം കാഴ്ച്ചവച്ചവർക്കാണ് മുഖ്യമന്ത്രിയുടെ മെഡൽ. 2019ലെ മെഡലിന് അർഹരായ 283 പേരുടെ പട്ടിക ചീഫ് സെക്രട്ടറി തല കമ്മിറ്റി സെപ്തംബർ 28ന്  അംഗീകരിച്ച് മുഖ്യമന്ത്രിക്ക് നൽകി. 

എല്ലാവർഷവും ഒക്ടോബർ രണ്ടിന് മെഡലുകള്‍ പ്രഖ്യാപിച്ച് കേരള പിറവി ദിനത്തിൽ വിതരണം ചെയ്യുമെന്നായിരുന്നു സർക്കാർ ഉത്തരവ്. പക്ഷെ പ്രഖ്യാപനം ഉണ്ടായില്ല. സേനയിൽ പ്രതിഷേധം ഉയർന്നപ്പോള്‍ പൊലീസ് സംഘടകള്‍ ഇടപെട്ടു. എന്നിട്ടും ഫലമുണ്ടായില്ല. ഇതിനിടെ ജയിലിനും, എക്സൈസ് അഗ്നിശമനക്കുമുള്ള മെഡലുകള്‍ പ്രഖ്യാപിച്ചു. ഇതോടെ  സേനയിൽ പ്രതിഷേധം ശക്തമായി. 

കൊവിഡ് പ്രതിരോധത്തിന് മുൻനിരയിൽ നിൽക്കുന്നവർക്ക് കോവിഡ് വാരിയർ മെഡൽ നൽകുമെന്ന ഡിജിപിയുടെ പ്രഖ്യാപനവും സേനയെ നിരാശപ്പെടുത്തിയിരുന്നു. കോവിഡ് ജോലി ചെയ്തവർ 100 രൂപ നൽകി മെഡൽവാങ്ങി യൂണിഫോമിൽ അണിയാനുള്ള നിർദ്ദേശമാണ് സേനയിൽ അതൃപ്തിക്ക് കാരണായത്. ഇതിലെ അതൃപ്തി സേനക്കുള്ളിൽ നിൽക്കുമ്പോഴാണ് മുഖ്യമന്ത്രിയുടെ മെഡലും വൈകുന്നത്. എന്നാൽ മെഡിനർഹതപ്പെട്ടവരുടെ പട്ടിക മുഖ്യമന്ത്രിയുടെ പരിഗണനയിലാണന്നും വൈകാതെ ഉത്തരവിറങ്ങുമെന്നുമാത്രമാണ് ഇതേ കുറിച്ച് ദിവസങ്ങളായി ആഭ്യന്തരവകുപ്പ് നൽകുന്ന വിശദീകരണം. സർക്കാരിന് അനഭിമതരായ ഉദ്യോഗസ്ഥരാരെങ്കിലും പട്ടികയിൽ ഇടംപിടിച്ചതാണോ പ്രഖ്യാപം വൈകാൻ കാരണമെന്നതും സംശയമാണ്.

Follow Us:
Download App:
  • android
  • ios