Asianet News MalayalamAsianet News Malayalam

ഹെൽമറ്റില്ലാത്തതിന് യാത്രക്കാരനെ മ‍ർദ്ദിച്ച സംഭവം: കേസ് ഒതുക്കി തീർക്കാനുള്ള നീക്കവുമായി പൊലീസ്

2020 ഒക്ടോബർ ഏഴിന് ലോക്ക്ഡൗൺ കാലത്താണ് ചടയമം​ഗലം സ്വദേശികളായ രാമാനന്ദൻ നായരും അജിയും പൊലീസ് മ‍ർദ്ദനത്തിന് ഇരയാവുന്നത്. 

Police move to settle Chadayamangalam assault case
Author
Chadayamangalam, First Published Jan 12, 2022, 10:19 AM IST
  • Facebook
  • Twitter
  • Whatsapp

കൊല്ലം: ചടയമംഗലത്ത് ഹെൽമറ്റില്ലാത്തതിൻ്റെ പേരിൽ വൃദ്ധനെ എസ്ഐ റോഡിലിട്ട് മർദ്ദിച്ച കേസ് പണം കൊടുത്ത് ഒതുക്കാൻ പൊലീസ് നീക്കം. തന്നെ സ്വാധീനിച്ച് മൊഴിമാറ്റാൻ എസ്ഐയും സംഘവും ശ്രമിച്ചെന്ന് മര്‍ദ്ദനമേറ്റ രാമാനന്ദൻ നായര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പരാതിക്കാരനറിയാതെ കേസ് പിൻവലിക്കാനും പൊലീസ് ശ്രമിക്കുന്നുണ്ട്. 

2020 ഒക്ടോബർ ഏഴിന് ലോക്ക്ഡൗൺ കാലത്താണ് ചടയമം​ഗലം സ്വദേശികളായ രാമാനന്ദൻ നായരും അജിയും പൊലീസ് മ‍ർദ്ദനത്തിന് ഇരയാവുന്നത്. ഹെൽമറ്റില്ലാത്ത വണ്ടിയോടിച്ചു എന്ന് പറഞ്ഞാണ് വൃദ്ധനായ രാമാനന്ദൻ നായരെ 26-കാരനായ എസ്.ഐ തല്ലിയത്. ഇതു തടയാൻ എത്തിയപ്പോൾ അജിക്കും മർദ്ദനമേറ്റു. ഭീതിയോടെയാണ് ആ ദിവസം രാമാനന്ദൻ നായരും അജിയും ഇപ്പോഴും ഓർമ്മിക്കുന്നത് .

തിരുവനന്തപുരത്തെ ഒരു അഭിഭാഷകനാണ് ഈ കേസിൽ പൊലീസിനെതിരെ പരാതി കൊടുത്തത്. ഒന്നാം സാക്ഷി മർദ്ദനമേറ്റ രാമാനന്ദൻ നായർ. രണ്ടാം സാക്ഷി കൂടെയുണ്ടായിരുന്ന അജി. ഒരു വർഷവും മൂന്ന് മാസവും കഴിയുന്നു. കുറ്റപത്രം ഇതുവരെയും സമർപ്പിച്ചില്ല. രാമാനന്ദൻ നായരെ മർദ്ദിച്ച എസ്ഐ സജീമിനെ സംരക്ഷിക്കാൻ പഠിച്ച പണി പതിനെട്ടും നോക്കുകയാണ് പൊലീസ്.  പൊലീസിന് വഴങ്ങാത്തതോടെ രാമാനന്ദനെയും അജിയേയും കള്ളക്കേസിൽ കുടുക്കാനായി ശ്രമം. ഔദ്യോ​ഗിക കൃത്യനിർവഹണത്തിനിടെ പൊലീസുകാരെ ആക്രമിക്കാൻ ശ്രമിച്ചു എന്ന രീതിയിൽ കേസെടുക്കാൻ ശ്രമിച്ചെങ്കിലും അതും നിലം തൊട്ടില്ല. 

ഇതിനിടയിലാണ് കടയ്ക്കൽ കോടതിയിൽ കേസ് പിൻവലിക്കാനുള്ള അപേക്ഷ പൊലീസ് നൽകിയത്.മർദ്ദനമേറ്റ രാമാനന്ദന് പരാതിയില്ലെന്നും അഭിഭാഷകൻ നൽകിയ പരാതി നിലനിൽക്കില്ലെന്നും കാട്ടിയാണ് പൊലീസിൻറെ അപേക്ഷ. ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് അഭിഭാഷകനായ അയിക്കര എം അനിൽകുമാർ പറഞ്ഞു. 

ചടയമംഗലത്തിനടുത്ത് മഞ്ഞപ്പാറ ജങ്ഷനില്‍ പൊലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് രാമാനന്ദന്‍ നായരും സുഹൃത്ത് കൊച്ചുമോനും ബൈക്കില്‍ വന്നുപെട്ടത്. രണ്ട് പേർക്കും ഹെല്‍മറ്റ് ഉണ്ടായിരുന്നില്ല. വാഹനരേഖകളും ഇല്ലായിരുന്നു . ഇതോടെ 500 രൂപ വീതം പിഴയൊടുക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. എന്നാല്‍ കൂലിപ്പണിക്കാരാണെന്നും കൈയില്‍ പണമില്ലെന്നും ഇരുവരും പറഞ്ഞതോടെയാണ് രണ്ടാളെയും ജീപ്പില്‍ കയറ്റി സ്റ്റേഷനില്‍ കൊണ്ടുപോകാന്‍ പൊലീസ് ശ്രമിച്ചത്. കൊച്ചുമോന്‍ വാഹനത്തില്‍ കയറിയെങ്കിലും രോഗിയാണെന്നും കൊണ്ടുപോകരുതെന്നും പറഞ്ഞ് രാമാനന്ദന്‍ ബഹളം വച്ചു. ഇതോടെയായിരുന്നു ബലപ്രയോഗവും തുടര്‍ന്നുളള മുഖത്തടിയും.

അടികിട്ടിയതിനു ശേഷവും താന്‍ രോഗിയാണെന്ന്  രാമാനന്ദന്‍ നായര്‍ വിളിച്ചു പറയുന്നത് സംഭവത്തിൻ്റെ വീഡിയോ ​ദൃശ്യങ്ങളിൽ കേൾക്കാം.  ഇതോടെ പൊലീസ് ഇദ്ദേഹത്തെ വഴിയില്‍ ഇറക്കിവിട്ട് കൊച്ചുമോനെ മാത്രം സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ നാട്ടുകാരില്‍ ചിലര്‍ പകര്‍ത്തിയെന്നറിഞ്ഞതോടെ രാമാനന്ദന്‍ നായര്‍ മദ്യപിച്ചിരുന്നെന്നും എസ്.ഐയെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നുമായി പൊലീസ് വാദം.എന്നാല്‍ മദ്യപിച്ചിരുന്നെങ്കില്‍  എന്തുകൊണ്ട് വൈദ്യപരിശോധന നടത്തിയില്ലെന്ന ചോദ്യം അവശേഷിക്കുന്നു. സംഭവം വിവാദമായതോടെ സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയെ അന്വേഷണത്തിനായി കൊല്ലം റൂറല്‍ എസ്.പി നിയമിച്ചു.

വൃദ്ധനെ മർദ്ദിച്ച പ്രൊബേഷൻ എസ് ഐയ്ക്കെതിരെ ആയിരുന്നു അന്വേഷണ റിപ്പോർട്ട്. എസ് ഐ ഷജീമിന് ഗുരുതര വീഴ്ചയുണ്ടായെന്ന് സംഭവത്തെ പറ്റി അന്വേഷിച്ച സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി റിപ്പോർട്ട് നൽകി. വൃദ്ധന്റെ മുഖത്തടിക്കേണ്ട സാഹചര്യം ഇല്ലായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിക്കണമെന്ന് മർദ്ദനമേറ്റ രാമാനന്ദൻ നായർ ആവശ്യപ്പെട്ടിട്ടും വഴിയിൽ ഉപേക്ഷിച്ച് പോയതും എസ് ഐ യുടെ വീഴ്ചയായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സംഭവം വിവാദമായതിനു പിന്നാലെ എസ്ഐയെ കുട്ടിക്കാനത്തേക്ക് കഠിന പരിശീലനത്തിനായി സ്ഥലം മാറ്റിയിരുന്നു. 

Follow Us:
Download App:
  • android
  • ios