Asianet News MalayalamAsianet News Malayalam

അപകടം കണ്ടാലും ഇടപെടാതെ പൊലീസ്; 3 മാസത്തിനിടെ നഷ്ടമായത് രണ്ട് ജീവനുകള്‍, അനാസ്ഥ തുടര്‍ക്കഥയാകുന്നു

2021 ഏപ്രിൽ 27 ന് കോഴിക്കോട് ചെറുവണ്ണൂർ സ്വദേശിയായ ജിഷ്ണുവിനെ കൽപ്പറ്റയിലെ പോക്സോ കേസുമായി ബന്ധപ്പെട്ട്  നല്ലളം പൊലീസ് അന്വേഷിച്ചെത്തി അരമണിക്കൂറിനകമാണ്  മരിച്ചനിലയിൽ കണ്ടെത്തിയത്.

police not intervening when they see the people in custody or the suspects who have been in a dangerous situation is repeated
Author
Kozhikode, First Published Jul 24, 2022, 9:40 AM IST

കോഴിക്കോട്: കസ്റ്റഡിയിലുളളവരെയോ, അന്വേഷിച്ചുപോയ പ്രതികളെയോ അപകടാവസ്ഥയിൽ കണ്ടാൽ പൊലീസ് ഇടപെടാത്ത സംഭവം ആവർത്തിക്കുന്നു. വടകരയിൽ  പൊലീസ്  സ്റ്റേഷനിൽ കുഴഞ്ഞുവീണ സജിത്തിനും ചെറുവണ്ണൂരിൽ പരിക്കേറ്റ് കിടന്ന ജിഷ്ണുവിനും കൃത്യസമയത്ത് പൊലീസ് ചികിത്സ നൽകിയിരുന്നെങ്കിൽ ജീവൻ നഷ്ടമാവില്ലായിരുന്നു. മൂന്നുമാസത്തിനിടെയാണ് കോഴിക്കോട്ടെ ഈ രണ്ട് സംഭവങ്ങളും നടന്നത്. 

2021 ഏപ്രിൽ 27 ന് കോഴിക്കോട് ചെറുവണ്ണൂർ സ്വദേശിയായ ജിഷ്ണുവിനെ കൽപ്പറ്റയിലെ പോക്സോ കേസുമായി ബന്ധപ്പെട്ട്  നല്ലളം പൊലീസ് അന്വേഷിച്ചെത്തി അരമണിക്കൂറിനകമാണ്  മരിച്ചനിലയിൽ കണ്ടെത്തിയത്. ഒളിച്ചിരുന്ന ജിഷ്ണു, വീടിന് സമീപത്തുളള മതിലിൽ നിന്ന് പൊലീസിനെ കണ്ട് ചാടിയെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. വീഴ്ചയിൽ വാരിയെല്ലിനും തലയോട്ടിക്കും ക്ഷതം സംഭവിച്ചത് ആന്തരിക രക്തസ്രാവത്തിന് കാരണമായെന്നുമാണ്  പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട്. എന്നാൽ ജിഷ്ണു വീണ് പരിക്കുപറ്റി കിടക്കുന്നത് കണ്ടിട്ടും പൊലീസുകാർ തിരിഞ്ഞ് നോക്കിയില്ലെന്നും പിന്നീട് ഒരു ഓട്ടോറിക്ഷ  പറഞ്ഞയക്കുകയുമായിരുന്നുവെന്നും വീട്ടുകാർ പറയുന്നു. കൃത്യസമയത്ത്  ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകിയിരുന്നെങ്കിൽ ജിഷ്ണുവിന്‍റെ ജീവൻ രക്ഷിക്കാമായിരുന്നെന്ന് മാതാപിതാക്കൾ പറഞ്ഞു. 

ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിച്ച്, ജിഷ്ണുവിന്‍റെ മരണത്തിൽ അസ്വാഭാവികത ഇല്ലെന്ന് കണ്ടെത്തിയതോടെ, കേസ് ഏതാണ്ട് അവസാനിച്ച മട്ടാണ്. ഏതാണ്ടിതിന് സമാനമായ സംഭവമാണ് കഴിഞ്ഞദിവസം വടകരയിലും ഉണ്ടായത്. നെഞ്ചുവേദനയെന്ന് ആവർത്തിച്ച് പറഞ്ഞിട്ടും സജീവന് പ്രാഥമിക ശുശ്രൂഷ നൽകാനോ, ആശുപത്രിയെത്തിക്കാനോ പൊലീസുകാർ തയ്യാറായില്ല. കൂടെ കസ്റ്റഡിയിലുണ്ടായിരുന്നവർ ഇതാവർത്തിച്ചിട്ടും പൊലീസുകാർ തയ്യാറായില്ലെന്ന് ഉത്തരമേഖല ഐജി നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുമുണ്ട്. തീർന്നില്ല, മദ്യപിച്ച് വാഹനമോടിച്ചെന്ന പേരിൽ കസ്റ്റഡിയിലെടുത്ത സജിത്തിനെയോ കൂട്ടുകാരെയോ വൈദ്യപരിശോധനക്ക് വിധേയരാക്കാനും പൊലീസ് തയ്യാറായിരുന്നില്ല. നടപടികളുടെ ഭാഗമായുളള വൈദ്യപരിശോധന നടന്നിരുന്നുവെങ്കിൽ സജിത്തിന്‍റെ ഹൃദയാഘാത സാധ്യതയെങ്കിലും മനസ്സിലാക്കാമായിരുന്നു. 

Read Also : കരിമ്പ സദാചാര ആക്രമണം:റിപ്പോര്‍ട്ട് തേടി സിഡബ്ല്യുസി,പൊലീസ് ആദ്യം ഒത്തുതീർപ്പിന് ശ്രമിച്ചെന്ന് മാതാപിതാക്കള്‍

Follow Us:
Download App:
  • android
  • ios