പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരൻ കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം എംഎസ്‌പി ക്യാംപിലെ പൊലീസുകാരനായ ബിജുവാണ് മരിച്ചത്. കോഴിക്കോട് സ്വദേശിയാണ്.

മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട  ഇന്ന് തുറക്കാനിരിക്കെയാണ് മരണം. സന്നിധാനത്തെ സുരക്ഷാ ചുമതലയ്ക്കായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥനാണ്. ഇന്ന് വൈകിട്ട് അഞ്ച് മണിക്കാണ് നടതുറക്കുക. 

വിവിധ സ്ഥലങ്ങളില്‍ നിന്നും എത്തി പമ്പ, നിലക്കല്‍ എന്നിവിടങ്ങളില്‍ തങ്ങുന്ന തീർത്ഥാടകരെ ഉച്ചക്ക് രണ്ട് മണിമുതല്‍ സന്നിധാനത്തേക്ക് കടത്തിവിടും. വൈകിട്ട് അഞ്ച് മണിക്ക് തന്ത്രി കണ്ഠര് മഹേഷ്മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി നട തുറക്കും. നെയ്യ് വിളക്ക് തെളിച്ച് ഭക്തജനസാന്നിധ്യം അറിയിക്കുന്നതോടെ മണ്ഡലകാലത്തിന് തുടക്കമാകും.